28 November Saturday

യുവന്റസ്‌ കടന്ന്‌ ബാഴ്‌സ

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

യുവന്റസിനെതിരായ ജയം ആഘോഷിക്കുന്ന ബാഴ്‌സ ക്യാപ്‌റ്റൻ ലയണൽ മെസി

ടൂറിൻ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവം യുവന്റസിനെ തളർത്തി. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ബാഴ്‌സലോണയോട്‌ രണ്ട്‌ ഗോളുകൾക്ക്‌ തോറ്റു. ഒന്നടിക്കുകയും മറ്റൊന്നിന്‌ വഴിയൊരുക്കുകയും ചെയ്‌ത്‌ ലയണൽ മെസി കളിയിൽ നിറഞ്ഞു. ഉസ്‌മാൻ ഡെംബലെയാണ്‌ ബാഴ്‌സയുടെ ആദ്യഗോൾ കുറിച്ചത്‌. അൽവാരോ മൊറാട്ട മൂന്നുവട്ടം യുവന്റസിനായി വലകടത്തിയെങ്കിലും ‘വാർ’ കനിഞ്ഞില്ല. മറ്റു മത്സരങ്ങളിൽ മർകസ്‌ റഷ്‌ഫഡിന്റെ ഹാട്രിക്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ആർബി ലെയ്‌പ്‌സിഗിനെ അഞ്ച്‌ ഗോളിന്‌ തകർത്തു. പിഎസ്‌ജി ഇസ്‌താംബുൾ ബാസകെഹിറിനെയും കീഴടക്കി (2–-0). ചെൽസിയാകട്ടെ നാല്‌ ഗോളിന്‌ എഫ്‌സി ക്രാസ്‌നോഡറിനെയും തോൽപ്പിച്ചു.

ബാഴ്‌സയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ യുവന്റസ്‌ വിയർത്തു. ലക്ഷ്യത്തിലേക്ക്‌ ഒറ്റ പന്തുപോലും തൊടുക്കാൻ അവർക്കായില്ല. എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിനോട്‌ തോറ്റെത്തിയ ബാഴ്‌സ മിന്നി. പന്തടക്കത്തിലും പാസിങ്ങിലും മികവുകാട്ടി. മെസിയായിരുന്നു ആസൂത്രകൻ. കളിയവസാനം പെനൽറ്റിയിലൂടെയാണ്‌ അർജന്റീനക്കാരൻ ലക്ഷ്യംകണ്ടത്‌. രണ്ടാംപകുതി മെറിഹ്‌ ദെമിറാൽ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ മടങ്ങിയതും യുവന്റസിന്‌ ക്ഷീണമായി.

പകരക്കാരനായി വന്ന്‌ 16 മിനിറ്റുകൾക്കിടെയാണ്‌ റഷ്‌ഫഡ്‌ യുണൈറ്റഡിനായി ഹാട്രിക് അടിച്ചത്‌. ആന്തണി മാർഷ്യലും മാസൺ ഗ്രീൻവുഡും മറ്റ്‌ ഗോളുകൾ കുറിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top