17 February Sunday

ചെങ്കോലേന്തുമോ ചുവന്ന ചെകുത്താൻമാർ ?

വെബ് ഡെസ്‌ക്‌Updated: Saturday Jun 30, 2018

ഇംഗ്ലണ്ടിനെതിരായ വിജയം ആഘോഷിക്കുന്ന ബൽജിയം കളിക്കാർ

സമാര
മുന്നോട്ടുള്ള യാത്രയിൽ വമ്പന്മാരെ ഒഴിവാക്കാൻ ഇംഗ്ലണ്ട് തോറ്റുകൊടുത്തുവെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ, ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജയം നേടി ഒന്നാംസ്ഥാനത്തോടെ പ്രീക്വാർട്ടറിൽ കടന്ന ബൽജിയത്തെ തരിമ്പും വിലകുറച്ചു കാണാനാകില്ല. ഈ ലോകകപ്പിൽ ഏറ്റവും ഒത്തിണക്കത്തോടെ, കളിക്കാരുടെ മികവിനോട് നീതിപുലർത്തുന്ന പ്രകടനം കാഴ്ചവച്ചത് 'ചുവന്ന ചെകുത്താന്മാ'രാണ്. ക്വാർട്ടർവരെ എന്നാണ് പ്രവചനക്കാർ ലോകകപ്പിനുമുമ്പ് ടീമിനെക്കുറിച്ച് പറഞ്ഞത്. എന്നാൽ, നിലവിലെ പ്രകടനവും കളിക്കാരുടെ ഫോമും പരിഗണിക്കുമ്പോൾ ബൽജിയം കിരീടം നേടാൻ സാധ്യതയെന്നു പറയുന്നവരുടെ എണ്ണം ഏറെ വർധിച്ചു. 

പാനമയ്ക്കെതിരെ ആദ്യപകുതിയിൽ ഇടറിയെങ്കിലും പിന്നീട് ബൽജിയം താളംകണ്ടെത്തി. രണ്ടാം പകുതിയിൽ ടീം തനിനിറം കാണിച്ചു. കെവിൻ ദബ്രയ്നും ഏഡൻ ഹസാർഡും പന്തുമായി നൃത്തംചെയ്യാൻ തുടങ്ങിയതോടെ ബൽജിയം ഫോമിലായി. ലുക്കാക്കു ഗോളടിമികവിലേക്കു തിരിച്ചുവന്നു. രണ്ടാം മത്സരത്തിൽ ടുണീഷ്യയെ തകർത്തുവിട്ടതോടെ വേണ്ടുവോളം ആത്മവിശ്വാസവുമായി. രണ്ടാം നിരയുമായി കളിച്ച് ഇംഗ്ലണ്ടിനെതിരെ ജയം നേടിയപ്പോൾ എതിരാളികൾ ഏറെ ഭയപ്പെടുന്ന സംഘമായി  ബൽജിയം.

ജപ്പാനാണ് പ്രീക്വാർട്ടറിൽ ബൽജിയത്തിനുമുന്നിൽ വന്നുപെട്ടിരിക്കുന്നത്. ഇപ്പോഴത്തെ ഫോമിൽ ബൽജിയം ഈ കളിയിൽ എത്ര ഗോളടിക്കും എന്നതാകും ചർച്ച. എങ്കിലും പരീക്ഷണത്തിനൊന്നും നിൽക്കാതെ മികച്ച ഇലവനെയാകും പരിശീലകൻ റോബർട്ടോ മാർടിനസ് കളത്തിലിറക്കുക.

യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുള്ള മാർടിനസാണ് ബൽജിയം കുതിപ്പിന്റെ അണിയറശിൽപ്പി. മാർടിനസ് പിന്തുടരുന്ന 3‐4‐3 ശൈലി പിഴവില്ലാതെ നടപ്പാക്കാൻ കളിക്കാർക്ക് സാധിക്കുന്നു. ആക്രമണോത്സുകമാണ് ഈ ശൈലി. ആക്രമണത്തിനും പ്രതിരോധത്തിനും സഹായവുമായെത്താൻ കഴിയുന്ന കിടയറ്റ മധ്യനിരക്കാർ ടീമിന് യഥാർഥ കരുത്താണ്. ദബ്രയ്നും ഡ്രൈസ് മെർടൻസും തോമസ് മ്യൂനിറും ഈ ജോലി ഭംഗിയായി നിർവഹിക്കുന്നു. ഗോളടിക്കുന്ന കാര്യത്തിൽ റെമേലു ലുക്കാക്കു അസാധാരണ പാടവമാണ് പ്രകടിപ്പിക്കുന്നത്. ഹസാർഡ് ഫോമിലായതിനാൽ ലുക്കാക്കുവിന് വലിയ അധ്വാനമില്ലാതെ ഗോളടിക്കാം. പ്രതിരോധത്തിൽ ബാഴ്സലോണയുടെ തോമസ് വെർമെയ്ലൻ തിരിച്ചെത്തി. നായകൻ വിൻസന്റ് കൊമ്പനി പരിക്കിൽനിന്ന് മോചിതനായാൽ ഈ മേഖലയിൽ കാര്യങ്ങൾ കൂടുതൽ ഭദ്രമാകും. വല കാക്കുന്നതിൽ തിബൗ കുർടോയിസ് വിശ്വസ്തനാണ്.

പ്രീക്വാർട്ടർ ഉറപ്പിച്ച ഇംഗ്ലണ്ടും ബൽജിയവും സൗഹൃദ മനോഭാവത്തോടെയാണ് കളിച്ചത്. ബൽജിയം ഒമ്പതു മാറ്റവും ഇംഗ്ലണ്ട് എട്ടു മാറ്റവും വരുത്തി. അതിൽനിന്നുതന്നെ കളിയോടുള്ള സമീപനം വ്യക്തം. അഡ്നാൻ ജനുസായ് എന്ന യുവതാരത്തിന്റെ മികവിൽ പിറന്ന മനോഹര ഗോളിൽ ബൽജിയം മൂന്നു പോയിന്റ് സ്വന്തമാക്കി.

തുല്യശക്തികളുടെ പോരാട്ടമായിരുന്നു 90 മിനിറ്റും കണ്ടത്. പകരക്കാരായ താരങ്ങൾക്ക് കഴിവുതെളിയിക്കാൻ അവസരം ലഭിച്ചതാണ് ഏക മെച്ചം. മത്സരത്തിന് ചെറിയ ആവേശംപോലും നൽകാൻ ഈ കളിക്കാർക്ക് സാധിച്ചില്ല. 90 മിനിറ്റും പതിഞ്ഞ താളത്തിൽ കാര്യങ്ങൾ നീങ്ങി. ഗോൾരഹിത സമനിലയാണ് ഇരുവരും ആഗ്രഹിച്ചതെങ്കിലും ജനുസായ് കിട്ടിയ അവസരം മുതലെടുത്തതോടെ ബൽജിയത്തിന് മധുരമുള്ളൊരു ജയംകൂടി.

പ്രധാന വാർത്തകൾ
 Top