31 March Tuesday

ഗ്രീസ്‌മാൻ ബാഴ്‌സയെ കാത്തു

വെബ് ഡെസ്‌ക്‌Updated: Thursday Feb 27, 2020

ബാഴ്‌സയ്‌ക്കായി സമനില ഗോൾ നേടിയ ഗ്രീസ്‌മാൻ സഹതാരങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ


നേപ്പിൾസ്‌
ബാഴ്‌സലോണയ്‌ക്ക്‌ ഒൺടോയ്‌ൻ ഗ്രീസ്‌മാൻ ജീവൻ നൽകി. നേപ്പിൾസിൽ ചാമ്പ്യൻസ്‌ ലീഗ്‌ ആദ്യപാദ പ്രീ ക്വാർട്ടറിൽ ഗ്രീസ്‌മാനാണ്‌ ബാഴ്‌സയെ തോൽവിയിൽനിന്നു രക്ഷിച്ചത്‌. നാപോളിയുമായുള്ള കളി 1–-1ന്‌ അവസാനിച്ചു. നാപോളിക്കായി ഡ്രെയ്‌സ്‌ മെർട്ടെൻസ്‌ ഗോളടിച്ചു. എതിർത്തട്ടകത്തിലെ ഗോൾ രണ്ടാംപാദത്തിൽ ബാഴ്‌സയ്‌ക്ക്‌ ഗുണകരമാകും.

നല്ല പ്രകടനത്തിന്റെ അരികെപോലുമെത്തിയില്ല ബാഴ്‌സയുടെ കളി. നോക്കൗട്ട്‌ ഘട്ടത്തിൽ എതിരാളിയുടെ തട്ടകത്തിൽ വിളറുന്ന രീതിക്ക്‌ മാറ്റമുണ്ടായില്ല. വേഗം കുറഞ്ഞ ബാഴ്‌സയുടെ നീക്കങ്ങളെ സമർഥമായി തടയാൻ ഗെന്നരോ ഗെട്ടൂസോയുടെ നാപോളി സംഘത്തിന്‌ കഴിഞ്ഞു. സംഘടിതമായ പ്രതിരോധവും ഒത്ത പ്രത്യാക്രമണവുമായിരുന്നു പരിശീലകൻ ഗെട്ടൂസോയുടെ രീതി. ആദ്യ മണിക്കൂറിൽ അത്‌ ഫലപ്രദമായി നാപോളി നടപ്പാക്കി. പക്ഷേ, രണ്ടാംപകുതിയിൽ ഗ്രീസ്‌മാൻ കെട്ടുപൊട്ടിച്ചത്‌ തിരിച്ചടിയായി. നല്ല കളി കളിച്ചിട്ടും ആഗ്രഹിച്ച ഫലം കിട്ടാത്തത്‌ നാപോളിയെ നിരാശപ്പെടുത്തി.

മറുവശത്ത്‌ ബാഴ്‌സയ്‌ക്ക്‌ സമനില ആശ്വാസമുണ്ടെങ്കിലും കാര്യങ്ങൾ സങ്കീർണമാണ്‌. കളിയുടെ അവസാനം അർട്യൂറോ വിദാൽ ചുവപ്പുകാർഡ്‌ കണ്ട്‌ പുറത്തായത്‌ തിരിച്ചടിയായി. തുടർച്ചയായ മത്സരങ്ങളിൽ മഞ്ഞക്കാർഡ്‌ വഴങ്ങിയ സെർജിയോ ബുസ്‌ക്വെറ്റ്‌സിനും രണ്ടാംപാദം നഷ്ടമാകും. ഏറ്റവുമൊടുവിൽ പ്രതിരോധക്കാരൻ ജെറാർഡ്‌ പിക്വെ മുടന്തി കളംവിടുകയും ചെയ്‌തു. പിക്വെയ്‌ക്ക്‌ മാർച്ച്‌ ഒന്നിന്‌ നടക്കുന്ന എൽ ക്ലാസികോയും നഷ്ടമായേക്കും.

പരിശീലകൻ ക്വിക്വെ സെതിയെനു കീഴിൽ ആദ്യ ചാമ്പ്യൻസ്‌ ലീഗ്‌ മത്സരം കളിക്കാനിറങ്ങിയ ബാഴ്‌സ പന്തിൽ നിയന്ത്രണം നേടിയെങ്കിലും ആക്രമണത്തിൽ പിന്നിലായി. സൂപ്പർ താരം ലയണൽ മെസിക്ക്‌ നാപോളിയുടെ സുശക്തമായ പ്രതിരോധനിരയ്‌ക്കു മുന്നിൽ കാര്യമായൊന്നും ചെയ്യാനായില്ല. ലക്ഷ്യത്തിലേക്ക്‌ ഒരു ഷോട്ടുപോലും ബാഴ്‌സയ്‌ക്ക്‌ ആദ്യഘട്ടത്തിൽ പായിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ വേഗമേറിയ പ്രത്യാക്രമണംകൊണ്ട്‌ നാപോളി ബാഴ്‌സയെ തളർത്തി. മധ്യവരയ്‌ക്കരികെവച്ച്‌ ബാഴ്‌സ പ്രതിരോധക്കാരൻ ജൂനിയർ ഫിർപോയുടെ പിഴവ്‌ മുതലാക്കി പീറ്റർ സീലീൻസ്‌കി പന്തുമായി മുന്നേറി. മെർട്ടെൻസിന്‌ പന്ത്‌ നൽകി.

ബാഴ്‌സ ഗോൾകീപ്പർ മാർക്‌ ആന്ദ്രേ ടെർ സ്‌റ്റെയ്‌ഗന്‌ മെർട്ടെൻസിനെ തടയാനായില്ല. നാപോളിയിൽ മെർട്ടെൻസിന്റെ 121–-ാം ഗോളായിരുന്നു ഇത്‌. രണ്ടാംപകുതിയിൽ മെർട്ടെൻസ്‌ പരിക്കേറ്റ്‌ മടങ്ങിയത്‌ നാപോളിയെ ക്ഷീണിപ്പിച്ചു. ബാഴ്‌സ മധ്യനിരയിൽ ഇവാൻ റാകിടിച്ചിനെ മാറ്റി ആർതെറിനെ ഇറക്കി. രണ്ടാംപകുതിയുടെ തുടക്കത്തിൽ ബാഴ്‌സ ഒപ്പമെത്തുകയും ചെയ്‌തു. ബുസ്‌ക്വെറ്റ്‌സ്‌ തുടങ്ങി. നെൽസൺ സെമെദോ പന്ത്‌ ഏറ്റുവാങ്ങി. ക്രോസ്‌ ഗ്രീസ്‌മാൻ വലയിലെത്തിച്ചു. ലക്ഷ്യത്തിലേക്കുള്ള ബാഴ്‌സയുടെ ആദ്യ ഷോട്ട്‌.

തുടർന്ന്‌ നാപോളിക്ക്‌ രണ്ട്‌ മികച്ച അവസരം കിട്ടി. ലൊറെൻസോ ഇൻസിനെയുടെയും ഹൊസെ കയ്യെജോണിന്റെയും ഷോട്ടുകൾ ബാഴ്‌സ ഗോൾകീപ്പർ ടെർ സ്‌റ്റെയ്‌ഗൻ കുത്തിയകറ്റി. കളി അവസാനിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ വിദാൽ രണ്ട്‌ മഞ്ഞക്കാർഡ്‌ വാങ്ങി പുറത്തായി.
മാർച്ച്‌ 18ന്‌ നൗകാമ്പിലാണ്‌ രണ്ടാംപാദം.


പ്രധാന വാർത്തകൾ
 Top