20 April Saturday

ഗെയ‌്ൽ 47 പന്തിൽ 79 ; പഞ്ചാബ‌് 4–-184

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019


ജയ‌്പുർ
ക്രിസ‌് ഗെയ‌്‌ൽ നിറഞ്ഞാടിയപ്പോൾ ഐപിഎലിൽ കിങ‌്സ‌് ഇലവൻ പഞ്ചാബ‌്‌്‌, രാജസ്ഥാൻ റോയൽസിനെതിരെ 185 റൺ വിജയലക്ഷ്യം കുറിച്ചു. പഞ്ചാബ‌് നാല‌് വിക്കറ്റ് നഷ്ടത്തിൽ 184 റണ്ണെടുത്തു. തുടക്കത്തിൽ തകർന്ന പഞ്ചാബിനെ ഗെയ‌്ൽ ഒറ്റയ‌്ക്ക‌് കരകയറ്റി. 47 പന്തിൽ 79 റണ്ണാണ‌് ഈ ഇടംകൈയൻ അടിച്ചുകൂട്ടിയത‌്. നാല‌് സിക‌്സറും എട്ട‌് ബൗണ്ടറികളും ഗെയ‌്‌ലിന്റെ ഇന്നിങ‌്സിൽ ഉൾപ്പെട്ടു.

ടോസ‌് നേടിയ രാജസ്ഥാൻ ക്യാപ‌്റ്റൻ അജിൻക്യ രഹാനെ പഞ്ചാബിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഗെയ‌്‌ലിനൊപ്പം ലോകേഷ‌് രാഹുൽ പഞ്ചാബിന്റെ ഇന്നിങ‌്സ‌് ഓപ്പൺ ചെയ‌്തു. നാല‌് പന്തിന്റെ ആയുസ്സേ രാഹുലിന‌് (4) ഉണ്ടായിരുന്നുള്ളൂ. ധവാൽ കുൽക്കർണി രാഹുലിനെ പുറത്താക്കി.
തുടർന്നെത്തിയ മായങ്ക‌് അഗർവാളിന‌് വേഗത്തിൽ റണ്ണടിക്കാനായില്ല. കൃഷ‌്ണപ്പ ഗൗതത്തെ സിക‌്സറടിക്കാനുള്ള ശ്രമത്തിൽ മായങ്ക‌് (24 പന്തിൽ 22) കുൽക്കർണിയുടെ കൈയിലൊതുങ്ങി.

അതുവരെ ഒതുങ്ങിനിന്ന ഗെയ‌്ൽ ശേഷം ഉഗ്രഭാവം പൂണ്ടു. ജയ‌്ദേവ‌് ഉനദ‌്ഘട്ടിനെ ഒരോവറിൽ 18 റണ്ണിന‌് ശിക്ഷിച്ച‌് ഗെയ‌്ൽ തുടങ്ങി. ഇതിനിടെ, ഐപിഎലിൽ ഏറ്റവും വേഗത്തിൽ 4000 റൺ തികയ‌്ക്കുന്ന കളിക്കാരനെന്ന റെക്കോഡും ഈ വെസ‌്റ്റിൻഡീസുകാരൻ സ്വന്തമാക്കി. യുവതാരം സർഫ്രാസ‌് ഖാൻ ഗെയ‌്‌ലിന‌് പിന്തുണ നൽകി.
സെഞ്ചുറിയിലേക്ക‌് കുതിക്കുകയായിരുന്ന ഗെയ‌്‌ലിനെ ബെൻ സ‌്റ്റോക‌്സാണ‌് പുറത്താക്കിയത‌്. സിക‌്സർ പായിക്കാനുള്ള ശ്രമം രാഹുൽ ത്രിപാഠിയുടെ മിന്നുന്ന ക്യാച്ചിൽ അവസാനിച്ചു.

ഗെയ‌്ൽ പുറത്തായശേഷം സർഫ്രാസ‌് ഖാൻ പഞ്ചാബിനെ മുന്നോട്ടുനയിച്ചു. 29 പന്തിൽ 46 റണ്ണാണ‌് സർഫ്രാസ‌് നേടിയത‌്. ഒരു സിക‌്സറും ആറ‌് ബൗണ്ടറികളും ഈ വലംകൈയന്റെ ഇന്നിങ‌്സിൽ ഉൾപ്പെട്ടു.രാജസ്ഥാനു വേണ്ടി ബെൻ സ‌്റ്റോക‌്സ‌് രണ്ട‌് വിക്കറ്റെടുത്തു. വിലക്കു കഴിഞ്ഞെത്തിയ ഓസ‌്ട്രേലിയൻ താരം സ‌്റ്റീവ‌് സ‌്മിത്ത‌് രാജസ്ഥാൻ നിരയിൽ കളിക്കാനിറങ്ങി.

ഇന്ന‌് ചെന്നൈ സൂപ്പർ കിങ‌്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ ഏറ്റുമുട്ടും. ഇരു ടീമുകളും ആദ്യ കളി ജയിച്ചിരുന്നു.  ഡൽഹി മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ ജയം നേടി. 37 റണ്ണിനായിരുന്നു ജയം. 27 പന്തിൽ 78 റൺ നേടിയ ഋഷഭ‌് പന്താണ‌് ഡൽഹിയുടെ കുന്തമുന. മികച്ച ബൗളിങ്‌ നിരയാണ്‌ ചെന്നൈയുടേത്‌.


പ്രധാന വാർത്തകൾ
 Top