14 July Tuesday
പൊലീസിലെ മൂന്ന്‌ ഫുട്‌ബോൾ താരങ്ങൾ ഇന്ന്‌ വിരമിക്കും

ഷറഫലി പന്ത്‌ വിടില്ല, അക്കാദമിയുമായി ചാക്കോ

ജിജോ ജോർജ്‌Updated: Saturday May 30, 2020


മലപ്പുറം
പൊലീസ്‌ യൂണിഫോം അഴിച്ചുവയ്‌ക്കുകയാണെങ്കിലും പന്തിനുപിന്നാലെ പായാനാണ്‌ മുൻ ഇന്ത്യൻ നായകൻ യു ഷറഫലിയുടെ തീരുമാനം. ജോലിയിൽനിന്ന്‌ വിരമിച്ചാൽ പുതുതലമുറയെ വാർത്തെടുക്കാൻ സോക്കർ അക്കാദമിയുമായി  ഗോൾ കീപ്പർ കെ ടി ചാക്കോ ഉണ്ടാകും. കേരള പൊലീസിന്റെ പ്രതാപകാല നിരയിൽ പ്രമുഖരായ യു ഷറഫലിയും കെ ടി ചാക്കോയും പ്രതിരോധത്തിലെ ഉരുക്കുകോട്ടയായിരുന്ന എം ബാബുരാജനും‌ ഇന്ന്‌ സർവീസിൽനിന്ന്‌ വിരമിക്കും‌.

ഷറഫലി റാപ്പിഡ്‌ റെസ്‌പോൺസ്‌ ആൻഡ്‌ റെസ്‌ക്യു ഫോഴ്‌സ്‌ (ആർആർആർഎഫ്‌) കമാൻഡന്റാണ്‌. കോട്ടക്കൽ കോഴിച്ചെന ക്ലാരിയിലാണ്‌ ഓഫീസ്‌. ചാക്കോ ഇടുക്കി കുട്ടിക്കാനം കെഎപി അഞ്ചാം ബറ്റാലിയൻ ഡെപ്യൂട്ടി കമാൻഡന്റും  ബാബുരാജൻ കണ്ണൂർ കെഎപി–-നാല്‌ അസി. കമാൻഡന്റുമാണ്‌. 1990ൽ കേരള പൊലീസ്‌ ആദ്യമായി ഫെഡറേഷൻ കപ്പ്‌ ജേതാക്കളാകുമ്പോൾ മൂന്നുപേരും ടീമിലുണ്ടായിരുന്നു. മികച്ച സേവനത്തിന്‌ പൊലീസ്‌ സേനയിലെ വിവിധ അവാർഡുകളും ഇവരെ തേടിയെത്തി.

മലപ്പുറം തെരട്ടമ്മൽ സ്വദേശിയായ ഷറഫലി 1984ൽ എഎസ്‌ഐയായാണ്‌ പൊലീസിൽ എത്തിയത്‌. 1985 മുതൽ 1995 വരെ ഇന്ത്യൻ പ്രതിരോധത്തിൽ വലത്‌ പാർശ്വക്കാരനായി തിളങ്ങി. 1993ൽ സൂപ്പർ സോക്കർ കപ്പിൽ ഇന്ത്യൻ നായകനുമായി. പത്തുതവണ കേരളത്തിനായി സന്തോഷ്‌ ട്രോഫി കളിച്ച ഷറഫലി, ഇടക്കാലത്ത്‌ കൊൽക്കത്തയിലെത്തി മോഹൻബഗാനും മുഹമ്മദൻസിനുവേണ്ടിയും ബൂട്ടണിഞ്ഞു. കളിക്കളത്തിലെപ്പോലെ ജോലിയിലും തിളങ്ങിയ അദ്ദേഹം പൊലീസിലെ ഉന്നതപദവികളിലുമെത്തി. ജോലിയിൽനിന്ന്‌ വിരമിച്ചാലും ഫുട്‌ബോൾ വിട്ടൊരു കളിയില്ലെന്ന്‌ ഷറഫലി പറഞ്ഞു.  ഫുട്‌ബോൾ അക്കാദമിയും ക്ലബ്ബും തുടങ്ങുന്നതിനെക്കുറിച്ച്‌ സുഹൃത്തുക്കളുമായി ആലോചിച്ച്‌ അന്തിമതീരുമാനമെടുക്കും. എന്തായാലും ഫുട്‌ബോളിന്റെ ഭാഗമായുണ്ടാകും– - ഷറഫലി കൂട്ടിച്ചേർത്തു.

പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെ ടി ചാക്കോ 1987ൽ ഹവിൽദാറായാണ്‌ പൊലീസ്‌ ടീമിലെത്തുന്നത്‌. എട്ടുതവണ കേരളത്തിന്റെ സന്തോഷ്‌ ട്രോഫി ടീം ഗോൾ കീപ്പറായിരുന്നു. നാലുവർഷം ഇന്ത്യൻ വല കാത്തു. 1991ൽ കണ്ണൂരിൽ പൊലീസ്‌ ടീം ഫെഡറേഷൻ കപ്പ്‌ ജേതാക്കളായപ്പോൾ കപ്പ്‌ ഏറ്റുവാങ്ങാനുള്ള ഭാഗ്യവും അദ്ദേഹത്തിനുണ്ടായി (ക്യാപ്‌റ്റനായി തീരുമാനിച്ച വി പി സത്യന്‌ പരിക്കേറ്റതിനെ തുടർന്ന്‌). പത്തനംതിട്ട ജില്ലയിൽ സ്വന്തമായി അക്കാദമി തുടങ്ങാനാണ്‌ ആലോചിക്കുന്നതെന്ന്‌ കെ ടി ചാക്കോ പറഞ്ഞു. വിങ്‌ ബാക്കായ ബാബുരാജൻ 1987ൽ ഹവിൽദാറായാണ്‌ പൊലീസിലെത്തിയത്‌. പയ്യന്നൂർ സ്വദേശിയാണ്‌. രണ്ടുതവണ കേരളത്തിനായി സന്തോഷ്‌ ‌ട്രോഫിയിൽ കളിച്ചു.


പ്രധാന വാർത്തകൾ
 Top