Deshabhimani

മർച്ചന്റിന് പൊൻചാകര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 04:50 AM | 0 min read

പാരിസ്‌> നീന്തൽക്കുളത്തിൽ ലിയോൺ മർച്ചന്റിന്‌ പൊൻചാകര. പാരിസിൽ തുടർച്ചയായ നാലാംസ്വർണവും ഒളിമ്പിക്‌ റെക്കോഡോടെ ഇരുപത്തിരണ്ടുകാരൻ വാരിയെടുത്തു. 200 മീറ്റർ മെഡ്‌ലെയിൽ ഒരുമിനിറ്റും 54.06 സെക്കൻഡിലുമാണ്‌ ഫിനിഷ്‌. അമേരിക്കൻ ഇതിഹാസം മൈക്കേൽ ഫെൽപ്‌സിനുശേഷം വ്യക്തിഗത ഇനത്തിൽ ഒരു പതിപ്പിൽ നാല്‌ സ്വർണം നേടുന്ന ആദ്യ പുരുഷ നീന്തൽതാരമായി. 2008 ബീജിങ്ങിൽ ഫെൽപ്‌സ്‌ അഞ്ച്‌ സ്വർണം നേടിയിരുന്നു.

200 മീറ്റർ ബട്ടർഫ്ലൈ, 200 മീറ്റർ ബ്രസ്റ്റ്‌സ്‌ട്രോക്‌, 400 മീറ്റർ മെഡ്‌ലെ വിഭാഗങ്ങളിലാണ്‌ നേരത്തേ മർച്ചന്റ്‌ പൊന്നണിഞ്ഞത്‌. ഫ്രഞ്ചുകാരന്റെ രണ്ടാം ഒളിമ്പിക്‌സാണിത്‌. ‘ഞാൻ കണ്ടതിൽവച്ച്‌ ഏറ്റവും മികച്ച പ്രകടനം’ എന്നാണ്‌ ഫെൽപ്‌സ്‌ മർച്ചന്റിന്റെ നേട്ടത്തെ വിശേഷിപ്പിച്ചത്‌. 16 വർഷംമുമ്പ്‌ ഫെൽപ്‌സ്‌ കുറിച്ച റെക്കോഡാണ്‌ മർച്ചന്റ്‌ മാറ്റിയെഴുതിയത്‌. ബ്രിട്ടന്റെ ഡങ്കൺ സ്‌കോട്ട്‌ (ഒരുമിനിറ്റ്‌ 55:31 സെക്കൻഡ്‌) വെള്ളിയും ചൈനയുടെ വാങ്‌ ഷുൻ (ഒരുമിനിറ്റ്‌ 56 സെക്കൻഡ്‌) വെങ്കലവും നേടി. പുരുഷന്മാരുടെ 4x100 മീറ്റർ മെഡ്‌ലെ റിലേയിലും മത്സരിക്കുന്നുണ്ട്‌. അഞ്ചാംസ്വർണമാണ്‌ ലക്ഷ്യം.
   
‘ഫ്രഞ്ച്‌ ഫെൽപ്‌സ്‌’ എന്നറിയപ്പെടുന്ന താരത്തിന്റെ പരിശീലകൻ അമേരിക്കയുടെ ബോബ്‌ ബോവ്‌മാനാണ്‌. ഫെൽപ്‌സിന്റെ കോച്ചായിരുന്നു അദ്ദേഹം.



deshabhimani section

Related News

View More
0 comments
Sort by

Home