28 May Thursday

ഒടുവിൽ നൗരി കൺതുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020


ആംസ്റ്റർഡാം
രണ്ട്‌ വർഷവും എട്ട്‌ മാസവും 19 ദിവസങ്ങളും പിന്നിട്ടു. അബ്‌ദുൽഹക്ക്‌ നൗരി ആദ്യമായി മിഴിതുറന്നു, കൈയനക്കി. 2017 ജൂലൈ എട്ടിനായിരുന്നു ആംസ്റ്റർഡാം അയാക്‌സ്‌ മധ്യനിരക്കാരൻ നൗരി കളത്തിൽ കുഴഞ്ഞുവീണത്‌. പ്രീ സീസൺ മത്സരമായിരുന്നു അത്‌. ഓസ്‌ട്രിയയിൽ എതിരാളികൾ ജർമൻ ടീം വെർഡർ ബ്രെമൻ. രണ്ടാംപകുതി പകരക്കാരനായി നൗരി കളത്തിൽ. 72–-ാം മിനിറ്റിൽ മാനത്തേക്ക്‌ കൈചൂണ്ടി പതിയെ മധ്യനിരക്കാരൻ കളത്തിലേക്ക്‌ വീണു. സഹതാരങ്ങൾ പരിഭ്രമിച്ചു. ടീം ഡോക്‌ടർ ഓടിയടുത്തു. ഹൃദയസ്‌തഭംനമായിരുന്നു. ആരോഗ്യസംഘത്തിന്‌ അത്‌ മനസ്സിലാകാൻ വൈകി. ഹെലികോപ്‌ടറിൽ ആശുപത്രിയിലേക്ക്‌. അപ്പോഴേക്കും ഇരുപതുകാരൻ മയക്കത്തിലേക്ക്‌ വീണുകഴിഞ്ഞിരുന്നു. ദിവസങ്ങൾക്കുശേഷം ഡോക്‌ടർമാരും വിധിയെഴുതി. തലച്ചോറിന്‌ ഗുരതരമായ ആഘാതം സംഭവിച്ചിരിക്കുന്നു. ഇനി എന്നുണരും എന്നുറപ്പില്ല.

ഡച്ച്‌–-മൊറോക്കൻ കുടുംബമാണ്‌ നൗരിയുടേത്‌. ഏഴാം വയസ്സുമുതൽ അയാക്‌സിന്റെ കളരിയിൽ. റൊണാൾഡീന്യോയെയും ആന്ദ്രേ ഇനിയേസ്റ്റയെയും അനുകരിച്ചാണ്‌ പന്ത്‌ തട്ടിത്തുടങ്ങിയത്‌. ആരാധകരും കൂട്ടുകാരും അവനെ ‘ആപ്പി’ എന്നുവിളിച്ചു. മാതിസ്‌ ഡിലെറ്റ്‌, ഫ്രെങ്ക്‌ ഡിയോങ്‌ തുടങ്ങിയ അയാക്‌സിന്റെ പുതുതലമുറയിലെ വാഗ്‌ദാനമായിരുന്നു നൗരി. എന്നാൽ ഒരു നിമിഷംകൊണ്ട്‌ എല്ലാം നിലച്ചു.

കഴിഞ്ഞ സീസണിൽ ഡച്ച്‌ ചാമ്പ്യൻമാരായ അയാക്‌സ്‌ വിജയം സമർപ്പിച്ചത്‌ നൗരിക്ക്‌. വിജയാഹ്ലാദത്തിൽ കൂട്ടുകാരന്റെ 34–-ാം നമ്പർ കുപ്പായവുമായണവർ എത്തിയത്‌. ഒപ്പം ഇരുപത്തിരണ്ടുകാരന്റെ കുടുംബവും. ക്ലബ്ബും ആരാധകരും ഇന്നും നൗരിയെ ചേർത്തുനിർത്തുന്നു. സഹോദരൻ അബ്‌ദു റഹീമാണ്‌ അബോധാവസ്ഥയിൽനിന്ന്‌ നൗരി ഉണർന്നത്‌ അറിയിച്ചത്‌.


പ്രധാന വാർത്തകൾ
 Top