31 March Tuesday

സിദാന്റെ റയലും ഗ്വാർഡിയോളയുടെ സിറ്റിയും മുഖാമുഖം ; ആരാകും കേമൻ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 26, 2020


മാഡ്രിഡ്‌
ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ ഇന്ന്‌ സൂപ്പർ പരിശീലകരുടെ പോരാട്ടം. സിനദിൻ സിദാന്റെ റയൽ മാഡ്രിഡും പെപ്‌ ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയും നേർക്കുനേർ. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ്‌ ആദ്യപാദം. യുവേഫയുടെ രണ്ടുവർഷ വിലക്കിനു പിന്നാലെ യൂറോപ്യൻ ഫുട്‌ബോളിലെ ആദ്യ കളിയാണ്‌ സിറ്റിക്ക്‌. രാജ്യാന്തര കായിക തർക്കപരിഹാര കോടതി കനിഞ്ഞില്ലെങ്കിൽ അടുത്ത രണ്ട്‌ സീസൺ സിറ്റി ചാമ്പ്യൻസ്‌ ലീഗിനുണ്ടാകില്ല. ഇതിനാൽ ഇത്തവണ കിരീടപോരാട്ടം അവർക്ക്‌ ആത്മാഭിമാനത്തിന്റേതു കൂടിയാണ്‌. ചാമ്പ്യൻസ് ലീഗിൽ നേട്ടങ്ങളൊന്നുമില്ല സിറ്റിക്ക്‌. സെമി കണ്ടത്‌ ഒരുവട്ടം, 2016ൽ. അന്ന്‌ തോറ്റതാകട്ടെ റയലിനോടും.

ലോകഫുട്‌ബോളിലെ നിലവിലെ മികച്ച പരിശീലകരെന്നു പേരുകേട്ടവരാണ്‌ സിദാനും ഗ്വാർഡിയോളയും. ഇവർ അണിയിച്ചൊരുക്കുന്ന ടീമുകൾ ഏറ്റുമുട്ടുമ്പോൾ കളി മുറുകും. 2016ൽ റയലിൽ എത്തിയ സിദാൻ സ്‌പാനിഷുകാർക്ക്‌ സമ്മാനിച്ചത്‌ പത്തോളം കിരീടങ്ങൾ. പരിശീലകനായിരിക്കേയുള്ള മൂന്ന്‌ ചാമ്പ്യൻസ്‌ ലീഗിലും തുടർച്ചയായി റയലിനെ ജേതാക്കളാക്കി. 2018ൽ താൽക്കാലികമായി റയൽ വിട്ടു. പോയ സീസണിൽ ഫ്രഞ്ചുകാരനില്ലാതെ കളത്തിലെത്തിയപ്പോൾ അയാക്‌സ്‌ ആംസ്റ്റർഡാമിനു മുമ്പിൽ ക്വാർട്ടറിൽ കാലിടറി. മോശം പ്രകടനങ്ങളാൽ കഴിഞ്ഞ സീസൺ അവസാനംതന്നെ റയൽ സിദാനെ തിരികെയെത്തിച്ചു. ഈ സീസണിൽ സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌ നേടി നാൽപ്പത്തേഴുകാരൻ വിശ്വാസം കാത്തുകഴിഞ്ഞു.

സ്‌പാനിഷ്‌ ലീഗിൽ ലെവന്റെയോട്‌ ഒരു ഗോളിന്‌ തോറ്റാണ്‌ റയലെത്തുന്നത്‌. അവസാന നാലു കളികളിൽ രണ്ടിൽ തോറ്റു. ബാഴ്‌സലോണയ്‌ക്കു പിറകിൽ രണ്ടാമതായി. മാർച്ച്‌ ഒന്നിന്‌ നടക്കുന്ന ക്ലാസികോയ്‌ക്ക്‌ ജയത്തോടെ ഒരുങ്ങാനാണ്‌ റയലിന്റെ ലക്ഷ്യം.

പരിക്കേറ്റ ഏദെൻ ഹസാർഡ്‌ റയൽ നിരയിലുണ്ടാകില്ല. ഫെഡറികോ വാൽവെർദെയും ടോണി ക്രൂസും അണിനിരക്കുന്ന മധ്യനിരയിലാണ്‌ റയലിന്റെ കരുത്ത്‌. മുന്നേറ്റത്തിൽ ക്ഷീ‌ണമാണ്‌. കരീം ബെൻസെമെയ്‌ക്കും ഗാരെത്‌ ബെയ്‌ലിനുമൊന്നും ഇടിച്ചുകയറാനാകുന്നില്ല. കൗമാരക്കാരായ വിനീഷ്യസ്‌ ജൂനിയറും റോഡ്രിഗോയും അവസരം കാത്തിരിപ്പുണ്ട്‌.
പരിശീലിപ്പിച്ച ടീമുകളെയെല്ലാം കിരീടവഴികളിൽ തെളിച്ച പരിശീലകനാണ്‌ ഗ്വാർഡിയോള. ചാമ്പ്യൻസ്‌ ലീഗ്‌ കിരീടമുയർത്തിയ ഏറ്റവും പ്രായംകുറഞ്ഞ കോച്ച്‌. ബാഴ്‌സലോണയ്‌ക്കൊപ്പം രണ്ടുവട്ടം യൂറോപ്യൻ കിരീടമുയർത്തിയ സ്‌പാനിഷുകാരന്‌ സിറ്റിയിൽ നേട്ടം ആവർത്തിക്കാനായില്ല. ചാമ്പ്യൻസ്‌ ലീഗ്‌ സ്വപ്നം കണ്ടാണ്‌ പൊന്നുംവിലയ്‌ക്ക്‌ ഗ്വാർഡിയോളയെ സിറ്റി കൂടാരത്തിൽ എത്തിച്ചത്‌.

ഗ്വാർഡിയോളയ്‌ക്കു കീഴിൽ മൂന്നുതവണ ചാമ്പ്യൻസ്‌ ലീഗിൽ ഇറങ്ങിയ സിറ്റിക്ക്‌ അവസാന നാലിൽ എത്താൻ കഴിഞ്ഞിട്ടില്ല. റയലിന്റെ തന്ത്രങ്ങൾക്കും കളിരീതികൾക്കും മറുമരുന്നുണ്ട്‌ ഗ്വാർഡിയോളയ്‌ക്ക്‌. ബാഴ്‌സയുടെ കളിക്കാരനായും പരിശീലകനായും റയലിനെ അറിഞ്ഞ ഈ നാൽപ്പത്തൊമ്പതുകാരനിലാണ്‌ സിറ്റിയുടെ പ്രതീക്ഷകൾ മുഴുവൻ. 
വിലക്കേർപ്പെടുത്തിയതിനു ശേഷമുള്ള പ്രീമിയർ ലീഗിലെ രണ്ടു കളിയിലും ജയം നേടിയാണ്‌ സിറ്റിയുടെ വരവ്‌. സീസണിൽ ലിവർപൂളിന്റെ കുതിപ്പിനു മുമ്പിൽ പകച്ച സിറ്റി ലീഗിൽ രണ്ടാമതാണ്‌. അവസാന രണ്ടു കളിയിലും പുറത്തിരുന്ന റഹീം സ്‌റ്റെർലിങ്ങിന്റെ കാര്യത്തിൽ ഉറപ്പില്ല. ചെറുപാസുകളിലൂടെ റയലിനെ തളയ്‌ക്കാമെന്ന കണക്കൂട്ടലിലാണ്‌ ഗ്വാർഡിയോളയും കൂട്ടരും. 
 


പ്രധാന വാർത്തകൾ
 Top