22 July Monday

വീണ്ടും പോർച്ചുഗലിന‌് സമനില

വെബ് ഡെസ്‌ക്‌Updated: Wednesday Mar 27, 2019


ലിസ‌്ബൺ
യൂറോ കപ്പ‌്  ചാമ്പ്യൻമാരായ പോർച്ചുഗലിന‌് യോഗ്യതാ റൗണ്ടിൽ വീണ്ടും നിരാശ. തുടർച്ചയായ രണ്ടാം കളിയിലും ചാമ്പ്യൻമാർ സമനില വഴങ്ങി. സെർബിയ 1–-1ന‌്‌ പോർച്ചുഗലിനെ തളച്ചു. ഗ്രൂപ്പ‌് ബിയിലെ ആദ്യ കളിയിൽ  ഉക്രയ‌്നോട‌ും സമനില വഴങ്ങിയ പോർച്ചുഗൽ രണ്ട‌് പോയിന്റുമായി മൂന്നാമതാണ‌്. സെർബിയക്കെതിരെ അവസരങ്ങൾ പാഴാക്കിയത‌് പോർച്ചുഗലിന‌് വിനയായി. ക്യാപ‌്റ്റൻ ക്രിസ‌്റ്റ്യാനോ റൊണാൾഡോയുടെ പരിക്കും അവരെ തളർത്തി.

ദുസാൻ ടാഡിച്ചിന്റെ പെനൽറ്റി ഗോളിൽ സെർബിയ മുന്നിലെത്തി. ആദ്യപകുതിക്ക‌് തൊട്ടുമുമ്പ‌് പ്രതിരോധക്കാരൻ ഡാനിലോ പോർച്ചുഗലിനെ ഒപ്പമെത്തിച്ചു.
സ്വന്തം തട്ടകത്തിൽ ജയം തേടിയിറങ്ങിയ പോർച്ചുഗലിന‌് തുടക്കം സുഖകരമായില്ല. സുവർണാവസരം അവർ പാഴാക്കി. വില്യം കർവാലിയോ തുറന്ന അവസരം പുറത്തേക്കടിച്ച‌് തുലച്ചു.

സെർബിയ പോർച്ചുഗൽ പ്രതിരോധത്തിന‌് കനത്ത സമ്മർദമുണ്ടാക്കി. പത്ത‌് മിനിറ്റ‌് തികയുംമുമ്പ‌് പോർച്ചുഗൽ വഴങ്ങി. മിയാത‌് ഗാസിനോവിച്ചിനെ ഗോൾ കീപ്പർ റൂയി പട്രീഷ്യോ ഫൗൾ ചെയ‌്തു. സെർബിയക്ക‌് പെനൽറ്റി. ദുസാൻ ടാഡിച്ച‌് ലക്ഷ്യം കണ്ടു. അരമണിക്കൂർ തികയുംമുമ്പ‌് പോർച്ചുഗലിന‌് മറ്റൊരു തിരിച്ചടി കിട്ടി. പന്തുമായി കുതിക്കുകയായിരുന്ന റൊണാൾഡോ വേദനകാരണം പിൻവലിഞ്ഞു. പേശീവലിവ‌് അനുഭവപ്പെട്ട‌് റൊണാൾഡോ തിരിച്ചുകയറി. പകരം അഫോൺസോ ഫെർണാണ്ടസ‌് കളത്തിലെത്തി.

സെർബിയയുടെ പ്രതിരോധം മികച്ചതായിരുന്നു. പോർച്ചുഗൽ മുന്നേറ്റത്തിന‌് എളുപ്പത്തിൽ ബോക‌്സിൽ കടക്കാനായില്ല. ഗോൾ കീപ്പർ മാർകോ ദിമിത്രോവിച്ച‌ും അവസരത്തിനൊത്തുയർന്നു. ഇടവേളയ‌്ക്ക‌് തൊട്ടുമുമ്പ‌് പോർച്ചുഗൽ തിരിച്ചടിച്ചു. 25 മീറ്റർ ദൂരെനിന്നുള്ള ഡാനിലോയുടെ മിന്നുന്ന ഷോട്ട‌് ദിമിത്രോവിച്ചിനെ നിഷ‌്പ്രഭനാക്കി.

കളിയവസാനിക്കാൻ 15 മിനിറ്റ‌് ശേഷിക്കെ സെർബിയൻ പ്രതിരോധക്കാരൻ അന്റോണിനോ റുക്കാവിനയുടെ കൈയിൽ പന്ത‌് തട്ടിയതിന‌് പോർച്ചുഗൽ പെനൽറ്റിക്ക‌് വാദിച്ചു. റഫറി അസിസ‌്റ്റന്റ‌് റഫറിയുമായി ചർച്ച നടത്തിയശേഷം പെനൽറ്റി അനുവദിച്ചില്ല. ആന്ദ്രേ സിൽവയുടെ  ഹെഡറാണ‌് റുക്കാവിനയുടെ കൈയിൽ തട്ടിയത‌്. ഇതിനിടെ പോർച്ചുഗൽ പ്രതിരോധക്കാരൻ പെപെ ചുവപ്പുകാർഡിൽനിന്ന‌് രക്ഷപ്പെടുകയും ചെയ‌്തു. തുടക്കത്തിൽത്തന്നെ മഞ്ഞക്കാർഡ‌് വഴങ്ങിയ പെപെ രണ്ടാം പകുതിയിൽ ടാഡിച്ചിനെ കടുത്ത ഫൗൾ ചെയ‌്തെങ്കിലും റഫറി ശ്രദ്ധിച്ചില്ല.

ഗ്രൂപ്പിൽ നാല‌് പോയിന്റുമായി ഉക്രയ‌്നാണ‌് ഒന്നാമത‌്. ലക‌്സംബുർഗ‌് രണ്ടാമതും. ഇനി സെപ‌്തംബറിലാണ‌് യോഗ്യതാ മത്സരങ്ങൾ. യുവേഫ നേഷൻസ‌് ലീഗിൽ സെമിയിലെത്തിയ പോർച്ചുഗലിന‌് യൂറോ പ്ലേ ഓഫ‌് ഉറപ്പാണ‌്.


പ്രധാന വാർത്തകൾ
 Top