ബേസൽ (സ്വിറ്റ്സർലൻഡ്)
കാത്തിരുന്ന ലോക ചാമ്പ്യനാകാൻ പി വി സിന്ധുവിന് വേണ്ടിയിരുന്നത് 38 മിനിറ്റുമാത്രം. ഒരു നിമിഷംപോലും എതിരാളിയെ നിലംതൊടീച്ചില്ല. ബാറ്റിൽ തീപ്പൊരി ചിതറി. സർവിലും ഷോട്ടിലും സമ്പൂർണാധിപത്യം. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നിലവാരത്തിലേക്ക് ഒരിക്കലും ഉയരാതെ പോയ പോരാട്ടത്തിൽ സിന്ധുവിന്റെ വിജയം ആധികാരികമായിരുന്നു. എതിരാളിയായ ജപ്പാന്റെ നൊസോമി ഒകുഹാര നിസ്സഹായയായി തലകുനിച്ചു.
ഒകുഹാര ലോക നാലാംറാങ്കുകാരിയാണ്. സിന്ധു അഞ്ചും. ആദ്യ ഗെയിം തുടങ്ങിയത് നീണ്ട റാലിയോടെയാണ്. ഒകുഹാര 1–-0 ലീഡ് നേടി. പിന്നീട് കണ്ടത് സിന്ധുവിന്റെ അവിശ്വസനീയ പ്രകടനമാണ്. തുടർച്ചയായി എട്ട് പോയിന്റ് നേടിയാണ് കുതിപ്പ് നിന്നത്. 8–-1. വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനയായിരുന്നു അത്. ഒകുഹാര ഒരു പോയിന്റുകൂടി നേടി 8–-2. വേഗവും കരുത്തും ഉയരവും കൈമുതലാക്കി സിന്ധു കളംനിറഞ്ഞു. സ്കോർ 10–-2, 12–-2, 15–-2, 16–-2 ലീഡ് ഉയർന്നു.
ഒകുഹാര ഉണരാൻ ശ്രമിച്ചു. 16–-3, 17–-4, 18–-5, 19–-7. കളിയുടെ കടിഞ്ഞാൺ വിട്ടുകൊടുക്കാതെ സിന്ധു മുന്നേറി. 16 മിനിറ്റിൽ ഗെയിം നേടി. ആദ്യ ഗെയിം ഒകുഹാരയെ മാനസികമായി തളർത്തി. രണ്ടാം ഗെയിമിന്റെ തുടക്കത്തിൽത്തന്നെ സിന്ധു ലീഡ് നേടി. 1–-0, 2–-0, 5–-2, 7–-2, 9–-4, 12–-4, 15–-4 വരെ ലീഡ് ഉയർന്നു. അപ്പോഴേക്കും ഒകുഹാര കളി കൈവിട്ടിരുന്നു.
വിജയം അടുത്തെത്തിയതോടെ സിന്ധുവിന്റെ ബാറ്റ് കൂടുതൽ ആക്രമണ സ്വഭാവമുള്ളതായി. സ്കോർ 17–-5, 18–-6, 19–-7ലേക്ക് കുതിച്ചു. പിന്നെ കോർട്ടിൽ സിന്ധുമാത്രം. തോൽവി സമ്മതിച്ച ജപ്പാൻകാരിക്ക് സിന്ധുവിന്റെ ഷോട്ടുകൾക്ക് മറുപടിയുണ്ടായില്ല. ഗ്യാലറിയിൽ നിറഞ്ഞ ആരാധകരുടെ ആരവം മുഴങ്ങവേ പുതിയ ചാമ്പ്യൻ പിറന്നു.
ഇരുവരും പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഒമ്പത് തവണ വിജയം സിന്ധുവിനൊപ്പമായി. ഏഴ് കളികളിൽ ഒകുഹാര വിജയിച്ചു. സിന്ധുവിന്റെ അഞ്ചാം ലോകചാമ്പ്യൻഷിപ്പ് മെഡലാണിത്. ആറ് തവണയാണ് പങ്കെടുത്തത്. ചൈനയുടെ സാങ് നിങ് മാത്രമാണ് ഇതിനുമുമ്പ് അഞ്ച് മെഡൽ നേടിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..