22 June Tuesday

ചാമ്പ്യൻസ്‌ ലീഗ്‌ : കോട്ട തകർത്തു ; പിഎസ്‌ജി 1 സിറ്റി 2

വെബ് ഡെസ്‌ക്‌Updated: Friday Apr 30, 2021


പാരിസ്‌
രണ്ടു പകുതികളിൽ രണ്ടു ഭാവങ്ങൾ കണ്ട ചാമ്പ്യൻസ്‌ ലീഗ്‌ ആദ്യപാദ സെമി മാഞ്ചസ്‌റ്റർ സിറ്റി നേടി. രണ്ടാംപകുതിയിൽ നേടിയ രണ്ട്‌ ഗോളിന്‌ പിഎസ്‌ജിയെ 2–-1ന്‌ സിറ്റി കീഴടക്കി. പിഎസ്‌ജിയുടെ കോട്ടയായ പാർക്ക്‌ ഡി പ്രിൻസസിൽ നേടിയ ജയം സിറ്റിക്ക്‌ രണ്ടാംപാദത്തിൽ ആത്മവിശ്വാസം നൽകും.

കെവിൻ ഡി ബ്രയ്‌നും റിയാദ്‌ മഹ്‌റെസും തൊടുത്ത ഗോളിലായിരുന്നു സിറ്റിയുടെ മുന്നേറ്റം. പിഎസ്‌ജിക്കായി ആദ്യപകുതിയിൽ പ്രതിരോധക്കാരൻ മാർക്വിന്യോസ്‌ ഹെഡറിലൂടെ ലക്ഷ്യംകണ്ടു. പിഎസ്‌ജി മധ്യനിരക്കാരൻ ഇഡ്രിസെ ഗയെ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായി. അവസാന 15 മിനിറ്റ്‌ 10 പേരുമായാണ്‌ മൗറീസിയോ പൊച്ചെട്ടീനോയുടെ സംഘം കളിച്ചത്‌. 

നെയ്‌മർ കളംഭരിച്ച ആദ്യ 45 മിനിറ്റും സിറ്റി കളംപിടിച്ച ശേഷിച്ച നിമിഷങ്ങളുമായിരുന്നു കളിയിൽ. തുടക്കം നെയ്‌മറിന്റെ മനോഹരനീക്കങ്ങളിൽ പിഎസ്‌ജി സ്വന്തമാക്കി. യുവതാരം കിലിയൻ എംബാപ്പെ സിറ്റി പ്രതിരോധക്കാരൻ റൂബെൻ ഡയസിനുമുന്നിൽ വിളറിയപ്പോൾ നെയ്‌മർ കളംനിറയുകയായിരുന്നു. ഓരോ നീക്കവും സിറ്റി പ്രതിരോധത്തെ പരിഭ്രമിപ്പിച്ചു. ഇതിനിടെയായിരുന്നു ഗോൾ വന്നത്‌. ഏയ്‌ഞ്ചൽ ഡി മരിയ തൊടുത്ത കോർണറിൽ തലവച്ച്‌ മാർക്വിന്യോസ്‌ പിഎസ്‌ജിയെ മുന്നിലെത്തിച്ചു.

ഡി ബ്രയ്‌ൻ, മഹ്‌റെസ്‌, ഇകായ്‌ ഗുൺഡോവൻ, ബെർണാഡോ സിൽവ എന്നിവർ ഉൾപ്പെട്ട മധ്യനിരയായിരുന്നു സിറ്റിയുടെ എഞ്ചിൻ. രണ്ടാംപകുതിയിൽ ഇവർ കളംനിറഞ്ഞതോടെ കളിയിൽ പെപ്‌ ഗ്വാർഡിയോളയുടെ സംഘം ആധിപത്യം സ്ഥാപിക്കാൻ തുടങ്ങി. പ്രതിരോധത്തിൽ ഡയസും ജോൺ സ്‌റ്റോൺസും ഉറച്ചു. പിഎസ്‌ജി മധ്യനിരയുടെ പന്തൊഴുക്കിനെ റോഡ്രിയുടെ നേതൃത്വത്തിൽ സിറ്റി മുറിച്ചു. മുന്നേറ്റത്തിൽ നെയ്‌മർ ഒറ്റപ്പെട്ടു. നെയ്‌മർ മങ്ങിയതോടെ പിഎസ്‌ജിയുടെ ഒഴുക്കും പോയി.

അറുപത്തിനാലാംമിനിറ്റിൽ ഡി ബ്രയ്‌ൻ ബോക്‌സിലേക്ക്‌ തൊടുത്ത ക്രോസ്‌ നേരെ പിഎസ്‌ജി വലയിലേക്കാണ്‌ കയറിയത്‌. നിരുപദ്രവകരമെന്നു കരുതി ചലിക്കാതിരുന്ന പിഎസ്‌ജി ഗോൾ കീപ്പർ കെയ്‌ലർ നവാസിനെ ഞെട്ടിച്ചുകൊണ്ട്‌ പന്ത്‌ വലയിലേക്ക്‌ ഇറങ്ങുകയായിരുന്നു.

ഏഴു മിനിറ്റിനുള്ളിൽ മഹ്‌റെസിന്റെ ഇടങ്കാൽ ഫ്രീകിക്ക്‌ പിഎസ്‌ജി പ്രതിരോധഭിത്തിയെ തുളച്ച്‌ വലയിലെത്തി. പിന്നാലെ ഫിൽ ഫോദെനും അവസരം കിട്ടി. എന്നാൽ, ഫോദെന്റെ അടി നേരെ നവാസിന്റെ കൈകളിലേക്കായിരുന്നു. ഗുൺഡോവനെ അപകടകരമായി ഫൗൾ ചെയ്‌തതിനാണ്‌ ഗയെക്ക്‌ ചുവപ്പുകാർഡ്‌ കിട്ടിയത്‌.മെയ്‌ നാലിനാണ്‌ രണ്ടാംപാദം.
ഫെെനൽ 29ന് നടക്കും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top