27 September Monday

ഇന്ത്യയുടെ ഉരുക്കുകോട്ട; വലയ്‌‌ക്കുമുന്നിൽ വൻമതിലായി പി ആർ ശ്രീജേഷ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 5, 2021

Photo Credit: Twitter/TeamIndia

ടോക്യോ > "ഒന്നും എളുപ്പമല്ല. കഠിനാധ്വാനമില്ലാതെ വിജയങ്ങളുണ്ടാകില്ല. ടോക്യോയിൽ കാഴ്‌ചകാണാനല്ല ടീം പോകുന്നത്‌' - ഒളിമ്പിക്‌സിന്‌ പുറപ്പെടും മുമ്പ്‌ മലയാളി താരം പി ആർ ശ്രീജേഷ്‌ പറഞ്ഞ വാക്കുകളാണ്‌. 41 വർഷങ്ങൾക്കുശേഷം ധ്യാൻചന്ദിന്റെ പിൻമുറക്കാർ ഒളിമ്പിക്‌സ്‌ ഹോക്കി മെഡൽ നേടുമ്പോൾ രാജ്യത്തിന്റെ അഭിമാനമാണ്‌ എറണാകുളംകാരൻ ശ്രീജേഷ്‌. ഗോൾ വലക്കുമുന്നിൽ ഉരുക്കുപോൽ ഉറച്ചുനിന്ന ശ്രീജേഷാണ്‌ ഇന്ത്യൻ ജയത്തിന്‌ തുണയായത്‌. 1972-ലെ മ്യൂണിക് ഒളിമ്പിക്സില്‍ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ മാനുവൽ ഫ്രെഡറിക്കിനുശേഷം ഒളിമ്പിക്‌സിൽ മെഡൽ നേടുന്ന രണ്ടാമത്തെ മലയാളിയാണ്‌ ശ്രീജേഷ്‌. വെങ്കലപ്പോരാട്ടത്തിൽ ജർമ്മനിയെ നാലിനെതിരെ അഞ്ച്‌ ഗോളുകൾക്കാണ്‌ ഇന്ത്യ പരാജയപ്പെടുത്തിയത്‌.

കളിയുടെ അവസാന ക്വാർട്ടറിൽ ഇന്ത്യൻ പ്രതിരോധത്തിലെ വിള്ളലുകളിലൂടെ പാഞ്ഞുവന്ന ജർമ്മൻ ഷോട്ടുകൾ പലവട്ടം ശ്രീജേഷ്‌ തട്ടിയകറ്റി. അവസാന സെക്കൻഡുകളിലെ പെനാൽറ്റി കേർണറുകൾ അത്‌ഭുതകരമായ പ്രകടനത്തിലൂടെയാണ്‌ ശ്രീജേഷ്‌ രക്ഷപ്പെടുത്തിയത്‌.

ആദ്യ രണ്ട്‌ പകുതികളിലെ ഇന്ത്യൻ പ്രതിരോധനിരയുടെ മോശം പ്രകടനം പലവട്ടം ജർമ്മനിയ്‌ക്ക്‌ അവസരങ്ങൾ തുറന്നു. തുടരെ ഗോളുകൾ വന്നെങ്കിലും ഉണർന്നുനിന്ന ശ്രീജേഷ്‌ തന്നെയാണ്‌ മത്സരം ഇന്ത്യയ്‌ക്ക്‌ അനുകൂലമാക്കി മാറ്റിയതിൽ പ്രധാന പങ്കുവഹിച്ചത്‌.

"മൂന്ന്‌ വർഷമായി ടോക്യോ ലക്ഷ്യമിട്ടുള്ള ഒരുക്കത്തിലാണ്‌ ടീം. നോക്കൗട്ട്‌ സ്‌റ്റേജിൽ എത്തുക എന്നതാണ്‌ ആദ്യ കടമ്പ. കോവിഡ്‌ കാലത്ത്‌ ഒന്നിച്ച്‌ ബംഗളൂരുവിൽ പരിശീലന ക്യാമ്പിലാണ്‌. മത്സരങ്ങൾ കിട്ടാത്തത്‌ പോരായ്‌മയാണ്‌. സാങ്കേതിക പിഴവുകൾ തിരുത്താനും കൂടുതൽ മെച്ചപ്പെടാനുമാണ്‌ ഈ കാലം ചെലവഴിച്ചത്‌. എല്ലാ നിരയിലും മികച്ച സംഘമാണ്‌ ഇന്ത്യക്ക്‌. ലോക റാങ്കിങ്ങിൽ ആദ്യ നാല്‌ സ്ഥാനത്ത്‌ ഉണ്ടെന്നതുതന്നെ സാധ്യതകൾ കൂട്ടുന്നു. എന്നാൽ ഒന്നും എളുപ്പമല്ല. കഠിനാധ്വാനമില്ലാതെ വിജയങ്ങളുണ്ടാകില്ല. ടോക്യോയിൽ കാഴ്‌ചകാണാനല്ല ടീം പോകുന്നത്‌.' - മത്സരത്തിന്‌ പുറപ്പെടുംമുമ്പ്‌ ശ്രീജേഷ്‌ ദേശാഭിമാനിയോട്‌ പറഞ്ഞു.

ഒന്നരപ്പതിറ്റാണ്ടായി ഇന്ത്യൻ ഹോക്കിയുടെ കാവൽക്കാരനാണ്‌ പി ആർ ശ്രീജേഷ്‌. പരിശീലകൻ ഗ്രഹാം റെയ്‌ഡിന്റെ വാക്കുകൾ കടമെടുത്താൽ ‘ടീമിന്റെ വൻമതിലും, ഊർജവും’. 2006ലാണ്‌ എറണാകുളംകാരൻ ദേശീയ ടീമിന്റെ ഭാഗമാകുന്നത്‌. പിന്നീട്‌ തിരിഞ്ഞുനോക്കിയില്ല. പതിനഞ്ച്‌ വർഷമായി ഗോൾവല കാക്കുന്നു. ലണ്ടൻ, റിയോ ഒളിമ്പിക്‌സ്‌ സംഘത്തിലെ ഒന്നാംനമ്പർ ഗോളിയായി. റിയോയിൽ ക്വാർട്ടർവരെ എത്തിയ ടീമിന്റെ ക്യാപ്‌റ്റനുമായിരുന്നു. ഇന്ത്യൻ ഹോക്കിയുടെ നായകനായ ആദ്യ മലയാളികൂടിയാണ്‌ ഈ മുപ്പത്താറുകാരൻ.

ശ്രീജേഷിന്റെ മൂന്നാം ഒളിമ്പിക്‌സായിരുന്നു ടോക്യോയിൽ. ടീമിലെ ഏറ്റവും പരിചയസമ്പന്നൻ. ലോക റാങ്കിങ്ങിൽ നാലാമതുള്ള ഇന്ത്യയുടെ മെഡൽനേട്ടത്തിൽ നെടുംതൂൺ ശ്രീജേഷ്‌തന്നെ. ഹോക്കിയിൽ എട്ടുവട്ടം ചാമ്പ്യൻമാരായ ഇന്ത്യ നഷ്‌ട‌പ്രതാപം വീണ്ടെടുക്കുന്നതാണ്‌ ടൂർമമെന്റിൽ ഉടനീളം കണ്ടത്‌. ഈ പ്രയത്നത്തിന്‌ ചുക്കാൻപിടിച്ചതും ശ്രീജേഷാണ്‌.

കേരളംപോലെ ഹോക്കിക്ക്‌ അത്ര സ്വാധീനമില്ലാത്തിടത്തുനിന്ന്‌ ഇത്രയുംകാലം ഇന്ത്യക്കായി കളിക്കുന്നതിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്നതാണ്‌.  സീനിയർ കളിക്കാരനെന്ന നിലയ്ക്ക്‌ ടീമിന്റെ പുരോഗതിയിൽ വലിയ പങ്കുവഹിക്കാനും ശ്രീജേഷിനായി. പരിചയസമ്പന്നത ഘടകമായ മത്സരത്തിൽ യുവതാരങ്ങളുടെ ഊർജ്ജവും ശ്രീജേഷ്‌തന്നെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top