15 July Wednesday
- ഓസ്‌ട്രേലിയ–-ഇന്ത്യ ക്രിക്കറ്റ്‌: ടെസ്‌റ്റ്‌ മത്സരങ്ങൾ ഡിസംബറിൽ തുടങ്ങും

ട്വന്റി‐20 പരന്പര ഒക്‌ടോബറിൽ

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020


മെൽബൺ
ഓസ്‌ട്രേലിയ–-ഇന്ത്യ ക്രിക്കറ്റ്‌ പരമ്പരയ്‌ക്ക്‌ ഒക്‌ടോബറിൽ തുടക്കമാകും. ഗാബയിൽ ഒക്‌ടോബർ 11ന്‌ നടക്കുന്ന ട്വന്റി–-20യോടെയാണ്‌ തുടക്കം. മൂന്നുവീതം ട്വന്റി–-20യും ഏകദിനവും നാല്‌ ടെസ്‌റ്റുകളുമാണ്‌ പരമ്പരയിൽ. ടെസ്‌റ്റ്‌ പരമ്പരയ്‌ക്ക്‌ ഡിസംബറിലാണ്‌ തുടക്കം. പകൽ–-രാത്രി ടെസ്‌റ്റ്‌ 2021 ജനുവരി മൂന്നിന്‌ സിഡ്‌നിയിൽ ആരംഭിക്കും. ഏകദിന മത്സരങ്ങൾ 2021 ജനുവരിയിൽ തുടങ്ങും.

ക്രിക്കറ്റ്‌ ഓസ്‌ട്രേലിയ പ്രഖ്യാപിച്ച മത്സരക്രമം ട്വന്റി–-20 ലോകകപ്പുകൂടി മുന്നിൽക്കണ്ടാണ്‌. ഒക്‌ടോബർ 18 മുതൽ നവംബർ 15 വരെയാണ്‌ ലോകകപ്പ്‌ നിശ്‌ചയിച്ചിരിക്കുന്നത്‌. കോവിഡിന്റെ പശ്‌ചാത്തലത്തിൽ 2022ലേക്ക്‌ ലോകകപ്പ്‌ മാറ്റിയേക്കുമെന്ന അഭ്യൂഹങ്ങൾ ഐസിസി തള്ളിക്കളഞ്ഞു.
ഒക്‌ടോബറിൽ ട്വന്റി–-20 മത്സരങ്ങൾ മാത്രമാണ്‌. ഒക്‌ടോബർ 11, 13, 14 തീയതികളിലാണ്‌ മത്സരങ്ങൾ. രണ്ടാം ട്വന്റി–-20 മനുക ഓവലിലും മൂന്നാമത്തേത്‌ അഡ്‌ലെയ്‌ഡ്‌ ഓവലിലുമാണ്‌.

ടെസ്‌റ്റ്‌ മത്സരങ്ങളുടെ എണ്ണം കൂട്ടിയിട്ടില്ല. ഡിസംബർ മൂന്നിന് ഗാബയിലാണ്‌ ആദ്യ ടെസ്‌റ്റ്‌ തുടങ്ങുക. രണ്ടാമത്തേത്‌ ഡിസംബർ 11ന്‌‌ അഡ്‌ലെയ്‌ഡ്‌ ഓവലിൽ. 26ന്‌ മെൽബണിൽ മൂന്നാം ടെസ്‌റ്റും ആരംഭിക്കും. തുടർന്ന്‌ ജനുവരിയിൽ ഇന്ത്യ ആദ്യമായി വിദേശ മണ്ണിൽ പകൽ രാത്രി ടെസ്‌റ്റ്‌ കളിക്കും.ഏകദിന പരമ്പര ജനുവരി 22ന്‌ തുടങ്ങും. ആദ്യ കളി പെർത്തിലാണ്‌. 25ന്‌ മെൽബണിലും മൂന്നാമത്തേത്‌ 28ന്‌ ഹൊബാർട്ടിലുമാണ്‌. കോവിഡ്‌ കാരണം കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്‌ ഓസ്‌ട്രേലിയൻ ക്രിക്കറ്റ്‌.


പ്രധാന വാർത്തകൾ
 Top