22 September Sunday

ഒരുക്കം പോരാ...

വെബ് ഡെസ്‌ക്‌Updated: Sunday May 26, 2019

ഇന്ത്യൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലി പുറത്തായപ്പോൾ ന്യൂസിലൻഡ്‌ കളിക്കാരുടെ ആഹ്ലാദം

ഓവൽ
കിരീടപ്രതീക്ഷയുമായി ഇംഗ്ലണ്ടിലെത്തിയ ഇന്ത്യയുടെ തുടക്കം പാളി. ലോകകപ്പ‌് സന്നാഹമത്സരത്തിൽ ന്യൂസിലൻഡിനോട‌് ഇന്ത്യൻ ബാറ്റിങ‌്നിര തകർന്നടിഞ്ഞു. ന്യൂസിലൻഡ‌് ആറ‌് വിക്കറ്റിന്റെ ആധികാരിക ജയം നേടി. ആദ്യം ബാറ്റ‌്ചെയ‌്ത ഇന്ത്യ 39.2 ഓവറിൽ പുറത്തായി. ന്യൂസിലൻഡിന‌് വേണ്ടിവന്നത‌് 37.1ഓവർ മാത്രം. നാല്‌ വിക്കറ്റ‌് മാത്രം നഷ്ടപ്പെടുത്തി അവർ ലക്ഷ്യംകണ്ടു. 28ന‌് നടക്കുന്ന അടുത്ത സന്നാഹമത്സരത്തിൽ ബംഗ്ലാദേശാണ‌് ഇന്ത്യയുടെ എതിരാളികൾ.

ഐപിഎലിന്റെ ആലസ്യം വിടാതെ ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ബാറ്റ‌്സ‌്മാൻമാർ കിവി ബൗളർമാരുടെ സ്വിങ‌് ബൗളിങ്ങിന‌ുമുന്നിൽ വിളറിനിന്നു. നാല‌് വിക്കറ്റെടുത്ത പേസർ ട്രെന്റ‌് ബോൾട്ടാണ‌് ഇന്ത്യയെ തകർത്തത‌്. മുൻനിര നിലംപരിശായപ്പോൾ 50 പന്തിൽ 54 റണ്ണെടുത്ത രവീന്ദ്ര ജഡേജ കരകയറ്റി.

ബോൾട്ടിന്റെ ഇൻ സ്വിങ്ങറുകൾക്ക‌ുമുന്നിൽ മറുപടിയുണ്ടായില്ല ഇന്ത്യക്ക‌്. ഓപ്പണർമാരായ രോഹിത‌് ശർമയെയും (6 പന്തിൽ 2) ശിഖർ ധവാനെയും (7 പന്തിൽ 2) ബോൾട്ട‌് മിന്നുന്ന പന്തുകളിൽ മടക്കി. ക്യാപ‌്റ്റൻ വിരാട‌് കോഹ‌്‌ലി നല്ലരീതിയിൽ തുടങ്ങി. എന്നാൽ, കോളിൻ ഡി ഗ്രാൻഡ‌്ഹോമിന്റെ പന്തിൽ കോഹ‌്‌ലിയുടെ ഏകാഗ്രത നഷ്ടപ്പെട്ടു. കുറ്റിതെറിച്ച‌് കോഹ‌്‌ലി (24 പന്തിൽ 18) പുറത്ത‌്. മഹേന്ദ്ര സിങ‌് ധോണിയും (42 പന്തിൽ 17) നിരാശപ്പെടുത്തി.

മറുപടിക്കെത്തിയ ന്യൂസിലൻഡിനെ ജസ‌്പ്രീത‌് ബുമ്ര വിരട്ടിയെങ്കിലും റോസ‌് ടെയ‌്‌ലറും ക്യാപ‌്റ്റൻ കെയ‌്ൻ വില്യംസണും ചേർന്ന‌് അവരെ ജയത്തിലെത്തിച്ചു. ടെയ‌്‌ലർ 75 പന്തിൽ 71 റണ്ണെടുത്തു. വില്യംസൺ 87 പന്തിൽ 67ഉം. ഇന്ത്യക്ക‌ുവേണ്ടി ബുമ്ര നാലോവറിൽ രണ്ട‌് റൺ മാത്രം വഴങ്ങി ഒരു വിക്കറ്റ‌് വീഴ‌്ത്തി. ജഡേജയും ഹാർദിക്‌ പാണ്ഡ്യയും യുശ്‌‌വേന്ദ്ര ചഹാലും ഓരോ വിക്കറ്റ്‌ നേടി.

 


പ്രധാന വാർത്തകൾ
 Top