22 May Wednesday

മിന്നലായി മഞ്ജിത്‌

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

ജക്കാർത്ത
ഏഷ്യൻ ഗെയിംസിലെ രാജ്യത്തിന്റെ ഭാഗ്യ ഇനമായ 800 മീറ്ററിൽ മെഡൽ ഉറപ്പായിരുന്നു. ദേശീയ റെക്കോഡിന് ഉടമയായ മലയാളി താരം ജിൻസൺ ജോൺസണായിരുന്നു ആ പ്രതീക്ഷയുടെ അമരത്ത്. എന്നാൽ, ജക്കാർത്തയിലെ ട്രാക്കിൽ അവസാന 100 മീറ്ററിൽ മിന്നൽപോലെ മുന്നോട്ടു കുതിച്ച മഞ്ജിത് സിങ്ങിന്റെ പ്രകടനം എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. 18‐ാം ഗെയിംസിന്റെ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ മൂന്നാം സ്വർണമെഡൽ പിടിച്ചെടുത്താണ് ആ കുതിപ്പ് അവസാനിച്ചത്. മഞ്ജിതിന്റെ ആദ്യ അന്താരാഷ്ട്ര മെഡലാണിത്. 800ൽ രാജ്യത്തിന്റെ ആറാം ഏഷ്യൻ ഗെയിംസ് സ്വർണവും. 

ഗെയിംസിൽ ഒമ്പത് സ്വർണവുമായി ഇന്ത്യ എട്ടാം സ്ഥാനത്താണ്. 19 വെള്ളിയും 22 വെങ്കലവുമടക്കം ആകെ 50 മെഡലുണ്ട്.
തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം ഈ അവസരത്തിലേക്കു കരുതിവച്ച പോലെയായിരുന്നു മഞ്ജിത്തിന്റെ പ്രകടനം. ആദ്യമായാണ് ഒരു പ്രധാന മത്സരത്തിൽ മഞ്ജിത് ജിൻസണെ പിന്നിലാക്കുന്നത്. 1മിനിറ്റ് 46.15 സെക്കൻഡിലാണ് ഹരിയാനക്കാരൻ ഓടിയെത്തിയത്. തൊട്ടുപിന്നിലായി 1മിനിറ്റ് 46.35 സെക്കൻഡിൽ ജിൻസണും ഫിനിഷ് ചെയ്തു. ഖത്തറിന്റെ അബ്ദുള്ള അബൂബക്കറിനാണ് വെങ്കലം (1:46.81).

ഹീറ്റ്‌സിൽ ഏറ്റവും മികച്ച സമയം കുറിച്ച ജിൻസണിലായിരുന്നു എല്ലാ കണ്ണുകളും. മഞ്ജിതിന്റെ ഇതുവരെയുള്ള മികച്ച സമയം 1 മിനിറ്റ് 48.48 സെക്കൻഡായിരുന്നു. അതുകൊണ്ട് മെഡൽപോലും പ്രതീക്ഷയില്ലായിരുന്നു. 700 മീറ്റർ വരെ ജിൻസണും അബൂബക്കറും തമ്മിലായിരുന്നു മത്സരം. അവസാന വളവ് വരെ അബൂബക്കറായിരുന്നു മുന്നിൽ. അവസാന 100 മീറ്റർ അബൂബക്കറിനെ പിന്നിലാക്കാൻ മുഴുവൻ ശക്തിയുമെടുത്ത് കുതിക്കാനൊരുങ്ങുകയായിരുന്നു ജിൻസൺ. അപ്പോഴാണ് പിന്നിൽനിന്ന് അനായാസം എന്നുതോന്നുന്ന മുഖഭാവത്തോടെ മഞ്ജിത് എല്ലാവരെയും പിന്നിലാക്കി കുതിച്ചുവന്നത്. അതുവരെ അഞ്ചാമതായിരുന്നു മഞ്ജിത്. ഫിനിഷിങ്് തികച്ചും ആധികാരികം.

സെപ്തംബറിൽ പിറന്നാൾ ആഘോഷിക്കുന്ന മഞ്ജിതിന് ഏറെ മധുരമുള്ള സമ്മാനമായി ഏഷ്യൻ ഗെയിംസ് സ്വർണം. ഊട്ടിയിലും ഭൂട്ടാനിലും നടന്ന പരിശീലനമാണ് മികച്ച പ്രകടനത്തിനു സഹായിച്ചതെന്ന് ഇരുപത്തിയെട്ടുകാരൻ പറഞ്ഞു. നല്ല പ്രകടനം നടത്താൻ ഉറപ്പിച്ചിരുന്നു. അതു സ്വർണം തന്നെയായതിൽ ഏറെ ആഹ്ലാദമുണ്ട്. ഒളിമ്പിക്‌സ് മെഡലാണ് അടുത്ത സ്വപ്‌നമെന്നും മത്സരശേഷം മഞ്ജിത് പ്രതികരിച്ചു.

4‐400 മീറ്റർ മിക്‌സഡ് റിലേയിൽ മലയാളി താരം മുഹമ്മദ് അനസ് ഉൾപ്പെടുന്ന ടീം വെള്ളി നേടി. 3 മിനിറ്റ് 15.71 സെക്കൻഡിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. അനസിനൊപ്പം എം ആർ പൂവമ്മ, ഹിമദാസ്, ആരോക്യ രാജിവ് എന്നിവരാണ് ടീമിലുണ്ടായിരുന്നത്. 3 മിനിറ്റ് 11.89 സെക്കൻഡ്് കുറിച്ച ബഹ്‌റൈനാണ് സ്വർണം.

ഗുസ്തി മാതൃകയിലുള്ള കായിക ഇനമായ കുറാഷിൽ ഇന്ത്യയ്ക്ക് വെള്ളിയും വെങ്കലവും ലഭിച്ചു. 52 കിലോ വിഭാഗം ഫൈനലിൽ പിങ്കി ബലഹാരയാണ് വെള്ളി നേടിയത്. മാല പ്രഭ യാദവിനാണ് വെങ്കലം. ഏഷ്യൻ ഗെയിംസിൽ ആദ്യമായാണ് തുർക്കിയിൽ ഉടലെടുത്ത നാടൻ ഗുസ്തി ഇനമായ കുറേഷ് മത്സര ഇനമാകുന്നത്.
100 മീറ്ററിൽ വെള്ളി നേടിയ ദ്യുതി ചന്ദ് 200 മീറ്റർ ഫൈനലിൽ കടന്നു. സെമി ഫൈനലിൽ തന്റെ മികച്ച സമയം കുറിച്ചാണ് (23 സെക്കൻഡ്്) ദ്യുതി ഫൈനലിൽ കടന്നത്.

ഫൗൾ പിഴച്ചതിനെ തുടർന്ന് ഇന്ത്യയുടെ പുത്തൻ താരം ഹിമ ദാസ് 200 മീറ്റർ ഹീറ്റ്‌സിൽ അയോഗ്യയാക്കപ്പെട്ടത് തിരിച്ചടിയായി. സ്റ്റാർട്ടറുടെ വെടി മുഴങ്ങും മുമ്പ് ഹിമ ഓടിയതാണ് കാരണം.

വനിതകളുടെ 500 മീറ്ററിൽ സൂര്യ ലോകനാഥൻ അഞ്ചാമതായി. സഞ്ജീവനി ബാബുറാവു ജാദവ് ഏഴാമതും. വനിതാ ജാവലിനിൽ അനു റാണി ആറാമതായി. ഹെപ്റ്റാത്‌ലണിൽ നാലിനങ്ങൾ പൂർത്തിയായപ്പോൾ രണ്ടാമതുള്ള സ്വപ്‌ന ബർമൻ മൂന്നാമതുള്ള പൂർണിമ ഹെബ്രാമും മെഡൽ പ്രതീക്ഷകളാണ്.

പ്രധാന വാർത്തകൾ
 Top