27 February Thursday

തോറ്റു, പിടിവിട്ടു ; കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ഇനി പ്ലേ ഓഫ്‌ മറക്കാം

വെബ് ഡെസ്‌ക്‌Updated: Sunday Jan 26, 2020

ഗോവയുടെ ബോമസിന്റെ മുന്നേറ്റം തടയാൻ ബ്ലാസ്‌റ്റേഴ്‌സിന്റെ നിങ്ങിന്റെയും സിഡോഞ്ചയുടെയും ശ്രമം

ഫത്തോർദ
കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ ഇനി പ്ലേ ഓഫ്‌ മറക്കാം. ഐഎസ്‌എലിൽ എഫ്‌സി ഗോവയോട്‌ 2‐3ന്‌ തോറ്റ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകൾ അവസാനിച്ചു. 14 കളിയിൽ 14 പോയിന്റ്‌ മാത്രമാണ്‌. നാല്‌ കളി ശേഷിക്കെ എട്ടാംസ്ഥാനം. 27 പോയിന്റുള്ള ഗോവ പ്ലേ ഓഫ്‌ ഉറപ്പാക്കി.

കനത്ത ആക്രമണക്കളി പുറത്തെടുത്ത ഗോവയ്‌ക്ക്‌ മുന്നിൽ തുടക്കത്തിൽ പരിഭ്രമിച്ചതാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ വിനയായത്‌. പ്രതിരോധത്തിൽ പിൻവാങ്ങി നിന്നെങ്കിലും ഗോവയുടെ തുടരാക്രമണത്തെ ഏറെനേരം ചെറുക്കാനായില്ല. ഒരുതവണ ക്യാപ്‌റ്റൻ ബർതലോമേവ്‌ ഒഗ്‌ബെച്ചെയാണ്‌ ഗോൾവരയ്‌ക്ക്‌ മുന്നിൽവച്ച്‌ ഗോവൻ ഗോൾശ്രമത്തെ തടഞ്ഞത്‌. റാഫേൽ മെസിയും പിന്നോക്കമിറങ്ങി. എങ്കിലും ഗോവ അർഹിച്ച ലീഡ്‌ നേടി. ഇടതുപാർശ്വത്തിൽ മന്ദാർ റാവു ദേശായി നടത്തിയ കുതിപ്പ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധത്തിൽ നാശംവിതച്ചു. മന്ദാറിന്റെ ക്രോസ്‌ ബോക്‌സിൽനിന്ന്‌ അടിച്ചൊഴിവാക്കാൻ ബ്ലാസ്‌റ്റേഴ്‌സ്‌ പ്രതിരോധക്കാരൻ വ്‌ളാട്‌കോ ഡ്രൊബറോവിന്‌ കഴിഞ്ഞില്ല. ഡ്രൊബറോവിന്റെ ദുർബല ചെറുത്തുനിൽപ്പിനെ മറികടന്ന്‌ ഹ്യൂഗോ ബൗമസ്‌ പന്ത്‌ കയറ്റി.

ആദ്യപകുതി അവസാനിക്കുംമുമ്പ്‌ ജാക്കി ചന്ദ്‌ സിങ്ങിലൂടെ ഗോവ ലീഡ്‌ ഉയർത്തി.പക്ഷേ, രണ്ടാംപകുതിയിൽ കളി മാറി. ബ്ലാസ്‌റ്റേഴ്‌സ്‌ തിരിച്ചുവന്നു. ആക്രമണക്കളി പുറത്തെടുത്തു. മെസി ബൗളിയാണ്‌ തണുത്തുറഞ്ഞ ബ്ലാസ്‌റ്റേഴ്‌സിനെ ചൂടാക്കിയത്‌. ഒഗ്‌ബെച്ചെയുമായുള്ള നീക്കത്തിനൊടുവിൽ മെസി ബൗളി തൊടുത്ത മനോഹര ഷോട്ട്‌ ഗോവൻ ഗോൾ കീപ്പർ മുഹമ്മദ്‌ നവാസിനെ നിഷ്‌പ്രഭനാക്കി. രണ്ടാമത്തെ ഗോൾ ഗോവയുടെ പ്രതിരോധപ്പിഴവിൽനിന്നായിരുന്നു.  സെർജിയോ സിഡോഞ്ചയുടെ കോർണറിൽ ഒഗ്‌ബെച്ചെ തലവച്ചു. ഗോൾ വരയിൽ ഗോൾ കീപ്പർക്കൊപ്പമുണ്ടായിരുന്ന മൂന്ന്‌ പ്രതിരോധക്കാർക്കും ഒഗ്‌ബെച്ചെയുടെ നീക്കം മനസ്സിലായില്ല. എന്നാൽ സമനിലയിൽ ആശ്വസിക്കാനായില്ല ബ്ലാസ്‌റ്റേഴ്‌സിന്‌. കളി തീരാൻ ഏഴ്‌ മിനിറ്റ്‌ ശേഷിക്കെ ബൗമസ്‌ രണ്ടാം ഗോളിലൂടെ ഗോവയ്‌ക്ക്‌ ജയമൊരുക്കി. ഫെബ്രുവരി ഒന്നിനാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചിയിൽ ചെന്നൈയിൻ എഫ്‌സിയുമായി.


പ്രധാന വാർത്തകൾ
 Top