Deshabhimani

സെമി പിടിക്കാന്‍ ടീം ഇന്ത്യ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 04, 2024, 04:47 AM | 0 min read

പാരിസ്‌> ഹോക്കിയിൽ 44 വർഷത്തെ മെഡൽവരൾച്ച അവസാനിപ്പിച്ച്‌ ടോക്യോയിൽ വെങ്കലത്തിൽ മുത്തമിട്ട ഇന്ത്യ പാരിസിൽ സ്വപ്‌നം കാണുന്നത്‌ സ്വർണം. 1980 മോസ്‌കോ ഒളിമ്പിക്‌സിനുശേഷം കിട്ടാക്കനിയായ സ്വർണമെഡലുമായി ഗോൾ കീപ്പർ പി ആർ ശ്രീജേഷിന്‌ ഇന്ത്യൻ ടീം ഉചിതമായ യാത്രയയപ്പ്‌ നൽകുമോ എന്നാണ്‌ ആരാധകർ ഉറ്റുനോക്കുന്നത്‌. പാരിസിലെ ഗ്രൂപ്പ്‌ മത്സരങ്ങൾ അവസാനിച്ചപ്പോൾ നിലവിലെ ചാമ്പ്യൻമാരായ ബൽജിയത്തിനുതാഴെ ബി ഗ്രൂപ്പിൽ രണ്ടാമതായാണ്‌ ഇന്ത്യ ക്വാർട്ടർ ഫൈനലിൽ കടന്നത്‌. കരുത്തരായ ഓസ്‌ട്രേലിയയെ ഒളിമ്പിക്‌ വേദിയിൽ 52 വർഷത്തിനുശേഷം കീഴടക്കിയാണ്‌ മുന്നേറ്റം. എ ഗ്രൂപ്പിലെ മൂന്നാംസ്ഥാനക്കാരായ ബ്രിട്ടനുമായി ഇന്നു പകൽ 1.30നാണ്‌ ഇന്ത്യയുടെ ക്വാർട്ടർ പോരാട്ടം.

ഗ്രൂപ്പിൽ അഞ്ചു കളിയിൽ മൂന്നു ജയവും ഒരു സമനിലയും ഒരു തോൽവിയുമടക്കം പത്തു പോയിന്റാണ്‌ ഇന്ത്യ നേടിയത്‌. അഞ്ചു കളിയിൽ പത്തു ഗോൾ നേടിയപ്പോൾ ഏഴെണ്ണം വഴങ്ങി. ആറ്‌ ഗോളടിച്ച ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ സിങ് മികച്ച ഫോമിലാണ്‌. പെനൽറ്റി കോർണറുകൾ ഗോളാക്കുന്നതിലെ മികവ്‌ ഹർമൻപ്രീതിനെ കൂടുതൽ അപകടകാരിയാക്കുന്നു. മികച്ച രക്ഷപ്പെടുത്തലുമായി മലയാളി ഗോൾകീപ്പർ ശ്രീജേഷും തിളങ്ങുന്നു. എല്ലാ കളിയിലും ശ്രീജേഷിന്റെ പ്രകടനം നിർണായകമായി.
 



deshabhimani section

Related News

View More
0 comments
Sort by

Home