26 September Saturday

ലോകകപ്പ്‌ യോഗ്യതയ്‌ക്ക്‌ സൂപ്പർലീഗ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020


ദുബായ്‌
ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിന്റെ യോഗ്യതയ്‌ക്കായി രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിൽ -(ഐസിസി) സൂപ്പർലീഗ്‌ സംഘടിപ്പിക്കും. 2023 ഒക്‌ടോബർ–-നവംബർ മാസങ്ങളിൽ ഇന്ത്യയിലാണ്‌ ലോകകപ്പ്‌. 10 ടീമുകളാണ്‌ ലോകകപ്പിൽ. പന്ത്രണ്ട്‌ ഐസിസി സമ്പൂർണ അംഗങ്ങളും നെതർലൻഡ്‌സും സൂപ്പർലീഗിൽ ഏറ്റുമുട്ടും. നെതർലൻഡ്‌സ്‌ 2015–-17ലെ ലോക ക്രിക്കറ്റ്‌ സൂപ്പർലീഗ്‌ ചാമ്പ്യൻമാരാണ്‌. ജൂലൈ 30ന്‌ നടക്കുന്ന ഇംഗ്ലണ്ട്‌–-അയർലൻഡ്‌ ഏകദിനമാകും സൂപ്പർലീഗിലെ ആദ്യമത്സരം. സൂപ്പർലീഗിന്റെ പൂർണ മത്സരക്രമം പ്രഖ്യാപിച്ചിട്ടില്ല. 13 ടീമുകൾ മൂന്നു‌ മത്സരങ്ങൾ അടങ്ങിയ നാലു‌ പരമ്പരകൾ നാട്ടിലും പുറത്തും കളിക്കും. ഓരോ ജയത്തിനും 10 പോയിന്റ്‌. സമനിലയോ ഉപേക്ഷിക്കുകയോ ചെയ്‌താൽ അഞ്ച്‌ പോയിന്റുവീതം ലഭിക്കും.

പതിമൂന്നു‌ ടീമുകൾ ചേർന്ന്‌ നൂറ്റമ്പതോളം കളികൾ ഉണ്ടാകും. മൂന്നുവർഷം നടക്കുന്ന യോഗ്യതാമത്സരങ്ങളിലൂടെ ഏകദിന ക്രിക്കറ്റ്‌ ആവേശമാക്കാൻ കഴിയുമെന്നാണ്‌ ഐസിസിയുടെ വിലയിരുത്തൽ‌.  ലോകകപ്പിന്റെ ആതിഥേയർ എന്ന നിലയിൽ ഇന്ത്യക്ക്‌ നേരിട്ട്‌ യോഗ്യത ലഭിക്കും. ഏഴു‌ ടീമുകൾ സൂപ്പർലീഗിലൂടെ എത്തും. ബാക്കിയുള്ള രണ്ട്‌ സ്ഥാനങ്ങൾക്കായി സൂപ്പർലീഗിൽ പുറത്തായ അഞ്ചു ടീമുകളും അഞ്ച്‌ അസോസിയറ്റഡ്‌ അംഗങ്ങളും ഏറ്റുമുട്ടും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top