19 March Tuesday

ബ്ലാസ്റ്റേഴ്സ് ഇന്ന് ജിറോണയോട് ; മത്സരം രാത്രി 7ന്‌ സ്്റ്റാർ സ്‌പോർട്‌സിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018


കൊച്ചി
ടൊയോട്ട യാരിസ് ലാ ലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിലെ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് സ്പാനിഷ് ലീഗ് ടീം ജിറോണ എഫ്സിയെ നേരിടും.  ശനിയാഴ്ച രാത്രി ഏഴിന് കലൂർ ജവാഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് കിക്കോഫ്. ആദ്യമത്സരത്തിൽ ഓസ്ട്രേലിയൻ ലീഗ് ടീം മെൽബൺ സിറ്റിയോട് എതിരില്ലാത്ത ആറു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ജിറോണ സ്പാനിഷ് ലീഗിലെ മികച്ച ക്ലബ്ബുകളിലൊന്നാണ്. കഴിഞ്ഞ സീസണിൽ ലോകഫുട്ബോളിലെ ഒന്നാംനിരക്കാരായ റയൽ മാഡ്രിഡിനെ അവരുടെ തട്ടകത്തിൽ തകർത്തിട്ടുണ്ട്. മറ്റൊരു വമ്പൻമാരായ അത്ലറ്റികോ മാഡ്രിഡിനെ സമനിലയിൽ കുരുക്കി. മെൽബൺ സിറ്റിയെ ആറ്‌ ഗോളിന്‌ തകർത്താണ്‌ ജിറോണ ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഇറങ്ങുന്നത്‌.

ബ്ലാസ്റ്റേഴ്സിന് ഐഎസ്എൽ പുതിയ സീസണിനു മുമ്പുള്ള തയ്യാറെടുപ്പാണിത്. ആദ്യമത്സരത്തിൽ മെൽബൺ സിറ്റിക്കു മുമ്പിൽ തകർന്നടിഞ്ഞതിൽനിന്ന് കരകയറണം ബ്ലാസ്റ്റേഴ്സിന്. പരിശീലകൻ ഡേവിഡ് ജയിംസ് മാറ്റങ്ങൾ വരുത്തിയേക്കും. മെൽബൺ സിറ്റിയോട് ഒരു മേഖലയിലും ബ്ലാസ്റ്റേഴ്സിന് പിടിച്ചുനിൽക്കാനായില്ല. പ്രതിരോധം തകർന്നടിഞ്ഞു.

മെൽബൺ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ ഫ്രഞ്ചുകാരൻ സിറിൾ കാലി മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഈ മുപ്പത്തിനാലുകാരന്റെ ഇടപെടലുകളാണ് ആദ്യഘട്ടത്തിൽ സിറ്റിയെ  ഗോൾ നേടുന്നതിൽനിന്ന് തടഞ്ഞത്. മധ്യനിരയിൽ കളിമെനയാൻ മികച്ചൊരു കളിക്കാരൻ ഇല്ലാത്തതാണ്ബ്ലാസ്റ്റേഴ്സിനെ വലയ്ക്കുന്നത്. ആദ്യമത്സരത്തിലെ വൻ തോൽവിക്കു വഴിയൊരുക്കിയ കാരണങ്ങളിലൊന്ന് ഇതായിരുന്നു. മധ്യനിരക്കാരൻ കെ പ്രശാന്ത് ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തിയെങ്കിലും ഗോൾ നേടാൻ കഴിഞ്ഞില്ല. ഘാനക്കാരൻ കറേജ് പെക്കൂസൺഇടവേളയ്ക്കുശേഷം എത്തിയിട്ടും വലിയ മാറ്റമുണ്ടായില്ല. ഗോളി ധീരജ് സിങ്ങിന്റെ പ്രകടനം ടീമിന് ആശ്വാസംപകരുന്നതാണ്. മുന്നേറ്റത്തിൽ സെർബിയക്കാരൻ സ്ലവീസ സ്റ്റൊയാനോവിച്ചിനെയും മാറ്റിച്ച് പൊപ്പാട്നിക്കിനനെയുംതന്നെ അണിനിരത്താനാകും ജെയിംസിന്റെ ശ്രമം.

മുൻ ബാഴ്സാ സഹപരിശീലകൻ യുസെബിയോ സാക്രിസ്റ്റയുടെ തന്ത്രങ്ങളും സ്പാനിഷ് ഫുട്ബോളിന്റെ മികവുംകൂടി ചേരുമ്പോൾ ജിറോണ ബ്ലാസ്റ്റേഴ്സിന് വലിയ വെല്ലുവിളിയാകും. റയലിനെ തോൽപ്പിച്ച ടീമിലെ ഒമ്പതുപേർ ടീമിലുണ്ട്. ബ്ലാസ്റ്റേഴ്സിനെ ചെറിയ ടീമായി കാണുന്നില്ല, ടീമിനോട് ആദരവ് മാത്രമേയുള്ളൂവെന്ന് ജിറോണ മധ്യനിരക്കാരൻ അലെക്സ് ഗാർഷ്യ പറഞ്ഞു. ഞങ്ങൾ സ്കോർ ചെയ്യും. മികച്ചൊരു കളിയൊരുക്കുമെന്നും ഗാർഷ്യ കൂട്ടിച്ചേർത്തു. മാഞ്ചസ്റ്റർ സിറ്റിയിൽനിന്ന് വായ്പാടിസ്ഥാനത്തിലാണ് ഗാർഷ്യ സ്പാനിഷ് ലീഗിൽ കളിക്കുന്നത്. പ്രതിരോധക്കാരൻ മാർക് മുനിയേസയും ജിറോണ നിരയിൽ പ്രധാനിയാണ്.

പ്രധാന വാർത്തകൾ
 Top