14 November Thursday

കോപ അമേരിക്ക ക്വാർട്ടർ : ജയിക്കാൻ അർജന്റീന

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019

അർജന്റീന താരങ്ങൾ പരിശീലനത്തിൽ

റിയോ ഡി ജനീറോ
ഇന്ന‌് രാത്രി അർജന്റീനയ‌്ക്ക‌് ജയിച്ചേ തീരൂ. കോപ അമേരിക്ക ഫുട‌്ബോൾ ക്വാർട്ടറിൽ  വെനസ്വേലയാണ‌് എതിരാളി. റിയോ ഡി ജനീറോയിലെ മാരക്കാന സ‌്റ്റേഡിയത്തിൽ രാത്രി 12.30നാണ‌് മത്സരം. ഗ്രൂപ്പ‌് ഘട്ടത്തിൽ ആദ്യം കിതച്ചെങ്കിലും അവസാനമത്സരത്തിൽ ഖത്തറിനെ എതിരില്ലാത്ത രണ്ട‌് ഗോളിന‌് തോൽപ്പിച്ചാണ‌് അർജന്റീന ക്വാർട്ടറിലേക്ക‌ുള്ള അവസാന ബസിൽ ടിക്കറ്റ‌് എടുത്തത‌്.  ‌സ‌്കോറിനനുസരിച്ച‌ുള്ള മികവ‌് കളിയിൽ അർജന്റീന കാട്ടിയില്ല. നിരവധി അവസരങ്ങൾ പാഴാക്കി. ഒരു ഗോളാകട്ടെ ഖത്തറിന്റെ പിഴവിൽ നിന്നുമായിരുന്നു.

കഴിഞ്ഞ രണ്ട‌് കോപകളിൽ ഫൈനലിസ‌്റ്റുകളായ അർജന്റീന അവസാനമായി കിരീടമുയർത്തിയത‌് 1993ലാണ‌്. ഖത്തറിനെതിരെയിറങ്ങിയ ടീമിൽ കോച്ച‌് ലയണൽ സ‌്കലോനി  മാറ്റം വരുത്താൻ സ‌ാധ്യതയുണ്ട‌്‌. യുവാൻ ഫൊയ‌്ത്തിന‌് പകരം ജെർമൻ പെസെല്ല കളിച്ചേക്കും. ജിയോ ലോ സെൽസോയ‌്ക്ക‌് പകരം മാർകോസ‌് അക്യൂന ആദ്യ ഇലവനിൽ കളിക്കുമെന്നാണ‌് സൂചന. മുന്നേറ്റ നിരയിൽ ലയണൽ മെസി, സെർജിയോ അഗ്വേറോ, ലൗതാരോ മാർട്ടിനസ‌് എന്നിവർ അണിനിരക്കും. അഗ്വേറോയും മാർട്ടിനസും ഖത്തറിനെതിരായ മത്സരത്തിൽ ഗോൾ നേടിയിരുന്നു. 

വെനസ്വേല ഗ്രൂപ്പ‌് എയിൽ  ബ്രസീലിന‌് പിന്നിൽ രണ്ടാമതായാണ‌് ക്വാർട്ടറിലെത്തുന്നത‌്. പെറുവിനും ബ്രസീലിനുമെതിരെ ഗോൾരഹിത സമനില നേടി.  ബൊളീവിയയോട‌് 3–-1ന‌് ജയിച്ചു. അമേരിക്കയിൽ നടന്ന ശതാബ‌്ദി കോപയിൽ പുറത്താക്കിയതിന‌് വെനസ്വേലയ‌്ക്ക‌് അർജന്റീനയോട‌് പകരം വീട്ടാനുണ്ട‌്. മൂന്നുമാസം മുമ്പ‌് സൗഹൃദ മത്സരത്തിൽ അർജന്റീനയെ ഒന്നിനെതിരെ മൂന്ന‌് ഗോളിന‌് തോൽപ്പിച്ചിട്ടുണ്ട‌്.

കോപയിൽ ഇരുവരും ഏറ്റുമുട്ടിയ അഞ്ചുവട്ടവും ജയം അർജന്റീനയ‌്ക്കൊപ്പമായിരുന്നു. നാളെ പുലർച്ചെ 4.30ന്‌  മൂന്നാം ക്വാർട്ടറിൽ നിലവിലെ ചാമ്പ്യൻമാരായ ചിലി കൊളംബിയയെ നേരിടും. ഗ്രൂപ്പിലെ മൂന്ന്‌ കളികളും ജയിച്ചാണ്‌ കൊളംബിയ വരുന്നത്‌. രാത്രി 12.30ന്‌ ഉറുഗ്വേ പെറുവിനെയും നേരിടും.


പ്രധാന വാർത്തകൾ
 Top