22 September Friday
നിലനിർത്താൻ ഗുജറാത്ത് ടെെറ്റൻസ് , അഞ്ചാം കിരീടം തേടി ചെന്നെെ

കാണാം റൺപൂരം ; ഐപിഎൽ ഫൈനൽ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday May 28, 2023അഹമ്മദാബാദ്‌
ശുഭ്‌മാൻ ഗില്ലിന്റെ പടയോട്ടത്തിന്‌ തടയിടാൻ മഹേന്ദ്രസിങ്‌ ധോണിയുടെ തന്ത്രങ്ങൾക്കാകുമോ. ഐപിഎൽ ക്രിക്കറ്റിൽ അഞ്ചാംകിരീടം ലക്ഷ്യമിടുന്ന ചെന്നൈ സൂപ്പർ കിങ്‌സിന്‌ ഗില്ലാണ്‌ ഭീഷണി. ഗില്ലിന്റെ റൺമികവിലാണ്‌ ഗുജറാത്ത്‌ ടൈറ്റൻസിന്റെ പ്രതീക്ഷ. തുടർച്ചയായ രണ്ടാംകിരീടമാണ്‌ ഹാർദിക്‌ പാണ്ഡ്യയുടെയും സംഘത്തിന്റെയും ലക്ഷ്യം. ഇന്ന്‌ രാത്രി 7.30ന്‌ അഹമ്മദാബാദിലാണ്‌ ഫൈനൽ.
ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ കീഴടക്കിയാണ്‌ ചെന്നൈ മുന്നേറിയത്‌. ഗുജറാത്ത്‌ രണ്ടാം ക്വാളിഫയറിൽ മുംബൈ ഇന്ത്യൻസിനെ തുരത്തി ചെന്നൈയുമായുള്ള മറ്റൊരു മുഖാമുഖത്തിനെത്തി.

ഗില്ലും ബൗളർമാരുമാണ്‌ ഗുജറാത്തിനെ നയിച്ചത്‌. മുംബൈയെ ക്വാളിഫയറിൽ 62 റണ്ണിനാണ്‌ തകർത്തത്‌. ഗിൽ സെഞ്ചുറിയുമായി തിളങ്ങിയപ്പോൾ ബൗളിങ്ങിൽ അഞ്ച്‌ വിക്കറ്റുമായി മോഹിത്‌ ശർമ കസറി. മുഹമ്മദ്‌ ഷമിയും റഷീദ്‌ ഖാനും രണ്ടുവീതം വിക്കറ്റുമായി പിന്തുണ നൽകി. ഈ സീസണിൽ റൺ, വിക്കറ്റ്‌ വേട്ടക്കാരിൽ ഗുജറാത്ത്‌ താരങ്ങളാണ്‌ മുന്നിൽ. ബാറ്റർമാരിൽ ഗിൽ 851 റണ്ണുമായി ഒന്നാമത്‌ നിൽക്കുന്നു. ബൗളർമാരിൽ ആദ്യ മൂന്ന്‌ സ്ഥാനങ്ങളിലും ഇടമുറപ്പിച്ചു. ഷമി (28), റഷീദ്‌ (27), മോഹിത്‌ (24) എന്നിവരാണ്‌ മുന്നിൽ.

ബാറ്റർമാരിൽ വൃദ്ധിമാൻ സാഹ, ക്യാപ്‌റ്റൻ ഹാർദിക്‌, സായ്‌ സുദർശൻ, വിജയ്‌ ശങ്കർ, ഡേവിഡ്‌ മില്ലർ, രാഹുൽ ടെവാട്ടിയ തുടങ്ങിയ നിരയുണ്ട്‌. റഷീദ്‌ ഖാൻ ബാറ്റുകൊണ്ടും തിളങ്ങും. എങ്കിലും ഗിൽ മങ്ങിയാൽ ബാറ്റിങ് നിരയ്‌ക്ക്‌ ഇളക്കം തട്ടും.മറുവശത്ത്‌ ധോണിയുടെ നായകമികവിലാണ്‌ ചെന്നൈ മുന്നേറിയത്‌. വമ്പൻ താരങ്ങളില്ലെങ്കിലും ചെന്നൈ കൃത്യമായ നീക്കങ്ങളിലൂടെ ജയങ്ങൾ സ്വന്തമാക്കി. ക്വാളിഫയറിൽ ഗുജറാത്തിനെതിരെ വമ്പൻ സ്‌കോർ ഇല്ലാതിരുന്നിട്ടും ആധികാരിക ജയം സ്വന്തമാക്കാനായി. ഇക്കുറി സ്വന്തം തട്ടകമല്ല എന്നത്‌ തിരിച്ചടിയാകും. ഗുജറാത്തിന്റെ ഏറ്റവും അനുകൂലഘടകം സ്വന്തം തട്ടകമെന്നതാണ്‌.

ഓപ്പണർമാരായ ഡെവൺ കോൺവെയും ഋതുരാജ്‌ ഗെയ്‌ക്ക്‌വാദുമാണ്‌ ബാറ്റിങ്ങിൽ ചെന്നൈയുടെ ആത്മവിശ്വാസം. ഇവർ മികച്ച തുടക്കം നൽകിയാൽ ചെന്നൈക്ക്‌ കുതിക്കാം. വമ്പനടിക്കാരായി ശിവം ദുബെയും അജിൻക്യ രഹാനെയുമുണ്ട്‌. രഹാനെയ്‌ക്ക്‌ തുടക്കത്തിലുള്ള മികവ്‌ അവസാനമത്സരങ്ങളിൽ നിലനിർത്താനായില്ല. ജഡേജ ബാറ്റുകൊണ്ടും പൊരുതും. ക്യാപ്‌റ്റൻ ധോണിക്ക്‌ കാര്യമായി സംഭാവന ചെയ്യാനായിട്ടില്ല.
ബൗളർമാരിൽ വിക്കറ്റുകൾ വീഴ്‌ത്തുന്നുണ്ടെങ്കിലും തുഷാർ ദേശ്‌പാണ്ഡെ റൺ വഴങ്ങുന്നതിൽ ധാരാളിയാണ്‌. ദീപക്‌ ചഹാറും മതീഷ പതിരാനയുമാണ്‌ മറ്റ്‌ പേസർമാർ. ആദ്യ ഓവറുകളിൽ ചഹാറും അവസാന ഓവറുകളിൽ പതിരാനയുമാണ്‌ ധോണിയുടെ ആയുധങ്ങൾ.

ജഡേജ–-മഹീഷ്‌ തീക്ഷണ–-മൊയീൻ അലി സ്‌പിൻത്രയത്തെയും ധോണിക്ക്‌ കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്നുണ്ട്‌. അടുത്ത സീസണിൽ കളിക്കുമെന്ന്‌ ധോണി ഇതുവരെ ഉറപ്പുപറഞ്ഞിട്ടില്ല. ഒരുപക്ഷേ, ഐപിഎല്ലിൽ ഈ നാൽപ്പത്തൊന്നുകാരന്റെ അവസാനമത്സരവും ആയേക്കാം. അഞ്ചാംകിരീടം നൽകി മടങ്ങുക എന്നതായിരിക്കും ധോണിയുടെ സ്വപ്‌നം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top