ബേസൽ > രണ്ടുതവണ തുടർച്ചയായി കൈവിട്ട സ്വർണം സ്വന്തമാക്കാൻ പി വി സിന്ധുവിന് വീണ്ടും അവസരം. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സിന്ധു ഇന്ന് ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിടും. തുടർച്ചയായി മൂന്നാം വർഷമാണ് ഇരുപത്തിനാലുകാരി കലാശപ്പോരാട്ടത്തിന് അർഹത നേടുന്നത്.
സെമിഫൈനലിൽ ചൈനയുടെ ലോക മൂന്നാം നമ്പർ താരം ചെൻ യു ഫിയെ 21–-7, 21–-17ന് തകർത്തുവിട്ടു. പുരുഷ വിഭാഗത്തിൽ സായി പ്രണീത് ജപ്പാന്റെ ലോക ഒന്നാം നമ്പർ താരം കെന്റൊ മൊമോട്ടയോട് (13–-21, 8–-21) തോറ്റു. സായിക്ക് വെങ്കലം ലഭിച്ചു. 1983ൽ പ്രകാശ് പദുക്കോൺ വെങ്കലം നേടിയ ശേഷം പുരുഷ വിഭാഗത്തിൽ ആദ്യ മെഡലാണിത്.
അഞ്ചാം റാങ്കുകാരിയായ സിന്ധുവിന് സെമിയിൽ പൂർണ നിയന്ത്രണമായിരുന്നു. നാൽപ്പത് മിനിറ്റിൽ കളി തീർന്നു. ആദ്യ സെറ്റ് 15 മിനിറ്റിൽ അവസാനിച്ചു. കരുത്തുറ്റ സ്മാഷുകളും അളന്നുകുറിച്ച സർവുകളുമായി കളം നിറഞ്ഞ സിന്ധുവിനെ മറികടക്കാൻ ചൈനക്കാരിക്ക് ഒരിക്കലുമായില്ല. ആദ്യ സെറ്റിൽ 11–-3ന് ലീഡ് നേടിയ ശേഷമാണ് ചെൻ യു ഫി ഉണർന്നത്. അപ്പോഴേക്കും സിന്ധു സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ തുടക്കം ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ 5–-3 ലീഡ് നേടി സിന്ധു നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് ലീഡ് 7–-5 ലേക്കും 11–-7ലേക്കും ഉയർന്നു. പിന്നീട് സിന്ധു തൊടുന്നതെല്ലാം പോയിന്റായി. 25 മിനിറ്റിൽ രണ്ടാം സെറ്റും കളിയും സ്വന്തം.
സിന്ധു 2013, 2014 വർഷങ്ങളിൽ വെങ്കലം നേടിയിരുന്നു. 2017ലും 2018ലും ഫൈനലിൽ കടന്നെങ്കിലും തോറ്റു. 2017 ഫൈനലിന്റെ ആവർത്തനമാണ് ഇക്കുറി. ലോക നാലാം റാങ്കുകാരിയായ നൊസോമി ഒകുഹാര സെമിയിൽ തായ്ലൻഡിന്റെ റാറ്റ്ചനോക് ഇൻറ്റനോണിനെ (17–-21, 21–-18, 21–-15) തോൽപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..