14 July Tuesday

ബയേൺ മ്യൂണിക്‌ കിരീടത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

ഡോർട്ട്‌മുണ്ടിനെതിരെ ഗോളടിച്ചപ്പോൾ ബയേൺ കളിക്കാരുടെ ആഹ്ലാദം


ഡോർട്ട്‌മുണ്ട്‌
ജർമൻ ഫുട്‌ബോൾ ലീഗ്‌ കിരീടത്തിലേക്ക്‌ വഴിതുറന്ന്‌ ബയേൺ മ്യൂണിക്‌. ഡോർട്ട്‌മുണ്ടിലെ ഇഡുന പാർക്കിൽ മുൻ ചാമ്പ്യൻമാരായ ബൊറൂസിയ ഡോർട്ട്‌മുണ്ടിനെ ഒരു ഗോളിന്‌ കീഴടക്കിയാണ്‌ ബയേണിന്റെ കുതിപ്പ്‌. ഇതോടെ ആറ്‌ കളി ശേഷിക്കെ ബയേണിന്‌ ഒന്നാംസ്ഥാനത്ത്‌ ഏഴ് പോയിന്റ്‌ ലീഡായി. തുടർച്ചയായ എട്ടാം കിരീടമാണ്‌ ബയേണിന്‌ മുന്നിൽ. ജോഷ്വ കിമ്മിച്ചിന്റെ ഗോളിലായിരുന്നു ബയേണിന്റെ  ജയം. ഇഡുന പാർക്കിൽ കാണികളുടെ അസാന്നിധ്യത്തിൽ ഊർജം നഷ്ടപ്പെട്ട ഡോർട്ട്‌മുണ്ടിന്‌ ബയേണിന്റെ കൃത്യമായ നീക്കങ്ങളിൽ ഒന്നും ചെയ്യാനായില്ല. 80,000 കാണികൾക്ക്‌ ഇരിക്കാവുന്ന സ്‌റ്റേഡിയമാണ്‌ ഡോർട്ട്‌മുണ്ടിന്റേത്‌.

പ്രതീക്ഷയായിരുന്ന യുവതാരം എർലിങ്‌ ഹാലൻഡ്‌ നിറംമങ്ങിയത്‌ ഡോർട്ട്‌മുണ്ടിന്‌ തിരിച്ചടിയായി. സഹതാരങ്ങളുടെ പിന്തുണ കിട്ടാതിരുന്ന ഹാലൻഡ്‌ പലപ്പോഴും ഒറ്റപ്പെട്ടു. ഒരുതവണ ഹാലൻഡിന്റെ ഗോൾശ്രമം ബയേൺ താരം അൽഫോൺസ്‌ ഡേവിയെസ്‌ സമർഥമായി തടഞ്ഞു. ബയേൺ ഗോൾകീപ്പർ മാനുവൽ നോയെയ്‌ക്ക്‌ പരീക്ഷണങ്ങൾ നേരിടേണ്ടിവന്നില്ല. ബയേൺ കുപ്പായത്തിൽ നോയെയുടെ 400–-ാം മത്സരമായിരുന്നു ഇത്‌. ഡോർട്ട്‌മുണ്ടിന്റെ മറ്റൊരു യുവതാരം ജെയ്‌ഡൻ സാഞ്ചോയും മങ്ങി.

ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പാണ്‌ കിമ്മിച്ചിന്റെ ഗോൾ വന്നത്‌. 20 വാരയിൽനിന്നുള്ള ഷോട്ട്‌ ഡോർട്ട്‌മുണ്ട്‌ ഗോൾകീപ്പർ റോമൻ ബുർക്കിയെ മറികടന്ന്‌ വലയിൽ കയറി.


പ്രധാന വാർത്തകൾ
 Top