23 April Friday

ദക്ഷിണമേഖലാ അത്‌ലറ്റിക്‌ മീറ്റ്‌ : അപർണ, ആൻസി, കെസിയ മിന്നി

വി കെ സുധീർകുമാർUpdated: Sunday Feb 28, 2021

അണ്ടർ 20 പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ മീറ്റ് റെക്കോഡോടെ സ്വർണം നേടുന്ന കേരളത്തിന്റെ അപർണ റോയ് ഫോട്ടോ: കെ ഷമീർ


തേഞ്ഞിപ്പലം
പതിനൊന്ന്‌ റെക്കോഡുകളിൽ മൂന്നെണ്ണം സ്വന്തമാക്കി കേരളത്തിന്റെ മിടുക്കികൾ തിളങ്ങി. ദക്ഷിണമേഖലാ ജൂനിയർ അത്‌ലറ്റിക്‌ മീറ്റിന്റെ രണ്ടാംദിനം കേരളത്തെ നയിച്ചത്‌ അപർണ റോയിയും ആൻസി സോജനും കെസിയ മറിയം ബെന്നിയും. ഇവരുടേതടക്കം 10 സ്വർണം നേടി കേരളം തിരിച്ചുവരവിന്‌ ശ്രമിക്കുമ്പോൾ തമിഴ്‌നാട്‌ ആധിപത്യം തുടർന്നു.

കലിക്കറ്റ്‌ സർവകലാശാല സ്‌റ്റേഡിയത്തിൽ‌ ഇന്ന്‌ മീറ്റ്‌ അവസാനിക്കാനിരിക്കെ തമിഴ്‌നാട്‌ 24 സ്വർണമടക്കം 491.5 പോയിന്റുമായി മുന്നിലാണ്‌. കേരളത്തിന്‌ 450.5 പോയിന്റ്‌. 17 സ്വർണവും 28 വെള്ളിയും 22 വെങ്കലവും. ഇന്നലെ കേരളം‌ 10  സ്വർണവും 18 വെള്ളിയും എട്ട്‌ വെങ്കലവും നേടി.

അണ്ടർ 20 പെൺകുട്ടികളുടെ ഹാമർത്രോയിൽ 21 വർഷം പഴക്കമുള്ള റെക്കോഡാണ്‌ കെസിയയുടെ ഏറിൽ കടപുഴകിയത്‌. പുതിയ ദൂരം 49 മീറ്റർ. കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജ്‌ വിദ്യാർഥിനിയായ കെസിയ മറികടന്നത്‌ രണ്ടായിരത്തിൽ തമിഴ്‌നാടിന്റെ ജി ശുഭ സ്ഥാപിച്ച 47.92 മീറ്റർ ദൂരം.

തിരുവനന്തപുരം മാർ ഇവാനിയോസ്‌ കോളേജിൽ രണ്ടാംവർഷ ബിരുദവിദ്യാർഥിനിയായ അപർണ റോയി 100 മീറ്റർ ഹർഡിൽസിൽ 14.14 സെക്കൻഡിൽ റെക്കോഡിട്ടു. 2017ൽ തമിഴ്‌നാടിന്റ നിത്യ സ്ഥാപിച്ച 14.33 സെക്കൻഡ്‌ മറഞ്ഞു. ലോങ്‌ജമ്പിൽ ആൻസി സോജൻ 6.28 മീറ്ററിൽ പുതിയ ദൂരം കുറിച്ചു. 2004ൽ കേരളത്തിന്റെ രശ്‌മി ബോസ്‌ കണ്ടെത്തിയ 6.15 മീറ്റർ മാഞ്ഞു.

ആദ്യദിനത്തിലെ മൂന്നെണ്ണമടക്കം മൊത്തം റെക്കോഡ്‌ പതിനാലായി. പാവന നാഗരാജ് ‌(കർണാടക, ഹൈജമ്പ്‌), രൂപശ്രീ കൃഷ്‌ണമൂർത്തി (തമിഴ്‌നാട്‌, ഷോട്ട്‌പുട്ട്‌), പ്രിയ ഹബത്തനഹള്ളി (കർണാടക, 400 മീറ്റർ), അഗസര നന്ദിനി (തെലങ്കാന, 100 മീറ്റർ ഹർഡിൽസ്‌), എം ഷർമിള (തമിഴ്‌നാട്‌, ഷോട്ട്‌പുട്ട്‌), ബൊപ്പണ്ണ (കർണാടക, 800 മീറ്റർ), എസ്‌ ഭരത് ‌(തമിഴ്‌നാട്‌, 400 മീറ്റർ), ശക്തി മഹേന്ദ്രൻ (തമിഴ്‌നാട്‌, പോൾവോൾട്ട്‌) എന്നിവരും ഇന്നലെ റെക്കോഡിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top