22 October Tuesday

ദേശീയ സീനിയർ മീറ്റ‌് : കേരളം അരികെ

പ്രദീപ‌് ഗോപാൽUpdated: Friday Aug 30, 2019

വനിതകളുടെ പോൾവോൾട്ടിൽ കേരളത്തിന്റെ കൃഷ്‌ണ രചൻ സ്വർണം നേടുന്നു ഫോട്ടോ: ജി പ്രമോദ്‌

ലഖ‌്നൗ
ദേശീയ സീനിയർ അത‌്‌ലറ്റിക‌് മീറ്റിൽ കേരളത്തിന‌് രണ്ട‌ു സ്വർണംകൂടി. മൂന്നാംദിനം വനിതകളുടെ പോൾവോൾട്ടിൽ കൃഷ‌്ണ രചനും പുരുഷന്മാരുടെ 10,000 മീറ്ററിൽ ടി ഗോപിയും പൊന്നണിഞ്ഞു. രണ്ട‌ുവീതം വെള്ളിയും വെങ്കലവും കേരളത്തിന‌ു കിട്ടി. മീറ്റ‌് ഇന്ന‌് സമാപിക്കെ 116 പോയിന്റുമായി കേരളമാണ‌് മുന്നിൽ. 91 പോയിന്റുള്ള തമിഴ‌്നാടാണ‌് രണ്ടാമത‌്.

വനിതകളുടെ 400 മീറ്ററിൽ മികച്ച സമയം കുറിച്ച ഹരിയാനയുടെ അഞ‌്‌ജലി ദേവിയാണ‌് മൂന്നാംദിനം മിന്നിയത‌്. 51.53 സെക്കൻഡിൽ ഒന്നാമതെത്തിയ അഞ‌്ജലി ലോക ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക‌് ഒരിക്കൽക്കൂടി മറികടന്നു. മറ്റിനങ്ങളിൽ നല്ല  പ്രകടനങ്ങളുണ്ടായില്ല. പോൾവോൾട്ടിൽ ആദ്യ മൂന്ന‌ു സ്ഥാനവും കേരളത്തിനാണ‌്. കൃഷ‌്ണ 3.80 മീറ്ററിൽ ചാമ്പ്യനായി. നിവ്യ ആന്റണി വെള്ളിയും (3.60) സിഞ‌്ജു പ്രകാശ‌് വെങ്കലവും (3.30) സ്വന്തമാക്കി.

പോൾവോൾട്ടിൽ സ്വർണം നേടിയ കേരളത്തിന്റെ കൃഷ്‌ണ രചനെ വെള്ളി നേടിയ  നിവ്യ ആന്റണിയും (ഇടത്ത്‌) വെങ്കലം നേടിയ സിഞ്ജു പ്രകാശും ചുംബിക്കുന്നു

പോൾവോൾട്ടിൽ സ്വർണം നേടിയ കേരളത്തിന്റെ കൃഷ്‌ണ രചനെ വെള്ളി നേടിയ നിവ്യ ആന്റണിയും (ഇടത്ത്‌) വെങ്കലം നേടിയ സിഞ്ജു പ്രകാശും ചുംബിക്കുന്നു

പതിനായിരം മീറ്ററിൽ ടി ഗോപി 30:52.75 സെക്കൻഡ്‌ സമയത്തിൽ ഒന്നാമതെത്തി. മാരത്തൺ ആണ‌് ഗോപിയുടെ പ്രധാന മത്സരം. ഈയിനത്തിൽ ലോക ചാമ്പ്യൻഷിപ‌് യോഗ്യത കുറിക്കുകയും ചെയ‌്തു. ലഖ‌്നൗവിൽ ശാരീരികക്ഷമത തെളിയിക്കൽ മാത്രമായിരുന്നു ലക്ഷ്യം.

പുരുഷ ഹൈജമ്പിൽ കടുത്ത പോരാട്ടത്തിനൊടുവിൽ ജിയോ ജോസ‌് കേരളത്തിനായി വെള്ളി നേടി. 2.21 മീറ്ററിലാ‌ണ‌് നേട്ടം. മഹാരാഷ‌്ട്രയുടെ സർവേശ‌് കുഷാറെയ‌്ക്കാണ‌് സ്വർണം. സർവേശ‌് 2.23 മീറ്റർ ചാടി. കഴിഞ്ഞവർഷം മീറ്റ‌് റെക്കോഡിട്ട കർണാടകത്തിന്റെ ബി ചേതൻ 2.19 മീറ്ററിൽ മൂന്നാമതായി. 2.30 ആണ‌് ലോക ചാമ്പ്യൻഷിപ‌് യോഗ്യതാ മാർക്ക‌്.

വനിതകളുടെ 400 മീറ്ററിൽ ജിസ‌്ന മാത്യു 53.08 സെക്കൻഡിൽ മൂന്നാമതെത്തി. അവസാനദിനമായ ഇന്ന‌് പുരുഷന്മാരുടെ 4﹣400 മീറ്റർ റിലേയാണ‌് ശ്രദ്ധേയ ഇനം. വനിതകളുടെ 100 മീറ്ററിൽ ദ്യുതി ചന്ദും സ‌്റ്റീപ്പിൾചേസിൽ സുധാസിങ്ങും യോഗ്യത തേടി ഇറങ്ങും.


പ്രധാന വാർത്തകൾ
 Top