25 May Monday

പ്രീമിയർ ലീഗ്‌ റദ്ദാക്കാൻ സമ്മർദം ; ആവശ്യവുമായി ക്ലബ്ബുകൾ , അടുത്തയാഴ്‌ച തീരുമാനം

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020


ലണ്ടൻ
കോവിഡ്‌–-19 പടരുന്ന സാഹചര്യത്തിൽ ഇംഗ്ലീഷ്‌ പ്രീമിയർ ലീഗ്‌ ഫുട്‌ബോൾ സീസൺ റദ്ദാക്കാൻ സമ്മർദം. നിരവധി ക്ലബ്ബുകളാണ്‌ ആവശ്യമുന്നയിച്ചത്‌. ഏപ്രിൽ 30 വരെയായിരുന്നു മത്സരങ്ങൾ നിർത്തിവയ്‌ക്കാൻ തീരുമാനമായത്‌. എന്നാൽ, നിലവിലെ സാഹചര്യത്തിൽ എപ്പോൾ തുടങ്ങാൻ കഴിയുമെന്ന കാര്യത്തിൽ അനിശ്‌ചിതത്വമുണ്ട്‌. അടുത്തയാഴ്‌ച തീരുമാനമുണ്ടാകുമെന്നായിരുന്നു ആദ്യ പ്രതികരണം.

29 മത്സരങ്ങളാണ്‌ സീസണിൽ പൂർത്തിയായത്‌. നിലവിൽ 25 പോയിന്റ്‌ വ്യത്യാസത്തിൽ ലിവർപൂളാണ്‌ മുന്നിൽ. ലീഗ്‌ റദ്ദാക്കുകയാണെങ്കിൽ ലിവർപൂളിന്‌ കിരീടം ലഭിക്കില്ല. 30 വർഷത്തിനുശേഷമായിരുന്നു ലിവർപൂൾ കിരീടം ഉറപ്പാക്കിയത്‌. സീസൺ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ ചാമ്പ്യൻമാരുണ്ടാകില്ല. അടച്ചിട്ട മൈതാനങ്ങളിൽ കളി നടത്താനുള്ള നിർദേശമുയർന്നിരുന്നു. എന്നാൽ ഇതിനെതിരെയും എതിർപ്പുയർന്നു.


 

കഴിഞ്ഞയാഴ്‌ച 20 ക്ലബ്ബുകളുടെയും യോഗത്തിൽ ഈ സീസൺ പൂർത്തിയാക്കണമെന്ന അഭിപ്രായമായിരുന്നു. എന്നാൽ, ബ്രിട്ടനിൽ കാര്യങ്ങൾ ഗുരുതരമായതോടെ ലീഗ്‌ ഈ സീസണിൽ ഉപേക്ഷിക്കണമെന്നാണ്‌ ക്ലബ്ബുകളുടെ ആവശ്യം. ലോകത്ത്‌ ഒരു സ്ഥലത്തും ഒരു കളിയും നടക്കാത്ത സാഹചര്യത്തിൽ ലീഗിനെക്കുറിച്ച്‌ തൽക്കാലം ചിന്തിക്കേണ്ട എന്നാണ്‌ മുൻ താരങ്ങൾ ഉൾപ്പെടെയുള്ളവർ അഭിപ്രായപ്പെട്ടത്‌.


പ്രധാന വാർത്തകൾ
 Top