15 October Tuesday

സീനിയർ മീറ്റ‌് : ചൂടിൽ കേരളം വിരിയുന്നു

പ്രദീപ‌് ഗോപാൽUpdated: Thursday Aug 29, 2019

പുരുഷൻമാരുടെ 400 മീറ്ററിൽ കേരളത്തിന്റെ അലക്‌സ്‌ ആന്റണി സ്വർണം നേടുന്നു ഫോട്ടോ: ജി പ്രമോദ്‌



ലഖ‌്നൗ
ഒറ്റ ലാപ്പിൽ അലക‌്സ‌് ആന്റണിയുടെയും ഇരട്ടലാപ്പിൽ പി യു ചിത്രയുടെയും നല്ല പോരാട്ടങ്ങൾ കണ്ട ദേശീയ സീനിയർ മീറ്റിന്റെ രണ്ടാംദിനവും കേരളത്തിന‌് മുന്നേറ്റം. രണ്ടാംദിനം മൂന്ന‌് സ്വർണവും മൂന്ന‌് വെള്ളിയുമാണ‌് സ്വന്തം. പുരുഷ 800ൽ പി മുഹമ്മദ‌് അഫ‌്സലും സ്വർണമണിഞ്ഞു. കേരളത്തിന‌് 83 പോയിന്റായി.
ലഖ‌്നൗവിലെ കനത്ത ചൂട് ഇന്ത്യൻ അത‌്‌ലീറ്റുകളുടെ ലോക ചാമ്പ്യൻഷിപ‌് മോഹത്തെ ബാധിക്കുകയാണ‌്. പ്രതീക്ഷയായിരുന്ന പഞ്ചാബ‌് ട്രിപ്പിൾ ജമ്പ‌് താരം അർപീന്ദർസിങ്ങിനും ഇവിടെ യോഗ്യതാദൂരം താണ്ടാനായില്ല. മീറ്റ‌് റെക്കോഡുകളും പിറന്നില്ല.

അലക‌്സും ചിത്രയും കഴിഞ്ഞാൽ 200 മീറ്ററിൽ ചാമ്പ്യനായ തമിഴ‌്നാടിന്റെ ബി നിതിനാണ‌് ട്രാക്കിൽ മിന്നിയത‌്. 20.91 സെക്കൻഡിൽ നിതിൻ ഒന്നാമതെത്തി. 200 മീറ്ററിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽപ്പെടും നിതിന്റെ കുതിപ്പ‌്. വനിതകളുടെ ലോങ‌്‌ജമ്പിൽ തമിഴ‌്നാടിന്റെ മലയാളിതാരം നയന ജെയിംസ‌് (6.20) സ്വർണം നേടി.
20,000 മീറ്റർ നടത്തത്തിൽ കേരള ടീം ക്യാപ‌്റ്റൻ കെ ടി ഇർഫാൻ രണ്ടാമതായി. ഒളിമ്പിക‌്സ‌്, ലോക ചാമ്പ്യൻഷിപ‌് യോഗ്യതാ മാർക്ക‌് കടന്ന ഇർഫാന‌് ഇവിടെ ശാരീരികക്ഷമത തെളിയിക്കുക മാത്രമായിരുന്നു ലക്ഷ്യം. 1:28:20 ആണ‌് സമയം. ഹരിയാനയുടെ സന്ദീപ‌് കുമാർ (1:27:25) ചാമ്പ്യനായി.

800 മീറ്ററിൽ സ്വർണം നേടിയ പി യു ചിത്രയ്‌ക്കൊപ്പം (നടുവിൽ) വെള്ളി നേടിയ ജെസിയും (ഇടത്ത്‌) വെങ്കലം നേടിയ യുപിയുടെ പ്രമീള യാദവും

800 മീറ്ററിൽ സ്വർണം നേടിയ പി യു ചിത്രയ്‌ക്കൊപ്പം (നടുവിൽ) വെള്ളി നേടിയ ജെസിയും (ഇടത്ത്‌) വെങ്കലം നേടിയ യുപിയുടെ പ്രമീള യാദവും


 

വനിതാ 800ൽ ചിത്രയുടെ  മികച്ച സമയമാണ‌് (2:02.96). ജെസി ജോസഫിനാണ‌് വെള്ളി (2:07.9). അബിത മേരി മാനുവലിന‌് മെഡൽ മേഖലയിൽ എത്താനായില്ല.
പുരുഷന്മാരിൽ അഫ‌്സൽ 1:48.35 സമയത്തിൽ ചാമ്പ്യനായി. തമിഴ‌്നാടിന്റെ മുജാമിൽ അമീർ (1:49.03) രണ്ടാമതെത്തി.പുരുഷ 400ൽ തമിഴ‌്നാടിന്റെ ധരുൺ അയ്യസാമിയെയും ടി സന്തോഷിനെയും മറികടന്നായിരുന്നു അലക‌്സിന്റെ കുതിപ്പ‌്. 46.17 സെക്കൻഡിൽ ഒന്നാമതെത്തി. ഹരിയാനയുടെ ഹർഷ‌് ബൽജീത‌്സിങ‌് (46.64) വെള്ളി നേടി. കർണാടകത്തിന്റെ മലയാളിതാരം സച്ചിൻ റോബിക്കാണ‌് വെങ്കലം (46.96).

പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ ജിതിൻ പോൾ വെള്ളി നേടി (50.92). റിലേയ‌്ക്കെത്തിയ ഇറാൻ ടീമിലെ മഹ‌്ദി പിർജഹാൻ (49.33) മത്സരത്തിനുണ്ടായിരുന്നു. ഒന്നാമതെത്തിയതും പിർജഹാനാണ‌്. ഇന്ത്യൻ താരങ്ങളിൽ കർണാടകത്തിന്റെ ജഗദീഷ‌് ചന്ദ്രയ‌്ക്കാണ‌് (50.85) ഒന്നാം സ്ഥാനം.

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ കർണാടകയുടെ എം അർപ്പിതയും (59.98) പുരുഷ ഷോട്ട‌്പുട്ടിൽ ഇന്ദർജീത‌്സിങ്ങും (19.70) ചാമ്പ്യൻമാരായി. ഇന്ദർജീത്തിന്‌ മരുന്നടിക്ക്‌ നാലു വർഷത്തെ വിലക്കുണ്ടെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാവാത്തത്‌ ഗുണമായി. ഡെക്കാത്‌ലണിൽ ചണ്ഡീഗഢിന്റെ ഗുർപ്രീത‌്സിങ്ങിനാണ‌് സ്വർണം (6667 പോയിന്റ‌്).മീറ്റ‌് നാളെ സമാപിക്കും.


പ്രധാന വാർത്തകൾ
 Top