20 September Sunday

ഇറ്റലിയിൽ യുവന്റസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020

സമ്പ്‌ദോറിയയെ തോൽപ്പിച്ച്‌ ഇറ്റാലിയൻ ലീഗ്‌ കിരീടം ഉറപ്പാക്കിയ യുവന്റസ്‌ താരങ്ങളുടെ ആഹ്ലാദം

ടൂറിൻ
ഇറ്റാലിയൻ ലീഗിൽ തുടർച്ചയായ ഒമ്പതാം തവണയും യുവന്റസ്‌ ചാമ്പ്യൻമാർ. സമ്പ്‌ദോറിയയെ രണ്ട്‌ ഗോളിന്‌ തോൽപ്പിച്ചാണ്‌ നേട്ടം. യുവന്റസിനായി സൂപ്പർതാരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയും ഫെഡെറികോ ബെർണാഡെഷിയും ഗോളടിച്ചു. യുവന്റസിന്‌ അവസാന ഘട്ടത്തിൽ കിട്ടിയ പെനൽറ്റി റൊണാൾഡോ പാഴാക്കി. ക്രോസ്‌ബാറിൽ തട്ടിത്തെറിക്കുകയായിരുന്നു. യൂറോപ്പിലെ അഞ്ച്‌ പ്രധാന ലീഗുകളിൽവച്ച്‌ തുടർച്ചയായ ഒമ്പത്‌ കിരീടം നേടുന്ന ആദ്യ ക്ലബ് എന്ന റെക്കോഡും  യുവന്റസിന്‌ ലഭിച്ചു. ഈ സീസണിൽ 31 ഗോളായി റൊണാൾഡോയ്‌ക്ക്‌. ലാസിയോയുടെ സിറോ ഇമ്മൊബീൽ 34 ഗോളുമായി ഒന്നാമത്‌ നിൽക്കുന്നു. ഹെല്ലാസ്‌ വെറോണയ്‌ക്കെതിരെ ഇമ്മൊബീൽ ഹാട്രിക്‌ അടിച്ചിരുന്നു.

രണ്ടു കളി ശേഷിക്കെയാണ്‌ യുവന്റസിന്റെ കിരീടധാരണം. രണ്ടാമതുള്ള ഇന്റർ മിലാനേക്കാൾ ഏഴ്‌ പോയിന്റ്‌ മുന്നിൽ.
തുടർച്ചയായ ഒമ്പതാം കിരീടം നേടിയെങ്കിലും പരിശീലകൻ മൗറീസിയോ സാറിക്ക്‌ ആത്മവിശ്വാസം പ്രകടനമായിരുന്നില്ല ഈ സീസണിൽ യുവന്റസിന്റേത്‌. അവസാന ആറ്‌ കളിയിൽ രണ്ടുജയം മാത്രമാണ്‌ നേടാനായത്‌. സമ്പ്‌ദോറിയക്കെതിരെയും തുടക്കത്തിൽ യുവന്റസ്‌ പതറി. ആദ്യപകുതിയുടെ പരിക്ക്‌ സമയത്ത്‌ മിറാലെം പ്യാനിച്ചിന്റെ ഫ്രീകിക്കിൽനിന്ന്‌ റൊണാൾഡോ ഗോളടിച്ചതോടെയാണ്‌ ആശ്വാസം വീണത്‌. രണ്ടാംപകുതിയിൽ സമ്പ്‌ദോറിയ പത്ത്‌ പേരായി ചുരുങ്ങുകയും ചെയ്‌തു. മോർടെൻ തോർസ്‌ബി രണ്ടാം മഞ്ഞക്കാർഡ്‌ കണ്ട്‌ പുറത്താകുകയായിരുന്നു.

കാഗ്ലിയാരി, റോമ ടീമുകൾക്കെതിരെയാണ്‌ യുവന്റസിന്റെ ശേഷിക്കുന്ന മത്സരങ്ങൾ. ആഗസ്‌ത്‌ രണ്ടിന്‌ ലീഗ്‌ അവസാനിക്കും. ഏഴിന്‌ ചാമ്പ്യൻസ്‌ ലീഗ്‌ രണ്ടാംപാദ പ്രീ ക്വാർട്ടറിൽ ല്യോണിനെ യുവന്റസ്‌ നേരിടും. ആദ്യപാദത്തിൽ യുവന്റസ്‌ ഒരു ഗോളിന്‌ തോറ്റിരുന്നു.

‘പ്രിയപ്പെട്ടവരേ ഈ കിരീടം നിങ്ങൾക്ക്‌’
ഇറ്റാലിയൻ ലീഗിൽ യുവന്റസിന്റെ കിരീടനേട്ടം കോവിഡ്‌ മഹാമാരി ബാധിച്ചവർക്ക്‌ സമർപ്പിച്ച്‌ ക്രിസ്‌റ്റ്യാനോ റൊണാൾഡോ. ‘ഈ മഹത്തായ ക്ലബ്ബിനൊപ്പം രണ്ടാംതവണയും കിരീടം നേടാനായതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. ഈ സന്ദർഭത്തിൽ കിരീടം യുവന്റസിന്റെ എല്ലാ ആരാധകർക്കും വേണ്ടി സമർപ്പിക്കുകയാണ്‌. പ്രത്യേകിച്ചും മഹാമാരിയിൽപ്പെട്ടവർക്കും അതിജീവിക്കുന്നവർക്കും. ഇതിനെതിരെ പോരാടി അന്തിമ ജയം നേടാൻ എല്ലാവർക്കും കഴിയട്ടെ–- റൊണാൾഡോ സാമൂഹ്യ മാധ്യമമായ ഇൻസ്‌റ്റഗ്രാമിൽ കുറിച്ചു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top