20 October Tuesday
മാനെ, റോബെർട്‌സൺ, യോട്ട എന്നിവർ ഗോളടിച്ചു , ലിവർപൂളിന്റെ മൂന്നാം ജയം

മുഴങ്ങീ...മുന്നറിയിപ്പ്‌ ; ലിവർപൂൾ അഴ്‌സണലിനെ 3‐1ന്‌ തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020

അഴ്‌സണലിനെതിരെ ലിവർപൂളിനായി സാദിയോ മാനെ ഗോൾ നേടുന്നു


ലണ്ടൻ
ചെൽസിക്ക്‌ പിന്നാലെ അഴ്‌സണലും ലിവർപൂളിന്റെ പ്രഹരമറിഞ്ഞു. ആൻഫീൽഡിൽ 3–-1നാണ്‌ യുർഗൻ ക്ലോപ്പിന്റെ സംഘം അഴ്‌സണലിനെ തകർത്തുവിട്ടത്‌. ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ പുതിയ സീസണിലെ ആദ്യ മൂന്ന്‌ മത്സരങ്ങൾകൊണ്ടുതന്നെ ലിവർപൂൾ നയം വ്യക്തമാക്കി. എതിരാളികൾക്കുള്ള മുന്നറിയിപ്പ്‌ മുഴങ്ങിക്കഴിഞ്ഞു. ഒറ്റ പോയിന്റും വിട്ടുകൊടുക്കില്ലെന്ന ഊർജമാണ്‌ കഴിഞ്ഞദിവസം അഴ്‌സണലുമായുള്ള കളിയിൽ വ്യക്തമായത്‌.

ആദ്യഘട്ടത്തിൽ അബദ്ധത്തിൽ ഗോൾ വഴങ്ങിയശേഷം അതിമനോഹരമായ തിരിച്ചുവരവാണ്‌ ലിവർപൂൾ നടത്തിയത്‌. ആൻഡ്രൂ റോബെർട്‌സൺ, സാദിയോ മാനെ, പകരക്കാരനായെത്തിയ ദ്യേഗോ യോട്ട എന്നിവർ ലിവർപൂളിനായി ഗോളടിച്ചു.
ആദ്യ കളിയിൽ ലീഡ്‌സ്‌ യുണൈറ്റഡിന്റെ ഗോളടിക്കളിയിൽ ഒന്ന്‌ പരുങ്ങിയെങ്കിലും അന്തിമജയം യുർഗൻ ക്ലോപ്പിന്റെ സംഘം പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം മത്സരത്തിൽ ചെൽസിയെ അവരുടെ തട്ടകമായ സ്‌റ്റാംഫോർഡ്‌ ബ്രിഡ്‌ജിൽ നിലംപരിശാക്കി.

അഴ്‌സണലിനെതിരെ തുടക്കത്തിൽ ലിവർപൂൾ സംയമനം പാലിച്ചു. കളി പുരോഗമിക്കുംതോറും മൂർച്ച കൂടിക്കൂടി വന്നു. എങ്കിലും കളിഗതിക്കെതിരായ ആദ്യ ഗോൾ അഴ്‌സണലിന്റെ ഭാഗത്തുനിന്നായിരുന്നു. റോബെർട്‌സന്റെ പിഴവായിരുന്നു ഗോളിന്‌ കാരണമായത്‌. ലിവർപൂൾ ബോക്‌സിലേക്ക്‌ ഉയർന്നെത്തിയ പന്ത്‌ റോബെർട്‌സൺ നിയന്ത്രിച്ച്‌ നൽകിയത്‌ അഴ്‌സണൽ മുന്നേറ്റക്കാരൻ അലക്‌സാൻഡ്രെ ലകാസട്ടെയ്‌ക്ക്‌. ഗോളി മാത്രം മുന്നിൽ നിൽക്കെ ലകാസട്ടെ വലയിലേക്ക്‌ തൊടുത്തു.

ആ ഗോളിൽ ലിവർപൂൾ ചെറുതായൊന്ന്‌ ഞെട്ടിയെങ്കിലും തിരിച്ചടി ഉടൻതന്നെ കൊടുത്തു. വഴങ്ങി മൂന്ന്‌ മിനിറ്റിനുള്ളിൽ തൊടുത്തു. മുഹമ്മദ്‌ സലായുടെ കനത്ത ഷോട്ട്‌ അഴ്‌സണൽ ഗോൾ കീപ്പർ ബെർണാഡ്‌ ലെനോ തട്ടിയകറ്റി. പക്ഷേ, പന്ത്‌ മാനെയിലേക്കാണ്‌ എത്തിയത്‌. ഇക്കുറി ലെനോ തളർന്നു. പിന്നാലെ റോബെർട്‌സണിലൂടെ ലീഡ്‌. പിഴവിനുള്ള റോബെർട്‌സന്റെ പ്രായശ്‌ചിത്തം. പകരക്കാരനായി ഇറങ്ങിയ യോട്ട അഴ്‌സണലിന്റെ ശേഷിച്ച വീര്യവും കെടുത്തി.
മറുവശത്ത്‌ അഴ്‌സണലിന്‌ കളിയിൽ അവസരങ്ങളുണ്ടായിരുന്നു. എന്നാൽ, ലകാസട്ടെ അതെല്ലാം പാഴാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top