07 August Friday

എഫ്‌എ കപ്പ്‌ ഫുട്‌ബോൾ : വമ്പൻമാർ സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

യുണൈറ്റഡിന്റെ വിജയഗോൾ നേടിയ ഹാരി മഗ്വയറെ അഭിനന്ദിക്കുന്ന മാസൺ ഗ്രീൻവുഡ്‌


ലണ്ടൻ
എഫ്‌ എ കപ്പ്‌ ഫുട്‌ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡും അഴ്‌സണലും സെമിയിൽ.  ഹാരി മഗ്വയർ  അധികസമയം നേടിയ ഗോളിൽ യുണൈറ്റഡ്‌ നോർവിച്ച്‌ സിറ്റിയെ വീഴ്‌ത്തി (2–-1). ഷെഫീൽഡ്‌ യുണൈറ്റഡിനെയാണ്‌ അഴ്‌സണൽ മറികടന്നത്‌ (2‐1). കോവിഡിനെ തുടർന്ന്‌ നിർത്തിവച്ച എഫ്‌എ കപ്പ്‌ മൂന്ന്‌ മാസങ്ങൾക്കു‌ശേഷമാണ്‌ പുനരാരംഭിച്ചത്‌.

നാടകീയത നിറഞ്ഞതായിരുന്നു യുണൈറ്റഡ്‌–-നോർവിച്ച്‌ പോര്‌. ഗോളൊഴിഞ്ഞ ആദ്യപകുതി. ഇടവേളയ്‌ക്കുപിന്നാലെ ഒഡിയോൻ ഇഗാലോയിലൂടെ യുണൈറ്റഡ്‌ മുന്നിലെത്തി. എഴുപത്തിയഞ്ചാം മിനിറ്റിൽ നോർവിച്ചിന്റെ മറുപടിയെത്തി. ടോഡ്‌ കാന്റ്‌വെൽ ഇരുപത്തഞ്ചുവാര അകലെനിന്ന്‌ തൊടുത്ത പന്ത്‌ യുണൈറ്റഡ്‌ ഗോളി സെർജിയോ റോമേറോയെ കീഴടക്കി. കളി തുടർന്നു. ഇരുടീമുകൾക്കും നിശ്ചിതസമയം ലക്ഷ്യത്തിലെത്താനായില്ല. നോർവിച്ച്‌ ഗോളി ടിം ക്രൂളിന്റെ രക്ഷപ്പെടുത്തലുകൾ യുണൈറ്റഡിനെ നിരാശപ്പെടുത്തി. ഇതിനിടെ ഇഗാലോയെ ഗുരുതരമായി വീഴ്‌ത്തിയതിന്‌ ടിം ക്ലൊസെ ചുവപ്പ്‌ കാർഡ്‌ കണ്ട്‌ മടങ്ങിയത്‌ നോർവിച്ചിനെ തളർത്തി. അധികസമയം പത്തുപേരുമായി അവർ പന്തുതട്ടി. കളി ഷൂട്ടൗട്ടിലേക്ക്‌ നീങ്ങവേ 118–-ാം മിനിറ്റിൽ മഗ്വയർ യുണൈറ്റഡിന്‌ ജയം നൽകി. ബോക്‌സിലെ മുന്നേറ്റത്തിൽ പന്ത്‌ കിട്ടിയ യുണൈറ്റഡ്‌ ക്യാപ്‌റ്റന്‌ പിഴച്ചില്ല. നോർവിച്ചുകാർ കീഴടങ്ങി.

അധികസമയത്തേക്ക്‌ നീങ്ങുകയായിരുന്ന കളിയിൽ ഡാനി സെബല്ലോസാണ്‌  അഴ്‌സണലിന്‌ ജയം നൽകിയത്‌. നിക്കോളാസ്‌ പെപെയിലൂടെ മുന്നിലെത്തിയ അഴ്‌സണലിന്‌ ഡേവിഡ്‌ മക്‌ഗോൾഡ്രിക്‌ മറുപടി നൽകി. ഒടുവിലായിരുന്നു സെബല്ലോസിന്റെ വിജയഗോൾ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top