17 January Monday
മാഞ്ചസ്റ്റർ യുണൈറ്റഡ്‌ പരിശീലകനെ പുറത്താക്കി

സോൾ‘ചെയർ’ തെറിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 22, 2021

photo credit ole gunnar solskjaer twitter


ലണ്ടൻ
ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ആ തീരുമാനമെടുത്തു. തുടർത്തോൽവികൾക്കു പിന്നാലെ പരിശീലകൻ ഒലേ ഗുണ്ണാർ സോൾചെയറിനെ പുറത്താക്കി. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗിൽ 18–-ാംസ്ഥാനക്കാരായിരുന്ന വാറ്റ്‌ഫോർഡിനോട്‌ 1–-4ന്റെ തോൽവി വഴങ്ങിയതോടെ നിർവാഹമില്ലാതെ മാനേജ്‌മെന്റ്‌ മുൻതാരംകൂടിയായ സോൾചെയറിനെ ഒഴിവാക്കുകയായിരുന്നു. ലീഗിൽ അവസാന ഏഴ്‌ കളിയിൽ ഒന്നിൽ മാത്രമേ യുണൈറ്റഡിന്‌ ജയിക്കാനായുള്ളു. 17 പോയിന്റുമായി ഏഴാംസ്ഥാനത്താണ്‌.

യൂത്ത്‌ ടീം പരിശീലകനും മുൻ മധ്യനിരക്കാരനുമായ മൈക്കേൽ കാരിക്കിനാണ്‌ പുതിയ ചുമതല. ഈ സീസൺവരെയുള്ള താൽക്കാലിക പരിശീലകനെ ഉടൻ നിയമിക്കുമെന്ന്‌ യുണൈറ്റഡ്‌ അറിയിച്ചു. 2013ൽ അലെക്‌സ്‌ ഫെർഗൂസൺ പടിയിറങ്ങിയശേഷം യുണൈറ്റഡിന്റെ പരിശീലകനാകുന്ന നാലാമത്തെയാളാണ്‌ സോൾചെയർ. പുറത്താക്കിയ ഹൊസെ മൊറീന്യോക്ക്‌ പിൻഗാമിയായി 2018ൽ താൽക്കാലിക ചുമതല ഏറ്റെടുത്ത സോൾചെയറിനെ തൊട്ടടുത്തവർഷം സ്ഥിരപ്പെടുത്തി. 2024 വരെ കാരാർ ബാക്കിയുണ്ട്‌ നാൽപ്പത്തെട്ടുകാരന്‌.

ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെ പ്രമുഖ കളിക്കാരുണ്ടായിട്ടും മോശം പ്രകടനമായിരുന്നു ടീം സോൾചെയറിനുകീഴിൽ. 12 കളിയിൽ 21 ഗോൾ വഴങ്ങി. ലിവർപൂളിനോടും മാഞ്ചസ്റ്റർ സിറ്റിയോടും സ്വന്തംതട്ടകത്തിൽ അടിപതറി. ഇതോടെ സോൾചെയറിനെ പുറത്താക്കാൻ ശബ്ദമുയർന്നിരുന്നു. പക്ഷേ, മാനേജ്‌മെന്റ്‌ നോർവെക്കാരനിൽ വിശ്വസിച്ചു. എന്നാൽ വാറ്റ്‌ഫോർഡിനെതിരായ തകർച്ചയോടെ സോൾചെയറിന്റെ കസേര തെറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top