24 May Friday

ഖത്തറിനെതിരെ വീണ്ടും ആരോപണം, ലോകകപ്പ് വേദിക്കായുള്ള മറ്റുരാജ്യങ്ങളുടെ നീക്കങ്ങൾ അട്ടിമറിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jul 30, 2018ലണ്ടൻ
പശ്ചിമ ഏഷ്യയിലെ ആദ്യ ഫിഫ ലോകകപ്പിന് വേദിയാകാനൊരുങ്ങുന്ന ഖത്തറിനെതിരെ വീണ്ടും ഗുരുതര ആരോപണം. തങ്ങൾക്കൊപ്പം ലോകകപ്പ് വേദിക്ക് ശ്രമിച്ച രാജ്യങ്ങൾക്കെതിരെ ഖത്തർ പണംമുടക്കി ദുഷ്പ്രചാരണം നടത്തി എന്ന വെളിപ്പെടുത്തലുമായി ബ്രിട്ടീഷ് മാധ്യമമായ സൺഡേ ടൈംസ് രംഗത്തുവന്നു. അമേരിക്കയിലെ പബ്ലിക് റിലേഷൻസ് സ്ഥാപനത്തിനും അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയിലെ മുൻ ഉദ്യോഗസ്ഥർക്കും ഖത്തർ പണം നൽകിയെന്നു കാണിക്കുന്ന ചില രേഖകളും പത്രം പുറത്തുവിട്ടു. ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് ഫിഫ വൃത്തങ്ങൾ അറിയിച്ചു. ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്ന് ഖത്തർ പ്രതികരിച്ചു.

ഫിഫയിലെ ഉന്നതർക്ക് കൈക്കൂലി നൽകിയാണ് ഖത്തറും റഷ്യയും ലോകകപ്പിന് വേദി നേടിയതെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. എന്നാൽ, ഫിഫയുടെ അന്വേഷണത്തിൽ പരാതി അടിസ്ഥാനരഹിതമെന്ന് തെളിഞ്ഞു. ലോകകപ്പിന് യോഗ്യത നേടിയതു മുതൽ ഖത്തറിനും റഷ്യക്കുമെതിരെ അമേരിക്കയും ബ്രിട്ടനും ചേർന്ന് കുപ്രചാരണങ്ങൾ അഴിച്ചുവിട്ടിരുന്നു. റഷ്യ അതിഗംഭീരമായി ലോകകപ്പ് നടത്തിയത് പാശ്ചാത്യചേരിക്ക് കനത്ത തിരിച്ചടിയായി. പുതിയ ആരോപണത്തിന്റെ യഥാർഥചിത്രം അന്വേഷണത്തിൽ മാത്രമേ വ്യക്തമാകൂ.
2010ൽ ആണ് 2018, 2022 ലോകകപ്പ് വേദികളുടെ തെരഞ്ഞെടുപ്പ് നടന്നത്. 2022 ലോകകപ്പ് ഖത്തറിന് അനുവദിച്ചത് പാശ്ചാത്യചേരിയെ ഞെട്ടിച്ചു. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ, കൊറിയ എന്നീ രാജ്യങ്ങളും ഈ ലോകകപ്പിനായി ശ്രമിച്ചിരുന്നു. എന്നാൽ, ഏഷ്യയിലെ ഫുട്ബോൾ വികസനവും ടൂർണമെന്റ് നടത്താനുള്ള ഖത്തറിന്റെ പ്രാപ്തിയും കണക്കിലെടുത്തായിരുന്നു ഫിഫയുടെ തീരുമാനം.

വേദി നേടിയെടുക്കാൻ പ്രവർത്തിച്ച ഖത്തർ ദൗത്യസംഘത്തിലെ ഒരംഗത്തിൽനിന്ന് കിട്ടിയതാണ് അട്ടിമറി വിവരങ്ങളെന്നാണ് സൺഡേ ടൈംസ് പറയുന്നത്. ലോകകപ്പ് വേദിക്കായുള്ള തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മറ്റു രാജ്യങ്ങളിലെ മാധ്യമങ്ങളും മറ്റു പ്രചാരണ സംവിധാനങ്ങളും ഖത്തർ ഉപയോഗിച്ചുവെന്നാണ് വാർത്ത. വേദിക്കായി ശ്രമിച്ച രാജ്യങ്ങളിലെ മാധ്യമപ്രവർത്തകരെയും മറ്റുംതെരഞ്ഞുപിടിച്ച് അവരിലൂടെ അതത് രാജ്യത്തിനെതിരെ പ്രചാരണം നടത്തി. ആ രാജ്യത്തിന് ലോകകപ്പ് നടത്താനുള്ള പ്രാപ്തിയില്ലെന്ന് ജനങ്ങൾക്കിടയിലും മറ്റും തോന്നലുണ്ടാക്കുകയായിരുന്നു ലക്ഷ്യം. ലോകകപ്പ് വേദി നിശ്ചയിക്കുമ്പോൾ ടൂർണമെന്റിനോടുള്ള രാജ്യത്തെ ജനങ്ങളുടെ താൽപ്പര്യം ഫിഫ കാര്യമായി പരിഗണിക്കും. ആ താൽപ്പര്യത്തിൽ ഇടിവുണ്ടാക്കുകയായിരുന്നു ഖത്തറിന്റെ ലക്ഷ്യമെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു.

ലേഖനങ്ങളും മറ്റും എഴുതുന്ന അമേരിക്കയിലെ ഒരു പ്രമുഖന് 9000 ഡോളർ കോഴ നൽകി, ആ രാജ്യത്ത് ലോകകപ്പ് നടത്തുന്നത് ചെലവേറിയ ഏർപ്പാടാണെന്ന് എഴുതിച്ചുവെന്നതാണ് ഒരു ആരോപണം. അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും പ്രമുഖ മാധ്യമപ്രവർത്തകരെയും ബ്ലോഗ് എഴുത്തുകാരെയും സ്വാധീനിച്ച് അവരവരുടെ രാജ്യത്തിനെതിരെ എഴുതിച്ചു. അമേരിക്കയിലെ ഒരുകൂട്ടം കായികാധ്യാപകരെ സ്വാധീനിച്ച് അവരിലൂടെ യുഎസ് പാർലമെന്റ് അംഗങ്ങളെ കൊണ്ട് ലോകകപ്പ് പാഴ്ചെലവാണെന്നും ആ തുക സ്കൂളിൽ സ്പോർട്സ് വളർത്താൻ ചെലവഴിക്കണമെന്നും പറയിപ്പിച്ചു. ഓസ്ട്രേലിയയിലെ റഗ്ബി വേദികളിലും മറ്റും ലോകകപ്പ് വേദിക്കായുള്ള ശ്രമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. എന്നിങ്ങനെയാണ് ആരോപണങ്ങൾ.

ലോകകപ്പ് വേദിക്കായുള്ള ഒരു രാജ്യത്തിന്റെ ശ്രമങ്ങൾക്കെതിരെ ലോകകപ്പിനായി ശ്രമിക്കുന്ന മറ്റൊരു രാജ്യം ലിഖിതമോ, വാക്കാലോ നടത്തുന്ന പ്രചാരണം ഗുരുതരമായ കുറ്റമാണെന്ന് ഫിഫ ചട്ടം പറയുന്നു. ആരോപണത്തെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് ഫിഫ മാധ്യമ‐സാംസ്കാരിക വിഭാഗം ചെയർമാൻ ഡാമിയൻ കോളിൻസ് പ്രതികരിച്ചു.
ലോകകപ്പിന്റെ പേരിൽ ഖത്തറിനെതിരെ ഉയർന്ന ആരോപണങ്ങൾ അനവധിയാണ്. ചൂടുള്ള കാലാവസ്ഥ കാരണം ഖത്തറിൽനിന്ന് വേദി മാറ്റണമെന്നായിരുന്നു എതിരാളികൾ ആദ്യം ആവശ്യപ്പെട്ടത്. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്ന തരത്തിൽ പ്രചാരണമുണ്ടായി. സ്റ്റേഡിയങ്ങളുടെയും മറ്റും നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് സുരക്ഷയില്ലെന്നുവരെ ആരോപിച്ചു. പാശ്ചാത്യ മാധ്യമങ്ങളായിരുന്നു ചെറുതും വലുതുമായ കുറ്റപ്പെടുത്തലുകൾക്കു പിന്നിൽ. എന്നാൽ, ഏവരെയും അതിശയിപ്പിക്കുന്ന ഒരുക്കങ്ങളാണ് ഖത്തർ നടത്തുന്നത്. പ്രധാന സ്റ്റേഡിയം അടക്കം തയ്യാറായി. ശിൽപ്പചാതുരിയും ആധുനികസംവിധാനങ്ങളും ഒരുപോലെ സമ്മേളിക്കുന്ന സ്റ്റേഡിയങ്ങൾ ശ്രദ്ധനേടിക്കഴിഞ്ഞു.

യമനിലെ ഹുതി വിമതർക്കെതിരെ സൈനിക സഖ്യം രൂപീകരിക്കുന്നതിൽനിന്നു വിട്ടുനിന്നതോടെ  സൗദി അറേബ്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ കടുത്ത ഉപരോധം അതിജീവിച്ചാണ് ലോകകപ്പിനായുള്ള ഒരുക്കങ്ങൾ ഗംഭീരമായി നടത്തുന്നത്. വിദേശനയത്തിലും മറ്റും പാശ്ചാത്യശക്തികൾക്കു വശപ്പെടാതെ ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുന്ന രാജ്യം ഏതു പ്രതിസന്ധിയും അതിജീവിക്കാൻ പ്രാപ്തരാണെന്ന് നിരവധിതവണ തെളിയിച്ചതാണ്.

ആരോപണം തള്ളുന്നു: ഖത്തർ
ദോഹ
സൺഡേ ടൈംസ് റിപ്പോർട്ട് പൂർണമായും തള്ളുന്നതായി ഖത്തർ ഭരണത്തിലെ പ്രതികരണ വിഭാഗം ഉന്നതസമിതി പ്രസ്താവനയിൽ അറിയിച്ചു. ഖത്തറിന്റെ വേദിക്കായുള്ള ശ്രമങ്ങളുമായി ബന്ധപ്പെട്ട് എല്ലാത്തരം അന്വേഷണവും നടന്നതാണ്. എല്ലാം സുതാര്യമായിരുന്നുവെന്ന് തെളിഞ്ഞതുമാണ്. വേദി തെരഞ്ഞെടുപ്പിൽ ഫിഫയുടെ എല്ലാ ചട്ടങ്ങളും ഖത്തർ കൃത്യമായി അനുസരിച്ചിരുന്നു.
 

പ്രധാന വാർത്തകൾ
 Top