28 November Saturday

നൗകാമ്പിൽ വീണ്ടും സിദാൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020

ബാഴ്‌സലോണയ്‌ക്കെതിരായ ഗോൾനേട്ടം ആഘോഷിക്കുന്ന റയൽ മാഡ്രിഡ്‌ താരങ്ങൾ


നൗകാമ്പ്‌
നൗകാമ്പിന്‌ സിനദിൻ സിദാനോടുള്ള വാത്സല്യം അവസാനിക്കുന്നില്ല. ബാഴ്‌സലോണയുടെ തട്ടകത്തിൽ റയൽ മാഡ്രിഡ്‌ പരിശീലകൻ അജയ്യനായി തുടർന്നു. ആറാം കളിയിലും തോറ്റില്ല. മൂന്നുവീതം ജയവും സമനിലയും.  സീസണിലെ ആദ്യ എൽ ക്ലാസികോയിൽ 3–-1നാണ്‌ റയൽ ജയംപിടിച്ചത്‌.

സ്‌പാനിഷ്‌ ഫുട്‌ബോൾ ലീഗിൽ ആറ്‌ കളികളിൽ 13 പോയിന്റോടെ ഒന്നാമത്‌ തുടർന്നു റയൽ. ലയണൽ മെസിയുടെ ബാഴ്‌സയാകട്ടെ, 12–-ാം സ്ഥാനത്തേക്ക്‌ വീണു. ഫെഡറികോ വാൽവെർദെ, സെർജിയോ റാമോസ്‌, ലൂക്കാ മോഡ്രിച്ച്‌ എന്നിവർ റയലിനായി വലകണ്ടു. അൻസു ഫാറ്റിയാണ്‌ ബാഴ്‌സയുടെ ആശ്വാസം കണ്ടെത്തിയത്‌. ക്ലാസികോയിൽ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഈ പതിനേഴുകാരൻ.

ബാഴ്‌സയുടെ റൊണാൾഡ്‌ കൂമാനും സിദാനും ആദ്യമായി ഏറ്റുമുട്ടുന്നുവെന്ന സവിശേഷതയും കളിക്കുണ്ടായിരുന്നു‌. കഴിഞ്ഞ രണ്ടിലും തോറ്റെത്തിയ റയൽ ബാഴ്‌സയ്‌ക്കുമുന്നിൽ പതറിയില്ല. വേഗതയും പ്രതിരോധവും കനപ്പിച്ച്‌ അവർ ബാഴ്‌സയെ വേട്ടയാടി. കൂമാന്റെ തന്ത്രങ്ങൾ ഫലം കണ്ടില്ല. ആദ്യപകുതി കളി 1–-1ന്‌ തുല്യമായിരുന്നു. ബാഴ്‌സ പ്രതിരോധക്കാരൻ ക്ലെമന്റ്‌ ലാങ്‌ലെറ്റ്‌ റാമോസിന്റെ കുപ്പായം വലിച്ചതിന്‌ ‘വാർ’ പെനൽറ്റി അനുവദിച്ചത്‌ കളി റയലിന്‌ അനുകൂലമാക്കി.  മത്സരശേഷം വാറിനെതിരെ കൂമാൻ രംഗത്തുവരികയും ചെയ്‌തു.

കഴിഞ്ഞ സീസണിലും ക്ലാസികോയിൽ റയലിനായിരുന്നു മേധാവിത്വം. ഏപ്രിൽ 11നാണ്‌ ലീഗിൽ ഇനി ഇരുടീമുകളും വീണ്ടും ഏറ്റുമുട്ടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top