20 September Sunday

വിൻഡീസിനെ ബ്രോഡ്‌ തകർത്തു

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020

വിൻഡീസിന്റെ ആറ്‌ വിക്കറ്റെടുത്ത ഇംഗ്ലീഷ്‌ പേസർ ബ്രോഡിന്റെ ആഹ്ലാദം


മാഞ്ചസ്‌റ്റർ
സ്‌റ്റുവർട്ട്‌ ബ്രോഡിന്റെ തീതുപ്പുന്ന പന്തുകൾ വെസ്‌റ്റിൻഡീസ്‌ ബാറ്റിങ്‌ പടയുടെ വേരറുത്തു. ആറ്‌ വിക്കറ്റുമായി ബ്രോഡ്‌ തകർത്താടിയപ്പോൾ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്‌റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ വിൻഡീസ്‌ 197 റണ്ണിന്‌ കൂടാരംകയറി. ഇംഗ്ലണ്ടിന്‌ 172 റണ്ണിന്റെ ഒന്നാം ഇന്നിങ്‌സ്‌ ലീഡും കിട്ടി. സ്‌കോർ: ഇംഗ്ലണ്ട്‌ 369, 0–73; വിൻഡീസ്‌ 197.

മൂന്നാംദിനം ആറിന്‌ 137 റണ്ണെന്ന നിലയിൽ കളി തുടങ്ങിയ വിൻഡീസ്‌ ബാറ്റ്‌സ്‌മാൻമാർക്ക് കൂടുതൽ നേരം പിടിച്ചുനിൽക്കാനായില്ല. ക്യാപ്‌റ്റൻ ജാസൺ ഹോൾഡർ 46 റണ്ണുമായി പ്രതീക്ഷ നൽകിയെങ്കിലും ബ്രോഡിന്റെ കണിശത അതില്ലാതാക്കി. ഹോൾഡറെ ബ്രോഡ്‌ വിക്കറ്റിനുമുന്നിൽ കുരുക്കി. വാലറ്റത്തെ ചുരുട്ടിക്കെട്ടി. 37 റണ്ണുമായി ഷെയ്‌ൻ ഡോറിച്ച്‌ ഒരറ്റത്ത്‌ പൊരുതാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വേഗത്തിൽ റണ്ണടിക്കാനുള്ള ശ്രമത്തിൽ ഡോറിച്ച്‌ ബ്രോഡിനുതന്നെ ഇരയായി.

വിൻഡീസുമായുള്ള ആദ്യ ടെസ്‌റ്റിൽ ബ്രോഡിനെ ഉൾപ്പെടുത്താത്തത്‌ ചർച്ചയായിരുന്നു. ബ്രോഡ്‌ നീരസം പ്രകടിപ്പിക്കുകയും ചെയ്‌തു. ടെസ്‌റ്റിൽ പതിനെട്ടാം അഞ്ച്‌ വിക്കറ്റ്‌ നേട്ടമാണ്‌ ഈ പേസറുടേത്‌. ഒന്നാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനായി അരസെഞ്ചുറിയും നേടിയിരുന്നു ഈ ഇടംകൈയൻ പേസർ.രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട്‌ പത്തോവറിൽ വിക്കറ്റ്‌ പോകാതെ 73 റണ്ണെടുത്തു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top