12 July Sunday
മൂന്നുതവണ ഒളിമ്പിക്‌സ്‌ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗം

ഹോക്കി ഇതിഹാസം ബൽബീർ സിങ്ങിന്‌ വിട

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020


മൊഹാലി
മൂന്നുതവണ ഒളിമ്പിക്‌സ്‌ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ ഇതിഹാസ താരം ബൽബീർ സിങ് സീനിയർ അന്തരിച്ചു. 95 വയസ്സായിരുന്നു. കടുത്ത പനിയെത്തുടർന്ന്‌ രണ്ടാഴ്‌ചയായി ആശുപത്രിയിലായിരുന്നു. അതിനിടെ ഹൃദയാഘാതവും തലച്ചോറിൽ രക്തസ്രാവവുമുണ്ടായി.  ന്യൂമോണിയ പിടിപെട്ടതോടെ ആരോഗ്യനില മോശമായി. ഇന്നലെ രാവിലെ ആറരയോടെയായിരുന്നു അന്ത്യം.

എക്കാലത്തേയും മികച്ച സെന്റർ ഫോർവേഡ്‌ ആയിട്ടാണ്‌ ബൽബീർ അറിയപ്പെടുന്നത്‌. 1948 (ലണ്ടൻ), 1952 (ഹെൽസിങ്കി), 1956 (മെൽബൺ) ഒളിമ്പിക്‌സുകളിൽ ഇന്ത്യ സ്വർണം നേടുന്നതിൽ നിർണായക പങ്കുവഹിച്ചു. 1952ലെ ഒളിമ്പിക്‌സ്‌ ഫൈനലിൽ നെതർലൻഡ്‌സിനെതിരെ നേടിയ അഞ്ചു ഗോൾ മായാത്ത റെക്കോഡാണ്‌. 1956ൽ ക്യാപ്‌റ്റനായിരുന്നു. 1957ൽ പത്മശ്രീ നൽകി ആദരിച്ചു.

1971 ലോകകപ്പിൽ വെങ്കലം നേടിയ ഇന്ത്യൻ ടീമി ന്റെ പരിശീലകനായിരുന്നു. 1975ൽ ഇന്ത്യ ആദ്യമായി ലോകകപ്പ്‌ നേടിയപ്പോൾ മാനേജർ  സ്ഥാനത്തുണ്ടായിരുന്നു. 2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ ലോകത്തെ 16 ഇതിഹാസങ്ങളെ ആദരിച്ചപ്പോൾ അതിൽ ഉൾപ്പെട്ടു. അദ്ദേഹത്തിന്‌ ഹോക്കിയോടുള്ള അടങ്ങാത്ത പ്രണയം പറയുന്നതാണ്‌ ആത്മകഥ ‘ഗോൾഡൻ ഹാട്രിക്‌–-എന്റെ ഹോക്കി ദിനങ്ങൾ’.


പ്രധാന വാർത്തകൾ
 Top