30 June Thursday
പാരിസിൽ ആര്

ചാമ്പ്യൻസ്‌ ലീഗ്‌: ലിവർപൂൾ x റയൽ ഫെെനൽ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022



പാരിസ്‌
ലിവർപൂൾ 2018ലെ കണക്കുതീർക്കുമോ?. ചാമ്പ്യൻസ് ലീഗ് ഫെെനലിൽ റയൽ മാഡ്രിഡിനെതിരെ ഇറങ്ങുമ്പോൾ 2018ലെ തോൽവിയുടെ നീറ്റൽ മാറിയിട്ടില്ല ലിവർപൂളിന്. അന്ന് 3–1ന് ജയിച്ച് റയൽ കപ്പുയർത്തി. ഇക്കുറി കരുത്തുറ്റ നിരയുമായാണ് ലിവർപൂളിന്റെ വരവ്. തുടക്കത്തിലെ പതർച്ചയ്ക്കുശേഷം ഗംഭീരമായി മുന്നേറിയ റയൽ 14–ാംകിരീടമാണ് ലക്ഷ്യമിടുന്നത്. പാരിസിൽ ഇന്ത്യൻ സമയം രാത്രി 12.30നാണ് ഫെെനൽ.
നേരിയ വ്യത്യാസത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം നഷ്ടമായെങ്കിലും മികച്ച സീസണായിരുന്നു ലിവർപൂളിന്. രണ്ട് കിരീടങ്ങൾ ഇതിനകം നേടി. എങ്കിലും കൂടുതൽ മത്സരങ്ങൾ കളിച്ചതിന്റെ ക്ഷീണമുണ്ട് യുർഗൻ ക്ലോപ്പിന്റെ സംഘത്തിന്. പരിക്കുമാറിയ മുഹമ്മദ് സലായും വിർജിൽ വാൻ ഡിക്കും തിരിച്ചെത്തും. തിയാഗോയും കളിക്കുമെന്നാണ് പ്രതീക്ഷ. ലൂയിസ്‌ ഡയസ് ആദ്യ പതിനൊന്നിൽത്തന്നെ ഉൾപ്പെടാൻ സാധ്യതയുണ്ട്. സാദിയോ മാനെ–സലാ–ഡയസ് സഖ്യം റയൽ പ്രതിരോധത്തെ പരീക്ഷിക്കും.

മറുവശത്ത് റയലിന്റേത് അത്ഭുത കുതിപ്പായിരുന്നു. സ്പാനിഷ് ലീഗ് ആധികാരികമായി നേടി. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി, ചെൽസി, മാഞ്ചസ്റ്റർ സിറ്റി ടീമുകളെയാണ് നോക്കൗട്ടിൽ കീഴടക്കിയത്. ഇതിൽ മൂന്ന് മത്സരങ്ങളിലും അവിശ്വസനീയമായ തിരിച്ചുവരവായിരുന്നു. കരിം ബെൻസെമയുടെ ഗോളടി മികവാണ് കാർലോ ആൻസെലോട്ടിയുടെ സംഘത്തെ നയിക്കുന്നത്. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, ലൂക്കാ മോഡ്രിച്ച്, ഏദെർ മിലിറ്റാവോ തുടങ്ങിയവരും മികച്ച ഫോമിലാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top