23 November Monday

ചാമ്പ്യൻസ്‌ ലീഗ്‌ : റയൽ വിരണ്ടു

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


മോൺചെൻഗ്ലാദ്‌ബ
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ റയൽ മാഡ്രിഡിന്‌ വീണ്ടും അടിപതറി. ഇത്തവണ ബൊറൂസിയ മോൺചെൻഗ്ലാദ്‌ബയോട്‌ സമനിലയോടെ രക്ഷപ്പെട്ടു (2–-2). അവസാന ആറ്‌ മിനിറ്റുകളിൽ കരീം ബെൻസെമയും കാസെമിറോയും കുറിച്ച ഗോളുകളിലാണ്‌ റയൽ കരകയറിയത്‌. ഗ്രൂപ്പിലെ ആദ്യകളിയിൽ ഷക്താർ ഡൊണെസ്‌തകിനോട്‌ തോറ്റിരുന്നു റയൽ. മറ്റ്‌ മത്സരങ്ങളിൽ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്‌ ലൊകൊമോടീവ്‌ മോസ്‌കോയെ വീഴ്‌ത്തി (2–-1). മാഞ്ചസ്റ്റർ സിറ്റി മാഴ്‌സയെ മൂന്ന്‌ ഗോളിന്‌ തകർത്തപ്പോൾ ലിവർപൂൾ മിറ്റ്യാലൻഡിനെയും കീഴടക്കി (2–-0). അത്‌ലറ്റികോ മാഡ്രിഡ്‌ ആർബി സാർസ്‌ബുർഗിനെയും 3–-2ന്‌ തോൽപ്പിച്ചു.

എതിരാളിയുടെ തട്ടകത്തിൽ റയൽ വിറച്ചു. എൽ ക്ലാസികോയിൽ ബാഴ്‌സലോണയെ വീഴ്‌ത്തി എത്തിയ സിനദിൻ സിദാനും സംഘത്തിനും മോൺചെൻഗ്ലാദ്‌ബയോട്‌ പിഴച്ചു. മാർകസ്‌ തുറാമിന്റെ ഇരട്ടഗോളിൽ അവർ മുമ്പിലെത്തി. എന്നാൽ, ബെൻസെമയും കാസെമിറോ റയലിനെ കാത്തു. 87–-ാം മിനിറ്റിൽ ബെൻസെമ ലക്ഷ്യം കണ്ടപ്പോൾ പരിക്കുസമയം കാസെമിറോ അവരുടെ രക്ഷകനായി.

ജോഷ്വാ കിമ്മിക്കിന്റെ ഗോളാണ്‌ ബയേണിന്‌ ജയം നൽകിയത്‌. ലൊകൊമോടീവ്‌ മോസ്‌കോയക്കുമുമ്പിൽ പതറി അവർ. അക്രമങ്ങൾ കാര്യമായി ഫലിച്ചില്ല. ലിയോൺ ഗൊറെസ്‌കയിലൂടെ മുമ്പിലെത്തിയ ബയേണിനെ അന്റോൺ മിറാൻചക്കിലൂടെ ലൊകൊമോടീവ്‌ ഒപ്പംപിടിച്ചു. ഫെറാൻ ടോറെസ്‌, ഇകായ്‌ ഗുൺഡോവൻ, റഹീം സ്‌റ്റെർലിങ്‌ എന്നിവരാണ്‌ മാഴ്സെക്കെതിരെ സിറ്റിയുടെ ഗോളുകൾ കുറിച്ചത്‌. മിറ്റ്യാലൻഡിനെതിരെ ദ്യേഗോ യോട്ടയും മുഹമ്മദ്‌ സലായും ലിവർപൂളിനായി വലകണ്ടു. കളിക്കിടെ ഫാബീന്യോ പരിക്കുമായി മടങ്ങിയത്‌ അവർക്ക്‌ തിരിച്ചടിയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top