14 July Tuesday

ഡോ. ചാക്കോ ജോസഫ്‌ ഇന്ന്‌ വിരമിക്കും

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020


കൊച്ചി
സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌സിന്റെ സംഘാടനത്തിന്‌ പ്രൊഫഷണൽ മികവ്‌ നൽകിയ വിദ്യാഭ്യാസവകുപ്പ്‌ ജോയിന്റ്‌ ഡയറക്‌ടർ (സ്‌പോർട്‌സ്‌) ഡോ. ചാക്കോ ജോസഫ്‌ ഇന്ന്‌ സർവീസിൽനിന്ന്‌ വിരമിക്കും. പതിമൂന്ന്‌ സംസ്ഥാന സ്‌കൂൾ മീറ്റുകളുടെ മുഖ്യ സംഘാടകനായിരുന്നു. 1994ൽ കോട്ടയം മുരിക്കുംവയൽ ഗവ. വിഎച്ച്‌എസ്‌എസിൽ കായികാധ്യാപകനായാണ്‌ തുടക്കം. 2007ൽ കോട്ടയം സംസ്ഥാന സ്‌കൂൾ മീറ്റിൽ സ്‌പോർട്‌സ്‌ ഓർഗനൈസറായി. തുടർന്ന്‌ ഡെപ്യൂട്ടി ഡയറക്‌ടർ, ജോയിന്റ്‌ ഡയറക്‌ടർ പദവികൾ വഹിച്ചു.

2010 മുതൽ സംസ്ഥാന സ്‌കൂൾ മീറ്റ്‌ പൂർണമായും സിന്തറ്റിക്‌ ട്രാക്കിലേക്ക്‌ മാറ്റിയതാണ്‌ പ്രധാന നേട്ടം. ഗെയിംസും അത്‌ലറ്റിക്‌സും ഒരേ വേദിയിൽ നടത്തുന്നത്‌ ഒഴിവാക്കി. സ്‌കൂൾ മീറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതും ഇക്കാലയളവിലാണ്‌. കായികതാരങ്ങളുടെ രജിസ്‌ട്രേഷൻ ഓൺലൈനാക്കി. 2009, 2016 ലോക സ്‌കൂൾ മീറ്റിൽ ഇന്ത്യൻ സംഘത്തിന്റെ തലവനായിരുന്നു. 2014ൽ ഏഷ്യൻ സ്‌കൂൾ വോളിക്കുള്ള ഇന്ത്യൻ ടീമിന്റെ മുഖ്യ ചുമതലയും വഹിച്ചു. കോഴിക്കോട്ടും കൊച്ചിയിലും ദേശീയ സ്‌കൂൾ മീറ്റ്‌ വിജയകരമായി സംഘടിപ്പിച്ചു.

സ്‌കൂൾ ഗെയിംസ്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യയുടെ വൈസ്‌ പ്രസിഡന്റായും പ്രവർത്തിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയാണ്‌. ഭാര്യ: ഡോ. സിനി അബ്രഹാം. മക്കൾ: ജോസഫ്‌ ചാക്കോ, തെരേസ്‌ ചാക്കോ.


പ്രധാന വാർത്തകൾ
 Top