22 October Tuesday

തോൽവിയിൽ തളരരുത്‌: പി വി സിന്ധു

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019


ന്യൂഡൽഹി
സ്വർണമെഡൽ തിളക്കത്തിലാണ്‌ പി വി സിന്ധു. ലോക ബാഡ്‌മിന്റൺ ചാമ്പ്യനായി നാട്ടിലെത്തിയ സിന്ധുവിന്‌ ആവേശകരമായ സ്വീകരണമാണ്‌ ലഭിച്ചത്‌. സിന്ധുവി ന്റെ വിജയം ഇന്ത്യൻ കായികരംഗത്തിന്‌ പുതിയ ഉണർവുണ്ടാക്കും. അതുല്യ നേട്ടത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ഹൈദരാബാദുകാരി സംസാരിക്കുന്നു.

ഫൈനൽ, തയ്യാറെടുപ്പ്‌
പതിവു മത്സരത്തെപ്പോലെ തന്നെയാണ്‌ ഫൈനലിനെയും സമീപിച്ചത്‌. എന്നാൽ, തലേനാൾ ഉറങ്ങുന്നതിനുമുമ്പ്‌ ആലോചിച്ചത്‌ എങ്ങനെ കളിക്കണമെന്നും പോയിന്റുകൾ നേടണമെന്നതുമായിരുന്നു. ഒരു സാഹചര്യത്തിലും മത്സരം വഴുതിപ്പോകാതിരിക്കാനും എതിരാളിക്ക്‌ പിടികൊടുക്കാതിരിക്കാനും ഉറപ്പിച്ചിരുന്നു. എല്ലാം ആസൂത്രണം ചെയ്‌തതുപോലെയായി. ആ നിമിഷത്തിനായിരുന്നു ഞാൻ കാത്തിരുന്നത്‌. വിജയശേഷം ലോക ചാമ്പ്യനായി എന്നത്‌ സ്വയം ബോധ്യമാകാൻ കുറേ സമയമെടുത്തു.

തോറ്റാലും ‘തോൽക്കില്ല’
ഉയർച്ചകളും താഴ്‌ചകളും എന്നുമുണ്ടായിട്ടുണ്ട്‌. തോൽവിയെക്കുറിച്ച്‌ ഒരിക്കലും ചിന്തിക്കാറില്ല. എല്ലാവരും കളിക്കാനിറങ്ങുന്നത്‌ ജയിക്കാൻ മാത്രമാണ്‌. തോൽവിയിൽ പതറരുത്‌. ഞാൻ ഒരുപാട്‌ ഫൈനലുകളിൽ തോറ്റിട്ടുണ്ട്‌. അതിനെയെല്ലാം ദൗർബല്യങ്ങളായല്ല മുന്നേറാനുള്ള കരുത്തായാണ്‌ കണ്ടത്‌. തോൽവികളെ പിഴവുകൾ തിരുത്താനുള്ള അവസരമായി മാത്രം കണ്ടാൽ മതി.

ഗോപീചന്ദ്‌, ഹ്യുൻ...
പരിശീലകരാണ്‌ വിജയത്തിനു പിന്നിലെ പ്രധാനികൾ. പുല്ലേല ഗോപീചന്ദിനും കിം ജി ഹ്യുന്നിനും കീഴിലാണ്‌ പരിശീലനം. എനിക്കൊപ്പം കളിച്ച്‌ എന്റെ തെറ്റുകൾ കണ്ടെത്തി തിരുത്താനും കൗശലപൂർവം പോയിന്റുകൾ നേടാനും സഹായിച്ചത്‌ ഗോപീചന്ദാണ്‌. രണ്ടു മാസമായി ഹ്യൂൻ കൂടെ. ചെറിയ പിഴവുകൾ കണ്ടെത്തി അത്‌ പരിഹരിക്കാൻ ഹ്യുന്നും ഒരുപാട്‌ സഹായിച്ചു.

ലോകചാമ്പ്യൻ, അടുത്തത്‌...?
സൂപ്പർ സീരീസ്‌ പരമ്പരകളിൽ മികച്ച പ്രകടനം നടത്തുക എന്നതാണ്‌ അടുത്ത ലക്ഷ്യം. ടോക്യോ ഒളിമ്പിക്‌സിലേക്കുള്ള ദൂരവും കുറഞ്ഞുവരികയാണ്‌. ലോകചാമ്പ്യനെന്ന ആത്മവിശ്വാസത്തോടെ റാക്കറ്റേന്തും. കിരീടങ്ങൾ ഇനിയും വരും.

നന്ദി പറയാനുള്ളത്‌
കഠിനപ്രയത്നത്തിലൂടെയാണ്‌ ഈ നേട്ടം സ്വന്തമാക്കിയത്‌. ത്യാഗങ്ങളുണ്ടായി. എന്നാൽ, ഈ രാജ്യവും ജനതയും എനിക്കുതന്ന സ്‌നേഹവും ആദരവും എന്റെ എല്ലാ ത്യാഗങ്ങളെയും മായ്‌ക്കുന്നതാണ്‌. ഇന്ത്യക്കാരിയെന്നതിൽ ഞാൻ അഭിമാനിക്കുന്നു. കൂടെ നിന്ന്‌ ആർപ്പുവിളിച്ചവർക്ക്‌, ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും നന്ദി...


പ്രധാന വാർത്തകൾ
 Top