11 October Friday
സമാനതകളില്ലാത്ത ഹോക്കി ഗോൾകീപ്പർ , ക്യാപ്‌റ്റൻ ഒളിമ്പിക്‌സ്‌ സമർപ്പിച്ചത്‌ ശ്രീജേഷിന്‌

ദേശീയ കുപ്പായത്തിൽ രണ്ടുപതിറ്റാണ്ട്‌ ; രണ്ട്‌ ഒളിമ്പിക്‌സ്‌ മെഡൽ നേടുന്ന ആദ്യ മലയാളി

വെബ് ഡെസ്‌ക്‌Updated: Friday Aug 9, 2024

കാവൽക്കരുത്തിനെ തോളേറ്റി

 

പാരിസ്‌
ജീവിതത്തിലെ അവസാനമത്സരത്തിന്‌ മണിക്കൂറുകൾക്കുമുമ്പ്‌ ശ്രീജേഷ്‌ സ്വയം വിശേഷിപ്പിച്ചത്‌ സ്വപ്‌നങ്ങളുടെ കാവൽക്കാരൻ എന്നാണ്‌. അക്ഷരംപ്രതി ശരിയാണത്‌. 52 വർഷത്തിനുശേഷം തുടർച്ചയായി രണ്ട്‌ ഒളിമ്പിക്‌സ്‌ മെഡൽ നേടാൻ ഇന്ത്യക്ക്‌ കഴിഞ്ഞത്‌ ഈ കാവൽക്കാരന്റെ കരുത്തുകൊണ്ടാണ്‌. പത്തൊമ്പതുവർഷമായി ഇന്ത്യൻ പുരുഷഹോക്കി ടീമിന്റെ എല്ലാ സ്വപ്‌നങ്ങളിലും മലയാളി ഗോൾകീപ്പറുണ്ടായിരുന്നു. കളമൊഴിഞ്ഞത്‌ ഇന്ത്യൻ ഹോക്കിയിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളാണ്‌. പാരിസ്‌ ഒളിമ്പിക്‌സ്‌ ശ്രീജേഷിന്‌ സമർപ്പിക്കുകയാണെന്ന്‌ ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ് നേരത്തേതന്നെ പറഞ്ഞിരുന്നു. ഇപ്പോൾ വെങ്കലനേട്ടവും ഗോൾകീപ്പർക്കുള്ള അംഗീകാരമാണ്‌. 

ദേശീയ കുപ്പായത്തിൽ രണ്ടുപതിറ്റാണ്ട്‌ പിന്നിട്ടുവെന്നത്‌ കളിമികവിനും ശാരീരികക്ഷമതയ്‌ക്കുമുള്ള അംഗീകാരമാണ്‌. കേരളംപോലെ ഹോക്കിക്ക്‌ വേണ്ടത്ര സ്വാധീനമില്ലാത്ത നാട്ടിൽനിന്നെത്തി രണ്ടുപതിറ്റാണ്ടുകാലം ദേശീയ ടീമിനായി കളിക്കാൻ കഴിഞ്ഞ മറ്റൊരു കളിക്കാരനുമില്ല. കേരളത്തിന്റെ കായികചരിത്രത്തിൽ സമാനതകളില്ല. 

എറണാകുളം കിഴക്കമ്പലം സ്വദേശിയായ ശ്രീജേഷിന്റെ ആദ്യ ഒളിമ്പിക്‌സ്‌ 2012ൽ ലണ്ടനിലാണ്‌. 2016 റിയോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ക്യാപ്‌റ്റനായി. കഴിഞ്ഞതവണ ടോക്യോയിൽ വെങ്കലം നേടിയ ടീമിൽ അംഗമായിരുന്നു. ഇന്ത്യക്കായി 2006ൽ അരങ്ങേറി. 336 തവണ ഇന്ത്യൻ കുപ്പായമണിഞ്ഞു. എറണാകുളം കിഴക്കമ്പലത്തുനിന്നെത്തി ഇന്ത്യൻ ഹോക്കിയുടെ തലപ്പത്തെത്തിയ ശ്രീജേഷിന്റെ ജീവിതം ഓരോ കായികതാരത്തിനും പ്രചോദനമാണ്‌. തിരുവനന്തപുരം ജിവി രാജാ സ്‌പോർട്‌സ്‌ സ്‌കൂളിൽനിന്ന്‌ ആരംഭിച്ച ഹോക്കി ജീവിതം ഇന്ന്‌ പാരിസിൽ എത്തിയതിനുപിന്നിൽ കഠിനാധ്വാനവും ആത്മസമർപ്പണവുമുണ്ട്‌.  കൃഷിക്കാരനായിരുന്ന അച്ഛൻ പി വി രവീന്ദ്രൻ വീട്ടിലെ പശുവിനെ വിറ്റ്‌ മകന്‌ ഗോൾകീപ്പിങ് കിറ്റ്‌ വാങ്ങിക്കൊടുത്തതിൽ തുടങ്ങുന്നു ആ ചരിത്രം.


 

തിരികെ സുവർണകാലം
തോൽക്കാൻ ഇന്ത്യ ഒരുക്കമല്ലായിരുന്നു. വെങ്കലമെഡൽ പോരാട്ടത്തിൽ സ്‌പെയിനിനെതിരെ 18–-ാം മിനിറ്റിൽ പിന്നിലായെങ്കിലും കളിയവസാനിപ്പിക്കുന്ന ‘വൻമതിൽ’ പി ആർ ശ്രീജേഷിനായി ഒരേമനസ്സോടെ ടീം പൊരുതി. രണ്ട്‌ ഗോളുമായി ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ്‌ നയിച്ചപ്പോൾ 52 വർഷത്തിനുശേഷം തുടർച്ചയായ ഒളിമ്പിക്‌സിൽ ഇന്ത്യ മെഡലിൽ മുത്തമിട്ടു. കഴിഞ്ഞതവണ ടോക്യോയിലും വെങ്കലം നേടിയിരുന്നു. 1968, 1972 ഒളിമ്പിക്‌സുകളിലാണ്‌ അവസാനമായി അടുത്തടുത്തായി മെഡൽ നേടിയത്‌.

അഞ്ചു രക്ഷപ്പെടുത്തലുമായി അവസാനമത്സരം അവിസ്‌മരണീയമാക്കിയാണ് ശ്രീജേഷ്‌ പടിയിറങ്ങിയത്‌. ഗോളൊഴിഞ്ഞ ആദ്യ ക്വാർട്ടറിനുശേഷം പെനൽറ്റി സ്‌ട്രോക്ക്‌ ലക്ഷ്യത്തിലെത്തിച്ച്‌ മാർക്‌ മിറാലെസ്‌ സ്‌പെയിനിനായി ലീഡ്‌ നേടി. മൂന്നു മിനിറ്റിനിടെ പെനൽറ്റികോർണർവഴി രണ്ട്‌ ഗോൾ നേടിയാണ്‌ (30, 33) ഇന്ത്യ മറുപടി നൽകിയത്‌. പുനഃപരിശോധനവഴിയാണ്‌ ഇന്ത്യക്ക്‌ പെനൽറ്റി കോർണറുകൾ കിട്ടിയത്‌. കളി തീരാൻ 44, 38 സെക്കൻഡുകൾ ശേഷിക്കെ സ്‌പെയിനിന്‌ രണ്ടുതവണ പെനൽറ്റി കോർണർ ലഭിച്ചെങ്കിലും ഇന്ത്യ ചെറുത്തു.

ഗ്രൂപ്പ്‌ ഘട്ടത്തിൽ കരുത്തരായ ബൽജിയത്തിനുമുന്നിൽമാത്രം കീഴടങ്ങി രണ്ടാമതായാണ്‌ ഇന്ത്യ ക്വാർട്ടറിലേക്ക്‌ മുന്നേറിയത്‌. ന്യൂസിലൻഡിനെയും അയർലൻഡിനെയും ഓസ്‌ട്രേലിയയെയും തോൽപ്പിച്ചപ്പോൾ അർജന്റീനയുമായി സമനിലയിൽ പിരിഞ്ഞു. ക്വാർട്ടറിൽ ബ്രിട്ടനെ ഷൂട്ടൗട്ടിൽ മറികടന്നു. സെമിയിൽ ജർമനിയോട്‌ കീഴടങ്ങിയാണ്‌ വെങ്കലമെഡൽ പോരാട്ടത്തിനിറങ്ങിയത്‌. പാരിസിൽ എട്ടു കളിയിൽ അഞ്ചു ജയവും ഒരു സമനിലയും നേടിയ ഇന്ത്യ രണ്ടു കളിയിൽ തോറ്റു.

ശ്രീജേഷിന്റെ എറണാകുളം കിഴക്കമ്പലത്തെ വീട്ടിൽ കുടുംബാംഗങ്ങൾ ഇന്ത്യയുടെ വിജയത്തിൽ ആഹ്ലാദം പങ്കിടുന്നു. മകൾ അനുശ്രീ (ഇടത്തുനിന്ന്) ഭാര്യ ഡോ. പി കെ അനീഷ്യ, അച്ഛൻ പി വി രവീന്ദ്രൻ, അമ്മ ഉഷാകുമാരി, സഹോദരൻ ശ്രീജിത്  \ ഫോട്ടോ: സുനോജ് നെെനാൻ മാത്യു

ശ്രീജേഷിന്റെ എറണാകുളം കിഴക്കമ്പലത്തെ വീട്ടിൽ കുടുംബാംഗങ്ങൾ ഇന്ത്യയുടെ വിജയത്തിൽ ആഹ്ലാദം പങ്കിടുന്നു. മകൾ അനുശ്രീ (ഇടത്തുനിന്ന്) ഭാര്യ ഡോ. പി കെ അനീഷ്യ, അച്ഛൻ പി വി രവീന്ദ്രൻ, അമ്മ ഉഷാകുമാരി, സഹോദരൻ ശ്രീജിത് \ ഫോട്ടോ: സുനോജ് നെെനാൻ മാത്യു


 

എട്ട്‌ കളി 50 രക്ഷപ്പെടുത്തൽ
ഇന്ത്യൻ മെഡൽ നേട്ടത്തിൽ ഗോൾകീപ്പർ പി ആർ ശ്രീജേഷിന്റെ പ്രകടനം നിർണായകമായി. എട്ട്‌ കളിയിൽ 50 ഗോളവസരങ്ങളാണ്‌ തട്ടിമാറ്റിയത്‌. അതിൽ ബ്രിട്ടനെതിരായ ക്വാർട്ടർ ഫൈനലിലാണ്‌ അമാനുഷിക പ്രകടനം കണ്ടത്‌. 11 ഗോൾ അവസരങ്ങൾ നിഷ്‌പ്രഭമാക്കി.

എതിരാളി    രക്ഷപ്പെടുത്തൽ
ന്യൂസിലൻഡ്‌        5
അർജന്റീന        2
അയർലൻഡ്‌        5
ബെൽജിയം        8
ഓസ്‌ട്രേലിയ        8
ബ്രിട്ടൻ            11
ജർമനി            6
സ്‌പെയ്‌ൻ        5
ആകെ             50

ഇന്ത്യൻ  ടീം

പി ആർ ശ്രീജേഷ്‌ (36)
ഗോൾകീപ്പർ  (കേരളം)

അമിത്‌ രോഹിദാസ്‌ (31)
പ്രതിരോധക്കാരൻ (ഒഡിഷ)

ഹർമൻപ്രീത്‌ സിങ്‌ (28)
പ്രതിരോധക്കാരൻ (പഞ്ചാബ്‌)
ക്യാപ്റ്റൻ

സഞ്ജയ്‌ റാണ (23)
പ്രതിരോധക്കാരൻ (ഹരിയാന)

സുമിത്‌ വാത്മീകി (27)
മധ്യനിരക്കാരൻ (ഹരിയാന)

രാജ്‌കുമാർ പാൽ (26)
മധ്യനിരക്കാരൻ (ഉത്തർപ്രദേശ്‌)

മൻപ്രീത്‌ സിങ്‌ (32)
മധ്യനിരക്കാരൻ (സപഞ്ചാബ്‌)

ഹാർദിക്‌ സിങ്‌ (25)
മധ്യനിരക്കാരൻ (പഞ്ചാബ്‌)

വിവേക്‌ സാഗർ പ്രസാദ്‌ (24)
മധ്യനിരക്കാരൻ (മധ്യപ്രദേശ്‌)

ഷംസേർ സിങ്‌ (27)
മുന്നേറ്റക്കാരൻ (പഞ്ചാബ്‌)

അഭിഷേക്‌ (24)
മുന്നേറ്റക്കാരൻ (ഹരിയാന)

സുഖ്‌ജീത്‌ സിങ്‌ (27)
മുന്നേറ്റക്കാരൻ (പഞ്ചാബ്‌)

ലളിത്‌ കുമാർ (30)
മുന്നേറ്റക്കാരൻ (ഉത്തർപ്രദേശ്‌)

മൻദീപ്‌ സിങ്‌ (29)
മുന്നേറ്റക്കാരൻ (പഞ്ചാബ്‌)

ഗുർജന്ത്‌ സിങ്‌ (29)
മുന്നേറ്റക്കാരൻ (പഞ്ചാബ്‌)

ക്രെയ്‌ഗ്‌ ഫുൾട്ടൺ (49)
പരിശീലകൻ (സിംബാബ്‌വെ)



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top