22 October Tuesday

അടിതെറ്റി ഇംഗ്ലണ്ട്‌; 64 റൺ ജയത്തോടെ ഓസീസ്‌ സെമിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 26, 2019

ലോർഡ‌്സ‌്> ഇംഗ്ലണ്ടിന്റെ ലോകകപ്പ‌് മോഹങ്ങൾക്ക‌ുമേൽ കരിനിഴൽ. നിർണായക മത്സരത്തിൽ ഓസ‌്ട്രേലിയയോട‌് 64 റണ്ണിന‌് തോറ്റതോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷകൾക്ക‌് തിരിച്ചടിയേറ്റു. ജയത്തോടെ ഓസീസ‌് സെമി ഉറപ്പിച്ചു. രണ്ട‌് കളി ശേഷിക്കെ 12 പോയിന്റായി ഓസീസിന‌്. ഇംഗ്ലണ്ട‌് എട്ട‌് പോയിന്റുമായി നാലാമത‌് തുടർന്നു. ശേഷിക്കുന്ന രണ്ട‌് മത്സരങ്ങൾ നിർണായകം.

ആരോൺ ഫിഞ്ചിന്റെ (115 പന്തിൽ 100) സെഞ്ചുറി മികവിൽ ഏഴിന‌് 285 റണ്ണാണ‌് ഓസ‌ീസ‌് നേടിയത‌്. ഇംഗ്ലണ്ട‌് 44.4 ഓവറിൽ 221ന‌് പുറത്തായി. 115 പന്തിൽ 89 റണ്ണെടുത്ത ബെൻ സ‌്റ്റോക‌്സ‌് മാത്രമാണ‌് ഇംഗ്ലണ്ട‌് നിരയിൽ പിടിച്ചുനിന്നത‌്. അഞ്ച‌്  വിക്കറ്റെടുത്ത ജാസൺ ബെഹ‌്റെൻഡോർഫും നാല‌് വിക്കറ്റ‌് വീഴ‌്ത്തിയ മിച്ചെൽ സ‌്റ്റാർകുമാണ‌് ഇംഗ്ലീഷ‌് ബാറ്റിങ‌്നിരയെ തകർത്തത്‌. ഇംഗ്ലണ്ടിന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത‌്. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയോടും തോറ്റിരുന്നു. 30ന‌് ഇന്ത്യയോടും ജൂലൈ മൂന്നിന‌് ന്യൂസിലൻഡിനോടുമാണ‌് അടുത്ത മത്സരങ്ങൾ.

ടോസ്‌ നേടിയ ഇംഗ്ലണ്ട്‌ ഓസീസിനെ ബാറ്റിങ്ങിന്‌ അയക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നു ഓസീസിന‌്. ഓപ്പണർമാരായ ഡേവിഡ‌് വാർണറും ഫിഞ്ചും ഒരിക്കൽക്കൂടി ആത്മവിശ്വാസത്തോടെ തുടങ്ങി. ഈ ലോകകപ്പിൽ മൂന്നാമത്തെ സെഞ്ചുറി കൂട്ടുകെട്ടാണ‌് ഇരുവരും കുറിച്ചത‌്. പതിനെട്ടാമത്തെ ഓവറിൽ ഫിഞ്ച‌് അരസെഞ്ചുറി പൂർത്തിയാക്കി. പിന്നാലെ വാർണറും. മൊയീൻ അലിയെ ബൗണ്ടറി പായിക്കാനുള്ള ശ്രമത്തിൽ വാർണർ മടങ്ങി. ഓസീസ‌് 1–-123. കൂറ്റൻ സ‌്കോറിലേക്ക‌് കുതിക്കുകയായിരുന്ന ഓസീസിനെ അവസാന ഓവറുകളിൽ ഇംഗ്ലണ്ട‌് പിടിച്ചുകെട്ടുകയായിരുന്നു.

30 ഓവർ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ‌് നഷ്ടത്തിൽ 160 റണ്ണെന്ന നിലയിലായിരുന്നു ഓസീസ‌്. 36–-ാമത്തെ ഓവറിലാണ‌് ഫിഞ്ചിന്റെ സെഞ്ചുറി. ജോഫ്ര ആർച്ചെർ എറിഞ്ഞ തൊട്ടടുത്ത പന്തിൽ കൂറ്റൻ ഷോട്ടിന‌് ശ്രമിച്ച‌് ഫിഞ്ച‌് പുറത്തായി. 2–-185 എന്ന നിലയിലായി ഓസീസ‌്. ഉസ്‌മാൻ ഖവാജ (29 പന്തിൽ 23) ബെൻ സ‌്റ്റോ‌ക‌്സിന്റെ പന്തിൽ കുറ്റിതെറിച്ച‌് മടങ്ങിയതോടെ ഓസീസിന്റെ നിയന്ത്രണം നഷ്ടമായി. ആദ്യ 23 ഓവറിൽ ഒരു വിക്കറ്റും നഷ്ടമാകാത്ത ഓസീസിന‌് തുടർന്നുള്ള 25 ഓവറിൽ ഏഴെണ്ണം നഷ്ടമായി.

അവസാന ഓവറുകളിൽ അലെക‌്സ‌് കാരിയാണ്‌ (27 പന്തിൽ 38*) ഓസീസിനെ പൊരുതാവുന്ന സ‌്കോറിലെത്തിച്ചത‌്‌.


പ്രധാന വാർത്തകൾ
 Top