25 April Thursday

ടിക്കി ടാക്കയ്‌ക്ക്‌ കാലിടറുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 27, 2018


മോസ്കോ
'ആരെയും വീഴ്ത്താൻ ശേഷിയുള്ള എല്ലാം തികഞ്ഞ ടീം' എന്നായിരുന്നു സ്പെയ്നിന്റെ വിശേഷണം. എന്നാൽ, ആദ്യറൗണ്ട് അവസാനിച്ചപ്പോൾ 'ഏതു ടീമിനോടും തോൽക്കാൻ സാധ്യതയുള്ളവർ' എന്നായി സ്പെയ്ൻ.

ലോകകപ്പിനു തൊട്ടുമുമ്പ് പരിശീലകനെ പുറത്താക്കിയതിന്റെ ആഘാതം ടീമിനെ വിട്ടൊഴിഞ്ഞില്ല. രാഷ്ട്രീയ കാരണങ്ങളും ക്ലബ് ഫുട്ബോളിലെ വൈരാഗ്യവും സൂപ്പർതാര പ്രഭയുമെല്ലാം എന്നും വിവാദമുയർത്തുന്ന സ്പാനിഷ് ദേശീയടീമിൽ എന്തൊക്കെയോ പുകയുന്നു.

മൊറോകോയ്ക്കെതിരെ അർധമനഃസോടെയാണ് സ്പെയ്ൻ ഗ്രൗണ്ടിൽ നിന്നത്. പന്തു കിട്ടിയാൽ മാത്രം കളിക്കാം എന്ന മട്ടിലായിരുന്നു ചിലർ. ഏൽപ്പിച്ച ജോലി മാത്രമേ ചെയ്യൂ എന്ന മട്ടിലുള്ളവരും ഉണ്ടായിരുന്നു. ഒരുകാലത്ത് ടീം സ്പിരിറ്റിന്റെ മറുപേരായിരുന്നു സ്പെയ്ൻ. 

  ആധികാരികതയും ആധിപത്യവും താളവും നിയന്ത്രണവും ചലനാത്മകതയും ഒരുപോലെ ദൃശ്യമായിരുന്ന പഴയ ലോകചാമ്പ്യന്മാരുടെ നിഴൽപോലുമാകാൻ സെർജിയോ റാമോസിനും കൂട്ടർക്കുമാകുന്നില്ല. പല താരങ്ങളും കാലുകൾ ചളിയിലകപ്പെട്ടപോലെയാണ് നീങ്ങിയത്. പകരക്കാരുടെ ബെഞ്ചിൽപ്പോലും മരവിപ്പ് ദൃശ്യമായി.

11 പേർ മൈതാനത്ത് ഒറ്റപ്പെട്ടുനിൽക്കുന്ന സ്ഥിതി. പന്ത് കൈമോശംവരുത്തുന്നതിൽ ഓരോരുത്തരും മത്സരിച്ചു. ഏതു വിപരീത സാഹചര്യത്തിലും തിരിച്ചുവരാൻ മിടുക്കുണ്ടായിരുന്നവർ സമ്മർദത്തിന് അടിപ്പെടുന്നു.

പരിശീലകൻ ലൊപടേഗിക്കു കീഴിൽ പോർച്ചുഗലിനെതിരെ ടീമിന്റെ പ്രകടനം മെച്ചമായിരുന്നു. എന്നാൽ, ഓരോ മത്സരം കളിയുന്തോറും നിലവാരം താഴോട്ടാണ്. പരിശീലകനെ ഒഴിവാക്കുന്നതിൽ കളിക്കാർക്ക് വിയോജിപ്പുണ്ടായിരുന്നു. പകരം വന്ന ഫെർണാണ്ടോ ഹിയറോയ്ക്ക് ടീമിൽ പൂർണനിയന്ത്രണമായിട്ടില്ല.

പ്രതിരോധമാണ് ഈ സ്പെയ്ൻ ടീമിന്റെ അതിദയനീയ ഭാഗം. റയൽ‐ബാഴ്സ താരങ്ങളായ റാമോസും ജെറാർഡ് പിക്വെയും കാക്കുന്ന പ്രതിരോധത്തിന് തൊട്ടതെല്ലാം പിഴയ്ക്കുന്നു. പ്രായം 30 കടന്ന ഇരുവർക്കും വേഗംകുറഞ്ഞതും പ്രശ്നമാണ്. വായുവിലെ ആധിപത്യത്തിലും ഈ സഖ്യം പിന്നിലായതിനു തെളിവാണ് മെറോകോയുടെ രണ്ടാം ഗോൾ. റയലിലും ബാഴ്സയിലും സ്വന്തം പകുതിയിലെ വലിയൊരു ഭാഗം സൂക്ഷിക്കേണ്ട ചുമതല ഇരുവർക്കുമില്ല. എന്നാൽ, ദേശീയ ടീമിൽ വിങ്് ബാക്കുകളായ ഡാനി കർവഹാലും ജോർഡി ആൽബയും പ്രതിരോധം മറന്ന് കയറുമ്പോൾ വിങ്ങുകൾ തുറന്നുകിടന്നു. ഇതു മുതലെടുത്ത് എതിരാളികൾ കടന്നുകയറുമ്പോൾ റാമോസും പിക്വെയും വല്ലാതെ അസ്വസ്ഥരായി. മൊറോകോ ആദ്യഗോൾ നേടിയപ്പോൾ ആൽബയും കർവഹാലും എതിർപകുതിയിലായിരുന്നു.

ബാഴ്സലോണയിൽനിന്നു മാറിയ ഇനിയേസ്റ്റയെതന്നെ ദേശീയടീമിൽ കളിമെനയാൻ നിയോഗിക്കേണ്ടിവന്നത് യുവതാരങ്ങളിൽ വിശ്വസിക്കാവുന്ന മധ്യനിരക്കാർ ഇല്ലാത്തതിനാലാണ്. മധ്യനിരയ്ക്ക് വേഗം കുറവായിരുന്നു. മൊറോകോയ്ക്കെതിരെ ഇസ്കോയും ഒരുപരിധിവരെ ഇനിയേസ്റ്റയും മാത്രമാണ് പ്രതിഭയോട് നീതിപുലർത്തിയത്. ഡേവിഡ് സിൽവ, തിയാഗോ അലസാൻട്ര, ദ്യേഗോ കോസ്റ്റ, സെർജിയോ ബുസ്ക്വറ്റ്സ് എന്നിവരെ പന്തുമായി കണ്ടതുതന്നെ അപൂർവം.

പ്രധാന വാർത്തകൾ
 Top