25 May Monday

കളം മാറും; കളിയും

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

അടച്ചിട്ട മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഓൾഡ്‌ ട്രാഫോഡ്‌ സ്‌റ്റേഡിയം


ലണ്ടൻ/മാഡ്രിഡ്‌/റോം
ഫുട്‌ബോൾ കളങ്ങൾ ഒരിക്കലും പഴയപോലെയാകില്ല.  കോവിഡ്‌–-19 കളിക്കളങ്ങളെ മാറ്റിക്കഴിഞ്ഞു. എല്ലാം സാധാരണഗതിയിലാകാൻ അടുത്ത രണ്ട്‌ സീസണുകളെങ്കിലും വേണ്ടിവരുമെന്നാണ്‌ സൂചന. കോവിഡ്‌–-19 ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും അടിത്തറ തകർത്തുകഴിഞ്ഞു. വമ്പൻ ക്ലബ്ബുകൾപോലും കളിക്കാരുടെ വേതനം 50 ശതമാനംവരെ കുറയ്‌ക്കാൻ തീരുമാനമെടുത്തു. അടുത്ത താരലേല വിപണികൾ പണമെറിഞ്ഞുള്ള കളിക്ക്‌ ക്ലബ്ബുകൾ തയ്യാറാകില്ല. കളിക്കാർക്കും തിരിച്ചടി കിട്ടും.

ആളൊഴിഞ്ഞ കളങ്ങൾ ഇനി എന്ന്‌ ആരവങ്ങൾ തിരിച്ചുപിടിക്കുമെന്ന്‌ നിശ്‌ചയമില്ല. ഈ സീസണിന്റെ അവസാന ഘട്ടമായിരുന്നു ഇത്‌. ലീഗുകളിൽ കിരീടത്തിലേക്കുള്ള അവസാന മത്സരങ്ങളായിരുന്നു നടക്കേണ്ടിയിരുന്നത്‌. ചാമ്പ്യൻസ്‌ ലീഗിലും യൂറോപ ലീഗിലും നോക്കൗട്ട്‌ ഘട്ടം പുരോഗമിക്കുന്ന സമയം. ഏറ്റവും കൂടുതൽ വരുമാനമുണ്ടാകുന്ന ഘട്ടമായിരുന്നു. ടെലിവിഷൻ വരുമാനം വറ്റി. സ്‌പോൺസർമാർ പിൻവലിഞ്ഞു. ക്ലബ്ബുകൾ പണമില്ലാതെ വലയും. കളിക്കാരുടെ വേതനം കുറച്ചാണ്‌ വമ്പൻ ക്ലബ്ബുകൾ നഷ്ടം കുറയ്‌ക്കുന്നത്‌.

സ്‌പാനിഷ്‌ ലീഗ്‌ വമ്പൻമാരായ ബാഴ്‌സലോണയാണ്‌ ശമ്പളം വെട്ടിക്കുറയ്‌‌ക്കുന്നതിൽ മുമ്പിൽ. 70 ശതാനം വെട്ടിക്കുറയ്‌ക്കുമെന്നായിരുന്നു ആദ്യ അറിയിപ്പ്‌. എന്നാൽ കളിക്കാരിൽ ചിലരുടെ എതിർപ്പുകാരണം അത്‌ 50 ശതമാനമാക്കിയേക്കുമെന്നാണ്‌ സൂചന. മറ്റൊരു സ്‌പാനിഷ്‌ ക്ലബ്‌ അത്‌ലറ്റികോ മാഡ്രിഡും കളിക്കാരുടെ വേതനം കുറയ്‌ക്കാനൊരുങ്ങുകയാണ്‌.

ജർമൻ ലീഗിൽ ബയേൺ മ്യൂണിക്‌, ആർബി ലെയ്‌പ്‌സിഗ്‌, ബൊറൂസിയ ഡോർട്ട്‌മുണ്ട്‌, ബയേർ ലെവർകൂസൻ ടീമുകൾ ചേർന്ന്‌ 187 കോടി രൂപ ദുരിതബാധിതർക്കുവേണ്ടി നൽകി. വേതനം കുറയ്‌ക്കാനും സാധ്യതയുണ്ട്‌.താരലേല വിപണിയിൽ വൻതുക മുടക്കാൻ ക്ലബ്ബുകൾ മടിക്കും. വമ്പൻ കളിക്കാരെ ലക്ഷ്യമിട്ടുള്ള ക്ലബ്ബുകൾ തീരുമാനം മാറ്റിയേക്കും. നെയ്‌മർ, ജെയ്‌ഡൻ സാഞ്ചോ, എർലിങ്‌ ഹാലൻഡ്‌ തുടങ്ങിയ കളിക്കാർക്കുവേണ്ടി ക്ലബ്ബുകൾ രംഗത്തുണ്ടായിരുന്നു. വൻതുക മുടക്കാനും ഒരുക്കമായിരുന്നു. ഈ സീസണിൽ ഇനി വലിയ താരകൈമാറ്റങ്ങൾ ഉണ്ടാകില്ല.

നിലവിലെ സാഹചര്യത്തിൽ ലീഗുകൾ  സെപ്‌തംബറിലെങ്കിലും തീർക്കാനുള്ള നീക്കത്തിലാണ്‌. അങ്ങനെയാണെങ്കിൽ അടുത്ത സീസൺവരെ ഇത്‌ ബാധിക്കും. സാധാരണഗതിയിൽ ആഗസ്‌തിലാണ്‌ പുതിയ സീസൺ ആരംഭിക്കുക. താരലേല വിപണി സജീവമാകുന്നതും ഈ മാസമാണ്‌.


പ്രധാന വാർത്തകൾ
 Top