18 September Wednesday

വീണ്ടും ബെൻ സ്‌റ്റോക്‌സ്‌; മൂന്നാം ടെസ്‌റ്റിൽ ഇംഗ്ലണ്ടിന്‌ നാടകീയ ജയം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

ലീഡ്‌സ്‌ > ലോകകപ്പ്‌ ഫൈനൽ പോരാട്ടത്തെ വെല്ലുന്ന ബാറ്റിങ്ങുമായി ബെൻ സ്‌റ്റോക്‌സ്‌ വീണ്ടും അവതരിച്ചപ്പോൾ ആഷസ്‌ ക്രിക്കറ്റിലെ മൂന്നാം ടെസ്‌റ്റിൽ  ഇംഗ്ലണ്ടിന്‌ നാടകീയ ജയം. ഇംഗ്ലീഷ്‌ നിരയിലെ അവസാനക്കാരൻ ജാക്ക്‌ ലീഷുമൊത്ത്‌ പത്താം വിക്കറ്റിൽ 76 റൺ കൂട്ടിച്ചേർത്താണ്‌ ഒരു വിക്കറ്റ്‌ ജയം സമ്മാനിച്ചത്‌. സ്‌റ്റോക്‌സ്‌ 219 പന്തിൽ 135 റണ്ണുമായി പുറത്താകാതെ നിന്നു.

സ്‌കോർ: ഓസ്‌ട്രേലിയ 179, 246. ഇംഗ്ലണ്ട്‌ 67, 9–-362.  ഇതോടെ അഞ്ചുമത്സര പരമ്പരയിൽ ഇംഗ്ലണ്ട്‌ ഒപ്പമെത്തി (1–-1). രണ്ടാം ടെസ്‌റ്റ്‌ സമനിലയായിരുന്നു.
359 റൺ പിന്തുടർന്ന്‌ ബാറ്റേന്തിയ ഇംഗ്ലണ്ടിന്‌ സ്‌റ്റുവർട്ട്‌ ബ്രോഡ്‌ മടങ്ങുമ്പോൾ സ്‌കോർ 9–-286. അതുവരെ പതിയെ ബാറ്റ്‌ വീശിയ സ്‌റ്റോക്‌സ്‌ ഉഗ്രരൂപം പൂണ്ടു. ഇംഗ്ലീഷ്‌ വൈസ്‌ ക്യാപ്‌റ്റന്റെ ബാറ്റ്‌ ഗർജിച്ചു. മൈതാനത്തിന്റെ എല്ലാ വശങ്ങളിലേക്കും പന്തുകൾ പറന്നു. ലീഷുമൊത്തുള്ള 76 കൂട്ടുകെട്ടിൽ 74ഉം നേടിയത്‌ സ്‌റ്റോക്‌സ്‌.

അതാകട്ടെ 44 പന്തിലും. 11 ബൗണ്ടറികളും എട്ട്‌ സിക്‌സറുകളും അടങ്ങിയതാണ്‌ ആ ഇന്നിങ്‌സ്‌. അഞ്ചാമനായി ഇറങ്ങിയ ഇടംകൈയൻ അഞ്ചര മണിക്കൂർ ക്രീസിൽ ഉറച്ചു. കളിജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുമായി ഇംഗ്ലണ്ടിന്‌ ചരിത്ര ജയവുമായി മടങ്ങി. ലീഷ്‌ 17 പന്തിൽ ഒരു റണ്ണുമായി ഉറച്ച പിന്തുണ നൽകി.
ആഷസ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച തിരിച്ചുവരവിനാണ്‌ ലീഡ്‌സ്‌ സാക്ഷ്യം വഹിച്ചത്‌. ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട്‌ നേടിയ 67 റൺ എഴുപത്തൊന്നു വർഷത്തിനിടയിലെ ആഷസിലെ അവരുടെ ഏറ്റവും ചെറിയ സ്‌കോർ. ഒന്നാം ഇന്നിങ്‌സിൽ 112 റൺ ലീഡ്‌ വഴങ്ങി.

ഓസ്‌ട്രേലിയയാകട്ടെ രണ്ടാം ഇന്നിങ്‌സിൽ മികച്ച കളി പുറത്തെടുത്തു. മാർണസ്‌ ലബുഷെയ്‌ന്റെ (80) മികവിൽ അവർ ഉയർത്തിയത്‌ 359 എന്ന വലിയ ടോട്ടൽ. രണ്ടരദിനം അവശേഷിക്കേ ഇംഗ്ലണ്ട്‌ ബാറ്റിങ്ങിനിറങ്ങി. 15 റണ്ണെടുക്കുമ്പോഴേക്കും ഓപ്പണർമാർ മടങ്ങി. നായകൻ ജോ റൂട്ട്‌ (77), ജോ ഡെൻലി (50) എന്നിവർ പൊരുതാൻ ശ്രമിച്ചു. പരാജയപ്പെട്ടു. സ്‌റ്റോക്‌സെത്തി. മറുവശം വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഇടംകൈയൻ പതറിയില്ല. ജയത്തിന്‌ തൊട്ടുമുമ്പ്‌ സ്‌റ്റോക്‌സിന്റെ ക്യാച്ചും ലീഷിന്റെ റണ്ണൗട്ടും ഓസീസ്‌ പാഴാക്കി. ഒടുവിൽ സ്‌റ്റോക്‌സ്‌ വിക്കറ്റിന്‌ മുന്നിൽ കുരുങ്ങിയത്‌ അമ്പയർ അംഗീകരിച്ചില്ല. റിവ്യൂ ഇല്ലാതിരുന്നത്‌ ഓസീസ്‌ തിരിച്ചടിയായി. അവസാനം പാറ്റ്‌ കമ്മിൻസിനെ കവറിനിടയിലൂടെ ബൗണ്ടറി പായിച്ച്‌ ഏകദിന ലോകകപ്പ്‌ ഫൈനലിലെ ആഘോഷം ഇരുപത്തെട്ടുകാരൻ ആവർത്തിച്ചു.
 


പ്രധാന വാർത്തകൾ
 Top