10 October Thursday

ജൊകോ 
നേടുമോ ; യുഎസ്‌ ഓപ്പൺ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Monday Aug 26, 2024

image credit Novak Djokovic facebook


ന്യൂയോർക്ക്‌
നൊവാക്‌ ജൊകോവിച്ച്‌ ചരിത്രത്തിനരികെയാണ്‌. 25 ഗ്രാൻഡ്‌സ്ലാം കിരീടങ്ങൾ നേടിയ മറ്റൊരു ടെന്നീസ്‌ താരമില്ല. ഈ സീസണിലെ അവസാന ഗ്രാൻഡ്‌സ്ലാം ടൂർണമെന്റായ യുഎസ്‌ ഓപ്പൺ ഇന്നു തുടങ്ങുമ്പോൾ 37 വയസ്സുള്ള സെർബിയക്കാരനാണ്‌ ശ്രദ്ധാകേന്ദ്രം. ഒളിമ്പിക്‌സ്‌ സ്വർണം നേടിയതാണ്‌ ഈ സീസണിലെ പ്രധാന നേട്ടം. സ്‌പാനിഷ്‌താരം കാർലോസ്‌ അൽകാരസിനെ തോൽപ്പിച്ചാണ്‌ ആദ്യമായും അവസാനമായും ഒളിമ്പിക്‌ ചാമ്പ്യനായത്‌. കഴിഞ്ഞ മൂന്നു ഗ്രാൻഡ്‌സ്ലാം ടൂർണമെന്റുകളിലും കിരീടം സാധ്യമായില്ല. ഓസ്‌ട്രേലിയൻ ഓപ്പൺ സെമിയിൽ തോറ്റപ്പോൾ ഫ്രഞ്ച്‌ ഓപ്പണിൽ ക്വാർട്ടറിൽ പരിക്കേറ്റ്‌ മടങ്ങി.  വിംബിൾഡൺ ഫൈനലിൽ അൽകാരസിനോട്‌ തോറ്റു. വനിതാ ടെന്നീസിലെ ഇതിഹാസതാരമായ ഓസ്‌ട്രേലിയയുടെ മാർഗരറ്റ്‌ കോർട്ടിന്റെ റെക്കോഡിനൊപ്പമാണ്‌ ജൊകോ. ഇരുവർക്കും 24 ഗ്രാൻഡ്‌സ്ലാം കിരീടങ്ങളാണുള്ളത്‌.

ജൊകോ നിലവിലെ യുഎസ്‌ ഓപ്പൺ ചാമ്പ്യനാണ്‌. കഴിഞ്ഞതവണ ഡാനിൽ മെദ്‌വദേവിനെ പരാജയപ്പെടുത്തിയാണ്‌ ജേതാവായത്‌. ഇക്കുറി ആദ്യമത്സരം  മൾഡോവയുടെ റാഡു അൽബോട്ടുമായാണ്‌. 2017നുശേഷം എല്ലാ സീസണിലും ഒരു ഗ്രാൻഡ്‌സ്ലാം കിരീടമെങ്കിലും നേടിയിട്ടുണ്ട്‌.  കഴിഞ്ഞതവണയടക്കം യുഎസ്‌ ഓപ്പണിൽ നാല്‌ കിരീടമുണ്ട്‌. ഇത്തവണ ഫ്രഞ്ച്‌ ഓപ്പണും വിംബിൾഡണും കരസ്ഥമാക്കിയ സ്‌പെയ്‌നിന്റെ യുവതാരം കാർലോസ്‌ അൽകാരസ്‌, ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവും ഒന്നാം റാങ്കുകാരനുമായ  ഇറ്റലിയുടെ യാനിക്‌ സിന്നർ എന്നിവരാണ്‌ പ്രധാന വെല്ലുവിളി. 2021ലെ ചാമ്പ്യൻ റഷ്യക്കാരൻ ഡാനിൽ മെദ്‌വദേവിനെയും സൂക്ഷിക്കണം. ഈ സീസണിൽ വിംബിൾഡണിലും ഓസ്‌ട്രേലിയൻ ഓപ്പണിലും റണ്ണറപ്പാണ്‌.

ഉത്തേജകമരുന്ന്‌ പരിശോധനയിൽ പരാജയപ്പെട്ടതിന്റെ നിരാശയുമായാണ്‌ സിന്നർ എത്തുന്നത്‌. നിരോധിക്കപ്പെട്ട മരുന്ന്‌ ശരീരത്തിലെത്തിയത്‌ ബോധപൂർവമല്ലെന്ന  കണ്ടെത്തൽ രക്ഷയായി. ഇതേത്തുടർന്ന്‌ ഫിറ്റ്‌നസ്‌ കോച്ച്‌ ഉമ്പർട്ടോ ഫെരാരയെയും ഫിസിയോ തെറാപ്പിസ്‌റ്റ്‌ ജിയകൊമൊ നൽഡിയെയും പുറത്താക്കിയാണ്‌ സിന്നർ പ്രതികരിച്ചത്‌. തിരുമ്മലിന്‌ ഉപയോഗിച്ച മരുന്നിൽനിന്നാണ്‌ നിരോധിക്കപ്പെട്ട അനബോളിക്‌ സ്‌റ്റെറോയ്‌ഡായ ക്ലോസ്‌റ്റെബോൾ ശരീരത്തിലെത്തിയത്‌. ഇക്കാര്യത്തിൽ സിന്നറിന്‌ പങ്കില്ലെന്ന വിലയിരുത്തലിലാണ്‌ വിലക്ക്‌ ഒഴിവായത്‌.

യുഎസ്‌ ഓപ്പണിന്‌ തൊട്ടുമുമ്പ്‌ നടന്ന സിൻസിനാറ്റി ഓപ്പണിൽ ജേതാവായാണ്‌ വരവ്‌. നാളെ അമേരിക്കയുടെ മക്‌ഡൊണാൾഡുമായാണ്‌ ആദ്യ കളി. ഇന്ത്യയുടെ സുമിത്‌ നാഗൽ നാളെ നെതർലൻഡ്‌സിന്റെ  ടാല്ലൻ ഗ്രീക്‌സപുറിനെ നേരിടും. വനിതകളിൽ അമേരിക്കയുടെ കൊകൊ ഗഫാണ്‌ നിലവിലെ ചാമ്പ്യൻ. ഒന്നാംറാങ്കുകാരിയും ഫ്രഞ്ച്‌ ഓപ്പൺ ചാമ്പ്യനുമായ  പോളണ്ടിന്റെ ഇഗ ഷ്വാടെക്‌, ഓസ്‌ട്രേലിയൻ ഓപ്പൺ ജേത്രി ബെലാറസിന്റെ അരീന സബലെങ്ക, കസഖ്‌സ്ഥാൻ താരം എലെന റിബാകിന, വിംബിൾഡൺ സ്വന്തമാക്കിയ ചെക്ക്‌താരം ബാർബറ ക്രെജ്‌സികോവ എന്നിവരും കിരീടം ആഗ്രഹിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top