20 March Wednesday

നിദഹാസ് ട്വന്റി‐20 ; ഇന്ന്‌ കലാശപ്പോര്‌

വെബ് ഡെസ്‌ക്‌Updated: Sunday Mar 18, 2018

കൊളംബോ  > നിദഹാസ് ട്വന്റി‐20 പരമ്പരയുടെ കലാശപ്പോരിൽ ഇന്ന് ഇന്ത്യയും ബംഗ്ലാദേശും നേർക്കുനേർ. ആദ്യകളിയിലെ തോൽവിക്കുശേഷം കളിച്ച മൂന്നു കളിയും ജയിച്ചാണ് ഇന്ത്യ ഫൈനലിന് യോഗ്യത നേടിയത്. അതേസമയം, ആതിഥേയരായ ശ്രീലങ്കക്കെതിരെ കളിച്ച രണ്ടു കളിയിലും ഗംഭീര പോരാട്ടത്തോടെ ജയം സ്വന്തമാക്കിയാണ് ബംഗ്ലാകൾ കിരീടപ്പോരിന് ടിക്കറ്റ് ഉറപ്പിച്ചത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻസമയം രാത്രി ഏഴിനാണ് മത്സരം.

മുതിർന്ന കളിക്കാർക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങൾക്ക് കഴിവുതെളിയിക്കാനുള്ള അവസരമായാണ് ഇന്ത്യ ലങ്കയിലെ പരമ്പരയെ കണ്ടത്. സമീപകാലത്ത് ദുർബലരായി മാറിയ ലങ്കയ്ക്കു പുറമെ, ബംഗ്ലാദേശ്കൂടിയായപ്പോൾ ഇന്ത്യ പരമ്പര എളുപ്പമാകുമെന്നുകരുതി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മികവുകാട്ടിയ പുതിയ കളിക്കാരുടെ സാന്നിധ്യമായിരുന്നു ബിസിസിഐയുടെ ഈ തീരുമാനത്തിനു പിറകിൽ. എന്നാൽ ആദ്യ കളിയിൽ ലങ്കയോടു തോറ്റത് രോഹിത് ശർമയുടെ  യുവസംഘത്തിന് കനത്ത തിരിച്ചടിയായി. രണ്ടാമത്തെ കളി ജയിച്ച് ആത്മവിശ്വാസം വീണ്ടെടുത്തെങ്കിലും ബംഗ്ലാദേശ് ലങ്കയെ തോൽപ്പിച്ചതോടെ ശേഷിച്ച കളികൾ പരമ്പരയിൽ നിർണായകമായി. മൂന്നാമത്തെ കളിയിൽ ലങ്കയെ തോൽപ്പിച്ച് സമ്മർദം ഒഴിവാക്കിയ ഇന്ത്യ രണ്ടാമതും ബംഗ്ലാദേശിനെ തോൽപ്പിച്ച് ഫൈനൽ ഉറപ്പിക്കുകയായിരുന്നു.

പുതുമുഖങ്ങളിൽ ജയദേവ് ഉനദ്കട്ടും, മുഹമ്മദ് സിറാജും മാത്രമാണ് പ്രതീക്ഷയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാതിരുന്നത്. കണക്കറ്റ് റൺ വിട്ടുനൽകി ഈ പേസർമാർ. എന്നാൽ ആദ്യമത്സരത്തിൽ ശിക്ഷിക്കപ്പെട്ടെങ്കിലും ശാർദുൾ താക്കൂർ, വിജയ് ശങ്കർ, വാഷിങ്ടൺ സുന്ദർ, യുസ്വേന്ദ്ര ചഹാൽ എന്നിവർ മികവുകാട്ടി. പവർപ്ലേ ഓവറുകളിൽ വാഷിങ്ടൺ സുന്ദറിന്റെ ബൗളിങ് നിർണായക വിക്കറ്റുകൾ സമ്മാനിച്ചു. ബാറ്റിങ്ങിൽ മനീഷ് പാണ്ഡെയും മോശമാക്കിയില്ല. തിളങ്ങാൻ വൈകിയെങ്കിലും ക്യാപ്റ്റൻ രോഹിത് താളംകണ്ടെത്തുകയും ചെയ്തു. യുവതാരങ്ങളുടെ മികവിനൊപ്പം രോഹിതിന്റെയും പ്രകടനമാണ് അവസാന കളിയിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ആധികാരികജയം സമ്മാനിച്ചത്. ഇന്നും അത് ആവർത്തിക്കാനാകും ഇന്ത്യയുടെ ശ്രമം.

പരമ്പരയിൽ രണ്ടുതവണ നേർക്കുനേർ വന്നപ്പോഴും ഇന്ത്യയെ ജയിക്കാനായിരുന്നില്ല ബംഗ്ലാദേശിന്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യ അവരെക്കാൾ ഒരുപടി മികച്ചുനിന്നു. എന്നാൽ അവസാന കളിയിൽ ലങ്കയെ തോൽപ്പിച്ച രീതി ഷാകിബ് അൽ ഹസന്റെയും കൂട്ടരുടെയും ആത്മവിശ്വാസം ചെറുതായൊന്നുമല്ല ഉയർത്തിയത്. ബാറ്റിങ്ങിൽ മുതിർന്ന കളിക്കാരായ മുഷിഫികുർ റഹീമും, തമീം ഇക്ബാലും, സൗമ്യ സർക്കാരും മഹ്മൂദുള്ളയും ബംഗ്ലാദേശിനുവേണ്ടി തിളങ്ങി. മുസ്താഫിസുർ റഹ്മാനാണ് ബൗളിങ്ങിൽ മികച്ചുനിന്നത്. റൂബെൽ ഹുസൈൻ ഇന്ത്യക്കെതിരെ തിളങ്ങി. യുവാക്കളുടെ സംഘമാണെങ്കിലും ഇന്ത്യയുടെ മികവിന് ഒപ്പം പിടിക്കാൻ എളുപ്പമാകില്ല ബംഗ്ലാദേശിന്. പോരാട്ടവീര്യമാണ് അവരുടെ കൈമുതൽ. അതിനുള്ള മറുമരുന്നു കരുതിയാകും ഇന്ത്യയും ഇറങ്ങുക.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top