31 March Tuesday
വനിതാ ട്വന്റി‐20

ഇന്ത്യ സെമിയിൽ ; ന്യൂസിലൻഡിനെ മൂന്ന്‌ റണ്ണിന്‌ തോൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 28, 2020

ന്യൂസിലൻഡിന്റെ മാർടിനെ പുറത്താക്കിയ ഇന്ത്യൻ ബൗളർ രാധ യാദവിന്റെ ആഘോഷം


മെൽബൺ
അവസാന ഓവറുകളിൽ കൊടുങ്കാറ്റായ അമേലിയ കെറിനും ന്യൂസിലൻഡിനെ രക്ഷിക്കാനായില്ല. കിവികളുടെ അഗ്നിപരീക്ഷ അതിജീവിച്ച്‌ ഇന്ത്യ മൂന്നാം ജയത്തോടെ വനിതാ ട്വന്റി–-20 ക്രിക്കറ്റ്‌ ലോകകപ്പ്‌ സെമിയിൽ കടന്നു. ന്യൂസിലൻഡിനെ മൂന്നു റണ്ണിന്‌ മുട്ടുകുത്തിച്ചു. അവസാന പന്തിലായിരുന്നു ഇന്ത്യൻ ജയം.
രണ്ടോവറിൽ 29 റണ്ണടിച്ച്‌ ഇന്ത്യയെ വിറപ്പിച്ചാണ്‌ ന്യൂസിലൻഡിന്റെ കീഴടങ്ങൽ. അമേലിയ 19 പന്തിൽ 34 റണ്ണുമായി പുറത്താകാതെനിന്നു. പതിനാറുകാരി ഷഫാലി വർമയും ബൗളർമാരും ഇത്തവണയും തുണയായി. ലോകകപ്പിൽ അവസാന നാലിൽ ഇടംകണ്ടെത്തുന്ന ആദ്യ ടീമും ഇന്ത്യയാണ്‌. സ്‌കോർ: ഇന്ത്യ 8–-133 ന്യൂസിലൻഡ്‌ 6–-130.
ഷഫാലിയൊഴികെ ബാറ്റിങ്‌നിരയ്‌ക്കു പിഴച്ചപ്പോൾ ബൗളർമാർ ഇത്തവണയും ഇന്ത്യയുടെ ഊർജമായി. ചെറു സ്‌കോർ ലക്ഷ്യമാക്കി ബാറ്റ്‌ വീശിയ ന്യൂസിലൻഡിനെ ബൗളർമാർ കടിഞ്ഞാണിട്ടു. ശിഖ പാണ്ഡെയുടെയും പൂനം യാദവിന്റെയും പന്തുകൾക്കു മുന്നിൽ കിവി ബാറ്റിങ്‌നിരയ്‌ക്ക്‌ മറുപടിയുണ്ടായില്ല. റൺ വിട്ടുകൊടുക്കാതെ ഇടവേളകളിൽ പ്രഹരിച്ച്‌ ബൗളർമാർ കളി വരുതിയിലാക്കി. റാച്ചൽ പ്രീസ്‌റ്റ്‌ (12), ക്യാപ്‌റ്റൻ സോഫി ഡെവൈൻ (14), സൂസി ബെയ്‌റ്റ്‌സ്‌ (6) എന്നിവരെല്ലാം വേഗം മടങ്ങി. പതിനെട്ടാം ഓവറിലാണ്‌ കിവികൾ നൂറിലെത്തിയത്‌. ഇന്ത്യ അനായാസ ജയം സ്വപ്നം കണ്ടു. എന്നാൽ, അവസാന രണ്ടോവറിൽ കളി കാര്യമായി.

ന്യൂസിലൻഡിന്‌ ജയിക്കാൻ 34 റൺ. ക്രീസിൽ പത്തൊമ്പതുകാരി അമേലിയയും ഹെയ്‌ലി ജെൻസണും. 19–-ാം ഓവർ എറിയാനെത്തിയതാകട്ടെ പൂനം യാദവും. മൂന്നോവറിൽ 14 റൺ മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയ സ്‌പിന്നറെ അമേലിയ ശിക്ഷിച്ചു. നാല്‌ ബൗണ്ടറിയടക്കം ഓൾറൗണ്ടർ കുറിച്ചത്‌ 18 റൺ. ഇന്ത്യ പരിഭ്രമിച്ചു. ലക്ഷ്യം ഒരോവറിൽ 16 റണ്ണായി ചുരുങ്ങി. ശിഖ പാണ്ഡെയുടെ ആദ്യ പന്ത്‌ ബൗണ്ടറി കടത്തി ഹെയ്‌ലി തുടങ്ങി. പിന്നീടുള്ള മൂന്ന്‌ പന്തുകളിൽ മൂന്ന്‌ റണ്ണേ കിവികൾക്ക്‌ നേടനായുള്ളു. അഞ്ചാം പന്ത്‌ അമേലിയ ഫോർ നേടി. അവസാന പന്തിൽ ജയിക്കാൻ അഞ്ച്‌ റൺ. നാലടിച്ചാൽ കളി സൂപ്പർ ഓവറിലേക്കും. ശിഖയുടെ യോർക്കറിൽ  അമേലിയക്ക്‌ പിഴച്ചു. ഒറ്റ റൺ. രണ്ടാം റണ്ണിനായി ഓടിയ ഹെയ്‌ലി (11) റണ്ണൗട്ടായി.

പതിവുപോലെ ഷഫാലി ഇത്തവണയും ഇന്ത്യൻ ബാറ്റിങ്ങിന്റെ നെടുംതൂണായി. 34 പന്തിൽ 46 റണ്ണാണ്‌ കൗമാരക്കാരി കുറിച്ചത്‌. മൂന്ന്‌ സിക്‌സറും നാല്‌ ബൗണ്ടറികളും ആ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. പരിക്കുകാരണം ബംഗ്ലാദേശിനെതിരെ പുറത്തിരുന്ന ഓപ്പണർ സ്‌മൃതി മന്ദാന (8 പന്തിൽ 11) നിരാശപ്പെടുത്തി. ഷഫാലി പുറത്തായതോടെ ഇന്ത്യ തീർന്നു. ഒന്നിന്‌ 68 എന്ന നിലയിൽനിന്നും ഏഴിന്‌ 111ൽ വീണു. ജെമീമ റോഡ്രിഗസ്‌ (11), ദീപ്‌തി ശർമ (8), വേദ കൃഷ്‌ണമൂർത്തി (8) എന്നിവർക്കൊന്നും താളം കണ്ടെത്താനായില്ല. താനിയ ഭാട്ടിയ 23 റണ്ണെടുത്തു. ക്യാപ്‌റ്റൻ ഹർമൻപ്രീത്‌ കൗറിന്‌ (1) മൂന്നാം കളിയിലും പിഴച്ചു. ‌ന്യൂസിലൻഡിനായി അമേലിയ രണ്ട്‌ വിക്കറ്റും സ്വന്തമാക്കി. ഷഫാലിയാണ്‌ കളിയിലെ താരം. നാളെ ശ്രീലങ്കയ്‌ക്കെതിരെയാണ്‌ ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാന മത്സരം.

മറ്റൊരു മത്സരത്തിൽ ബംഗ്ലാദേശിനെ 86 റണ്ണിന്‌ തോൽപ്പിച്ച്‌ ഓസ്‌ട്രേലിയ സെമി സാധ്യതകൾ സജീവമാക്കി. ഓപ്പണർണാരായ അലീസ ഹീലിയും (53 പന്തിൽ 83) ബെത്ത്‌ മൂണിയുമാണ്‌ (58 പന്തിൽ 81*) ഓസീസിന്‌ കൂറ്റൻ സ്‌കോർ സമ്മാനിച്ചത്‌. സ്‌കോർ: ഓസീസ്‌ 1‐189 ബംഗ്ലാദേശ്‌ 9‐103. ഇന്ന്‌ ദക്ഷിണാഫ്രിക്ക തായ്‌ലൻഡിനെയും പാകിസ്ഥാൻ ഇംഗ്ലണ്ടിനെയും നേരിടും.


പ്രധാന വാർത്തകൾ
 Top