28 November Saturday

ബർത്തമ്യൂ പടിയിറങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


നൗകാമ്പ്‌
ബാഴ്‌സലോണയിലെ ജോസെപ്‌ മരിയ ബർത്തമ്യൂ യുഗം അവസാനിച്ചു. അവിശ്വാസപ്രമേയത്തിലൂടെ പുറത്താകുമെന്ന്‌ ഉറപ്പായതോടെ ബാഴ്‌സലോണ ഫുട്‌ബോൾ ക്ലബ്ബിന്റെ പ്രസിഡന്റു‌സ്ഥാനത്തുനിന്ന്‌ ബർത്തമ്യൂ രാജിവച്ചു.

അമ്പത്തേഴുകാരനൊപ്പം നിലവിലെ ബോർഡ്‌ ഡയറക്ടർമാരും പടിയിറങ്ങി. കഴിഞ്ഞകാലങ്ങളിലെ മോശം പ്രകടനവും, ലയണൽ മെസി ടീം വിടാൻ സന്നദ്ധത അറിയിച്ചതടക്കം ബാഴ്‌സയുടെ എല്ലാ തിരിച്ചടികളുടെയും പ്രതിസ്ഥാനത്ത് ബർത്തമ്യൂവാണ്‌‌. മാർച്ചുവരെ കാലാവധിയുണ്ടായിരുന്നു. എന്നാൽ, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട്‌ ഇരുപതിനായിരത്തോളം ക്ലബ് അംഗങ്ങൾ ഒപ്പിട്ട അവിശ്വാസപ്രമേയം നടക്കാനിരിക്കവേ ബർത്തമ്യൂ കീഴടങ്ങി.

യൂറോപ്യൻ സൂപ്പർ ലീഗ്‌ ഫുട്‌ബോളിൽ ബാഴ്‌സയും ഭാഗമാകുമെന്ന്‌ പ്രഖ്യാപിച്ചായിരുന്നു രാജിപ്രഖ്യാപനം. 2014ൽ സാൻഡ്രോ റൊസ്സെലിന്‌ പിൻഗാമിയായാണ്‌ ബർത്തമ്യൂ ബാഴ്‌സയുടെ തലവനായി ചുമതലയേറ്റത്‌. എന്നാൽ, അമ്പത്തേഴുകാരന്റെ ഭരണപരിഷ്‌കാരങ്ങളിൽ ബാഴ്‌സ പിടഞ്ഞു. കളത്തിലും പുറത്തും മോശം കാലമായിരുന്നു. വമ്പൻതുക മുടക്കി ക്ലബ്ബിലെത്തിച്ച കളിക്കരെല്ലാം മങ്ങി. സാമ്പത്തിക പ്രതിസന്ധി കനത്തു. കഴിഞ്ഞ സീസണിൽ ഒരു കിരീടവുമില്ലാതെ ബാഴ്‌സ അവസാനിപ്പിച്ചു. ചാമ്പ്യൻസ്‌ ലീഗിൽ ബയേൺ മ്യൂണിക്കിനോട്‌ മഹാതോൽവിയും ഏറ്റുവാങ്ങി.

പിന്നാലെ ടീം വിടാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട്‌ മെസി രംഗത്തുവന്നു. ഇതോടെ ബർത്തമ്യൂവിനെതിരായ പ്രതിഷേധം ശക്തമായി. ആരാധകരും കളിക്കാരും ബോർഡ്‌ അംഗങ്ങളുമെല്ലാം രാജിക്കായി മുറവിളി കൂട്ടി. അപ്പോഴോന്നും സ്‌പാനിഷുകാരൻ കീഴടങ്ങിയില്ല.

കിക്വെ സെതിയെനെ പുറത്താക്കി റൊണാൾഡ്‌ കൂമാനെ കൊണ്ടുവന്ന്‌ പ്രതിരോധിക്കാൻ ശ്രമിച്ചു. എന്നാൽ, അവിടെ തീർന്നില്ല. 20000 അംഗങ്ങൾ ഒപ്പിട്ട്‌ അവിശ്വാസപ്രമേയം നടപ്പാക്കാൻ എതിർവിഭാഗം ഉറപ്പിച്ചതോടെ ബർത്തമ്യൂ തെറിച്ചു.
മാർച്ചിലാണ്‌ പുതിയ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌. വിക്ടർ ഫോണ്ട്‌, യോഹാൻ ലപൊർട തുടങ്ങിയവരാണ്‌ പ്രമുഖ സ്ഥാനാർഥികൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top