10 September Tuesday

ഇന്ത്യയെ കാത്ത 'നീരാളിക്കൈകള്‍'

വെബ് ഡെസ്‌ക്‌Updated: Monday Aug 5, 2024

പാരിസ്‌> ഗോൾമുഖത്ത്‌ കാവൽ നിൽക്കുമ്പോൾ ശ്രീജേഷിന്‌ രണ്ടല്ല, ഒരായിരം കൈകളുണ്ടായിരുന്നു! തട്ടിയും തടുത്തും മറിഞ്ഞുമുള്ള മഹാപ്രതിരോധം. കളിയിലും ഷൂട്ടൗട്ടിലും ‘നീരാളിക്കൈകൾ’ ഇന്ത്യയെ രക്ഷിച്ചു. ഒളിമ്പിക്‌സ്‌ പുരുഷ ഹോക്കിയിൽ തുടർച്ചയായി രണ്ടാംസെമിയിലേക്ക്‌ നയിച്ചത്‌ ഈ മലയാളി ഗോൾകീപ്പറാണ്‌. പ്രതിരോധനിരയിലെ കരുത്തൻ അമിത്‌ രോഹിദാസ്‌ രണ്ടാം ക്വാർട്ടറിന്റെ തുടക്കത്തിൽ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ പുറത്തായിട്ടും പതറാതെ കാത്തുരക്ഷിച്ചു.

നിശ്ചിതസമയത്ത്‌ 1–-1 സമനിലയിൽ തുടർന്ന മത്സരത്തിന്റെ ആവേശം ഷൂട്ടൗട്ടിലേക്ക്‌ കടന്നപ്പോഴും രക്ഷകനായി അവതരിച്ചു. ഫിലിപ്‌ റോപർ എടുത്ത ബ്രിട്ടന്റെ നാലാമത്തെ കിക്ക്‌ രക്ഷപ്പെടുത്തി. കോനർ വില്യംസൻ എടുത്ത മൂന്നാമത്തെ കിക്ക്‌ ഗോൾ പോസ്റ്റിനുമുകളിലൂടെ പറന്നിരുന്നു. ഇന്ത്യയുടെ നാലുപേരും ലക്ഷ്യംകണ്ടതോടെ 4–-2ന്‌ ബ്രിട്ടനെ മറികടന്നു. 1980 മോസ്‌കോ ഒളിമ്പിക്‌സിനുശേഷമുള്ള സ്വർണനേട്ടത്തിന്‌ രണ്ടുജയംമാത്രം.  

മത്സരത്തിന്റെ ഏറിയ പങ്കും പത്തുപേരുമായി കളിച്ചിട്ടും ബ്രിട്ടന്റെ കരുത്തുറ്റ ആക്രമണങ്ങൾ തടയാനായത്‌ നിർണായകമായി. വില്ല്യം കൽനാന്റെ മുഖത്ത്‌ സ്റ്റിക്‌ തട്ടിച്ചതിനാണ്‌ അമിത്തിന്‌ ചുവപ്പ്‌ കാർഡ്‌ ലഭിച്ചത്‌. അമ്പയർ ഫൗൾ വിളിക്കാത്തതിനെ തുടർന്ന്‌ ബ്രിട്ടൻ പരിശോധന ആവശ്യപ്പെട്ടതോടെ ടിവി അമ്പയറാണ്‌ ചുവപ്പ്‌ കാർഡ്‌ നൽകിയത്‌. രണ്ടു ക്വാർട്ടറുകൾ പൂർണമായും ഒരു ക്വാർട്ടറിന്റെ മുക്കാൽ ഭാഗവും പത്തുപേരുമായാണ് ഇന്ത്യ കളിച്ചത്‌. ഗോൾ നേടിയതും കളത്തിൽ പത്തുപേരുള്ളപ്പോഴാണ്‌.

ആദ്യ ക്വാർട്ടറിന്റെ അവസാന മിനിറ്റുകളിൽ ബ്രിട്ടീഷുകാർക്ക്‌ തുടരെ മൂന്ന്‌ പെനൽറ്റി കോർണർ ലഭിച്ചെങ്കിലും ശ്രീജേഷും പ്രതിരോധനിരയും വഴങ്ങിയില്ല. 22–-ാംമിനിറ്റിൽ ലഭിച്ച പെനൽറ്റി കോർണർ ഗോളാക്കി ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ് ഇന്ത്യക്ക്‌ ലീഡ്‌ നൽകി. ക്യാപ്‌റ്റന്റെ ഏഴാംഗോളാണ്‌. അഞ്ചു മിനിറ്റിൽ ലീ മോർടനിലൂടെ ബ്രിട്ടൻ മറുപടി നൽകി. ഗോളിലേക്ക്‌ ഇരച്ചെത്തിയ ഷോട്ട്‌ ശ്രീജേഷ്‌ തടഞ്ഞെങ്കിലും തിരിച്ചുവന്ന പന്ത്‌ മോർടൻ ലക്ഷ്യത്തിലെത്തിച്ചു. അവസാന 15 മിനിറ്റിൽ ബ്രിട്ടന്റെ സംഘം ചേർന്നുള്ള കടന്നാക്രമണത്തിനാണ്‌ പാരിസിലെ ഒളിമ്പിക്‌ സ്‌റ്റേഡിയം സാക്ഷിയായത്‌. പ്രതിരോധവും ശ്രീജേഷും ചേർന്ന്‌ എല്ലാ ശ്രമങ്ങളും വിഫലമാക്കി.

പറന്നു, ചിറകുവിരിച്ച്‌

5–-ാം മിനിറ്റ്‌: ബ്രിട്ടന്റെ ആദ്യമുന്നേറ്റം. ഇന്ത്യൻ പ്രതിരോധതാരങ്ങൾക്കിടയിലൂടെ ടോം സോർസ്‌ബിന്റെ കരുത്തുറ്റ ഷോട്ട്‌. ശ്രീജേഷ്‌ തട്ടിയകറ്റി.
16: സാക്‌ വാലസിലൂടെ ബ്രിട്ടൻ ലീഡെടുക്കുമെന്ന്‌ തോന്നിച്ച നിമിഷം. കൃത്യമായ ഇടപെടൽ. ഇന്ത്യ ആശ്വസിച്ചു.
16: വീണ്ടും സാക്‌ വാലസ്‌. കാലുകൊണ്ട്‌ തടുത്തു. ഇന്ത്യൻ ആരാധകരെ ആവേശത്തിലാക്കിയ രക്ഷപ്പെടുത്തൽ.
19: ബ്രിട്ടന്റെ തുടർ ആക്രമണത്തിനൊടുവിൽ ഇന്ത്യ പെനൽറ്റി കോർണർ വഴങ്ങി. ടോം സോർസ്‌ബിന്റെ ഷോട്ട്‌. വീണ്ടും രക്ഷകൻ.
32: ഇന്ത്യ പത്തുപേരായി ചുരുങ്ങിയത്‌ മുതലാക്കി ബ്രിട്ടന്റെ ആക്രമണം. റൂബർട്ട്‌ ഷിപേർളിയുടെ കനത്ത ഷോട്ട്‌. തട്ടിയകറ്റി ശ്രീജേഷ്‌ ബ്രിട്ടനെ തടഞ്ഞു.
36: വീണ്ടും പെനൽറ്റി കോർണർ. ഗാരത്‌ ഫുൾലോങ്ങിന്റെ ഗോളെന്നുറച്ച ഷോട്ട്‌. ഇന്ത്യ ഒരുനിമിഷം പകച്ചു. കൃത്യമായ ഇടപെടൽ.
36: തുടർച്ചയായി പെനൽറ്റി കോർണർ വഴങ്ങി ഇന്ത്യ പ്രതിരോധത്തിൽ. സാമുവൽ വാഡ്‌ ഷോട്ടുതിർത്തു. ശ്രീജേഷിനെ മറികടക്കാനായില്ല.
39: പെനൽറ്റി കോർണറിൽ വീണ്ടും ഗാരത്‌ ഫുൾലോങ്ങിന്റെ തകർപ്പൻ ഷോട്ട്‌. ശ്രീജേഷിനെ കീഴടക്കാൻ അത്‌ മതിയായിരുന്നില്ല. മികച്ച രക്ഷപ്പെടുത്തൽ.
50: കളിയവസാനം ആക്രമണം കടുപ്പിച്ച ബ്രിട്ടൻ ഗോളിനടുത്തെത്തി. റൂബർട്ട്‌ ഷിപേർളിയുടെ ഷോട്ട്‌ കാലുകൊണ്ട്‌ തട്ടിയകറ്റി ശ്രീജേഷ്‌ വീണ്ടും അവതരിച്ചു.
56: മത്സരത്തിലെ ഏറ്റവും മികച്ച രക്ഷപ്പെടുത്തൽ. ഇന്ത്യയുടെ പ്രതിരോധപ്പിഴവ്‌ മുതലെടുത്ത്‌ കുതിച്ച വില്ല്യം കൽനാന്റെ തകർപ്പൻ ഷോട്ട്‌ കാലുകൊണ്ട്‌ തട്ടിയകറ്റി.
60: മത്സരം ഷൂട്ടൗട്ടിലേക്ക്‌ നീട്ടിയ നിമിഷം. ലീ മോർട്ടന്റെ അവസാന ഗോൾ ശ്രമവും തടഞ്ഞു.
ഷൂട്ടൗട്ട്‌: ഷൂട്ടൗട്ടിലെ ആദ്യ മൂന്ന്‌ ഷോട്ടുകൾ കഴിഞ്ഞപ്പോൾ ഇന്ത്യക്ക്‌ 3–-2ന്റെ മുൻതൂക്കം. ബ്രിട്ടന്റെ നിർണായകമായ നാലാംകിക്ക്‌ എടുക്കാനെത്തിയത്‌ പരിചയസമ്പന്നനായ ഫിലിപ്‌ റോപർ. ശ്രീജേഷ്‌ കോട്ടകെട്ടി. റോപറിന്റെ ഷോട്ട്‌ കാലുകൊണ്ട്‌ തട്ടിയകറ്റി ജയം ഉറപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top