14 July Tuesday

- കളിക്കളത്തിലെ സമ്പന്നർ : ഫെഡറർ മുമ്പൻ, കോഹ്‌ലി പട്ടികയിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020


ലണ്ടൻ
ലോകത്ത്‌ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളുടെ പട്ടികയിൽ ടെന്നീസ്‌ താരം റോജർ ഫെഡറർ ഒന്നാമത്‌. ഫോബ്‌സ്‌ മാസിക തയ്യാറാക്കിയ പട്ടികപ്രകാരം 803 കോടി രൂപയാണ്‌ ഫെഡററുടെ ഈ വർഷത്തെ സമ്പാദ്യം. ഒരു ടെന്നീസ്‌ താരം ഈ ബഹുമതി നേടുന്നത്‌ ആദ്യമാണ്‌. ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി ആദ്യ 100ൽ സ്ഥാനം പിടിച്ചു. കോഹ്‌ലിയുടെ സമ്പാദ്യം 196 കോടി രൂപയാണ്‌.

കളിക്കാരുടെ സമ്മാനത്തുക, മത്സരങ്ങളിൽ പങ്കെടുക്കാനുള്ള ഫീസ്‌, ശമ്പളം, കരാർ തുക, റോയൽറ്റി എന്നിവയാണ്‌ പരിഗണിച്ചത്‌. കോവിഡ്‌ ആയതിനാൽ മിക്ക കായിക താരങ്ങളുടെയും പ്രതിഫലം കുറച്ചിരുന്നു. പോർച്ചുഗൽ ഫുട്‌ബോൾ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോ 793 കോടിയുമായി രണ്ടാംസ്ഥാനത്താണ്‌. അർജന്റീനയുടെ ലയണൽ മെസി 785 കോടിയുമായി മൂന്നാംസ്ഥാനത്തുണ്ട്‌. ബ്രസീലിന്റെ നെയ്‌മർ നാലാമതാണ്‌ (721 കോടി). ശമ്പളത്തിലെ വെട്ടിക്കുറവാണ്‌ ഫുട്‌ബോൾ താരങ്ങൾക്ക്‌ വിനയായത്‌. 

ആദ്യ 100 സമ്പന്നരിൽ 35 പേർ ബാസ്‌കറ്റ്‌ബോൾ താരങ്ങളാണ്‌. 31 അമേരിക്കൻ ഫുട്‌ബോൾ താരങ്ങളും 14 ഫുട്‌ബോൾ താരങ്ങളും ഉൾപ്പെട്ടു. ആറ്‌ ടെന്നീസ്‌ താരങ്ങളുണ്ട്‌. അതിൽ വനിതാ താരങ്ങളായ നവോമി ഒസാകയും (29) സെറീന വില്യംസുമുണ്ട്‌ (33). കഴിഞ്ഞ വർഷത്തേക്കാൾ 30 പടി കയറി 66‐ാം സ്ഥാനത്താണ്‌ കോഹ്‌ലി ‌. ആദ്യ നൂറിൽ മറ്റ്‌ ഇന്ത്യക്കാരില്ല.
 


പ്രധാന വാർത്തകൾ
 Top